തൃശൂര്‍- തൃശൂരില്‍ രണ്ടിടങ്ങളിലുണ്ടായ ട്രെയിന്‍ അപകടങ്ങളില്‍ ഇരിങ്ങാലക്കുടയിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചന്ദ്രന്‍ വാര്യര്‍ ഉള്‍പ്പെടെ മൂന്ന് മരണം. മരിച്ച രണ്ടു പേര്‍ ഇതര സംസ്ഥാന സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുതുക്കാട് കുറുമാലി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന വടക്കേ വാരിയത്ത് കെ.വി ചന്ദ്രന്‍ വാര്യര്‍ (82) മരിച്ചത്. അവിണിശ്ശേരി തൃത്താമശ്ശേരി വാരിയത്താണ് ഇപ്പോള്‍ താമസമെങ്കിലും മിക്കവാറും ദിവസങ്ങളില്‍ ചന്ദ്രന്‍ വാര്യര്‍ തന്റെ പ്രവര്‍ത്തന മേഖലയായ ഇരിങ്ങാലക്കുടയില്‍ എത്താറുണ്ട്.
സ്‌നേഹപൂര്‍വ്വം എല്ലാവരും 'ചന്ദ്രേട്ടന്‍' എന്നു വിളിച്ചിരുന്ന കെ.വി ചന്ദ്രന്‍ വാര്യര്‍ ഇന്നലെ രാവിലേയും കൂടല്‍മാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. മന്ത്രി ഡോ. ആര്‍ ബിന്ദു അടക്കം എല്ലാവരുമായും സംസാരിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോയതായിരുന്നു. റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. നാളെ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അത്താണി കെല്‍ട്രോണിന് സമീപമുണ്ടായ അപകടത്തിലാണ് ഇതര സംസ്ഥാനക്കാര്‍ മരിച്ചത്. ആളുകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല 50 വയസിന് മുകളില്‍ പ്രായം തോന്നിക്കും. ഒരാളുടെ തല വേര്‍പ്പെട്ട നിലയില്‍ ആണ്. രാത്രി എഴോടെയാണ് സംഭവം. മെഡിക്കല്‍ കോളജ് പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.