Sorry, you need to enable JavaScript to visit this website.

കർഷകരോട് വീണ്ടും ചതി

നെൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്കു ന്യായമായ വില സപ്ലൈക്കോ വഴി തന്നെ ലഭിക്കാനാണ് നടപടി ഉണ്ടാകേണ്ടത്. 

കർഷകർ നാടിന്റെ നട്ടെല്ല് ആണെന്ന് ആവർത്തിച്ച് പറയുമ്പോഴും കർഷകരെ നിർണായക ഘട്ടങ്ങളിൽ ചതിക്കുന്ന നിലപാട് സർക്കാർ ആവർത്തിക്കുകയാണ്. ഏറ്റവും ഒടുവിൽ വിളവെടുത്ത നെല്ല് സംഭരിക്കാൻ സംവിധാനമൊരുക്കാതെ കർഷകരെ വലയ്ക്കുകയാണ് സംസ്ഥാന സർക്കാർ. 
മലബാർ ജില്ലകളിൽ കൊയ്ത്ത് കഴിഞ്ഞിട്ട് ആഴ്ചകളായി. എന്നാൽ ഇതുവരെ സിവിൽ സപ്ലൈസ് വകുപ്പ് മുഖേനെ നെല്ല് സംഭരിക്കുന്നതിനുള്ള നടപടികൾ കൃഷി വകുപ്പ് ആരംഭിച്ചിട്ടില്ല. മില്ലുടമകളുമായി നടക്കുന്ന ചർച്ചകൾ പുരോഗമിക്കാത്തതാണ് കാരണം. ഇതോടെ സ്വകാര്യ മില്ലുകൾക്ക് കുറഞ്ഞ വിലക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരായി.
കർഷകരുടെ ജീവിതം വിളകളുടെ കാലക്രമത്തെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്. വൻ തുക ചെലവിട്ട് ഓരോ വിള കൃഷി ചെയ്യുമ്പോഴും കൊയ്ത്തിനുശേഷം മികച്ച വിലയ്ക്ക് നെല്ലു വിൽക്കാമെന്നും അധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നുമാണ് അവർ പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കൂടി സഹകരണത്തോടെ സംസ്ഥാന കൃഷി വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന നെല്ല് സംഭരിക്കുന്നത് കർഷകർക്ക് ഏറെ ആശ്വാസകരമാണ്. സ്വകാര്യ മില്ലുകൾ എടുക്കുന്നതിനേക്കാൾ കിലോക്ക് പത്തു രൂപ വരെ അധികം നൽകിയാണ് കർഷകരിൽ നിന്ന് സപ്ലൈകോ നെല്ല് സംഭരിച്ചു വരുന്നത്. കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വില ലഭിക്കുന്നതിനും കൃഷിക്ക് വേണ്ടി സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകമാണ്. എന്നാൽ ഇത്തവണ കർഷകർ ഒന്നാം വിള പൂർത്തിയാക്കിയപ്പോൾ നെല്ല് സംഭരിക്കാൻ സപ്ലൈകോ മുന്നോട്ടു വന്നില്ല. 
മില്ലുടമകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കൃഷി വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായിട്ടില്ല.
നെല്ലിന്റെ വില നിർണയത്തിന്റെ കാര്യത്തിൽ കർഷകർക്ക് കൃഷി വകുപ്പിന്റെ പിന്തുണ ആവശ്യമാണ്. മട്ട അരി ഉണ്ടാകുന്ന ചുവന്ന ഇനം നെല്ലുകൾക്ക് പൊതു വിപണിയിൽ 20 രൂപ വരെയാണ് കിലോക്ക് ലഭിച്ചിരുന്നത്. കർഷക സംഘടനകളുടെ ഇടപെടൽ മൂലം സപ്ലൈക്കോ വഴി കർഷകർക്ക് കിലോക്ക് 28 രൂപ ലഭിച്ചിരുന്നു. ഇത്തവണ സപ്ലൈക്കോ ഇതുവരെ നെല്ല് സംഭരണത്തിന് തയ്യാറായിട്ടില്ല. പൊതുവിപണിയിൽ വില കൂടുതൽ കിട്ടുന്നതിനാൽ ഇത്തവണ കർഷകർ കിലോക്ക് 27 രൂപ നിരക്കിൽ നെല്ല് വിൽക്കുന്നുണ്ട്. എന്നാൽ വെള്ള ഇനം നെല്ലിന് കിലോക്ക് 20 രൂപയാണ് ഇപ്പോഴും കർഷകർക്ക് ലഭിക്കുന്നത്.
കൃഷി വകുപ്പിന്റെ പിന്തുണ ഇല്ലെങ്കിൽ കർഷകർ നഷ്ടം സഹിക്കേണ്ടിവരും. മലബാർ മേഖലയിൽ നെല്ലിന്റെ വിളവ് ഓരോ വർഷവും കുറഞ്ഞു വരികയാണ്. മുൻകാലങ്ങളിൽ ഹെക്ടറിൽ നിന്ന് എട്ട് ടൺ നെല്ല് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് നാലു ടണിൽ താഴെ ആയി കുറഞ്ഞിരിക്കുന്നു. സർക്കാർ നിശ്ചയിച്ച വിലയിൽ നെല്ല് നൽകുമ്പോഴും കൃഷി ചെലവുകൾ ഒത്തുപോകാത്ത അവസ്ഥയാണ് പല കർഷകർക്കുമുള്ളത്. രസവളം, കീടനാശിനി എന്നിവക്ക് വർഷം തോറും വില വർധിക്കുന്നത് കർഷകരെ വലക്കുന്നുണ്ട്. 
ട്രാക്ടർ വാടകയും, തൊഴിലാളികളുടെ കൂലിയും വർധിച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള കർഷക സഹായങ്ങൾ പലപ്പോഴും മുടങ്ങുകയും ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക സഹായ ഫണ്ടുകൾ യഥാർത്ഥ കർഷകരിലേക്ക് എത്തുന്നില്ലെന്ന പരാതിയുമുണ്ട്. 
കഴിഞ്ഞ വർഷം സംസ്ഥാന കൃഷി വകുപ്പ് മുഖേന കേരളത്തിൽ നടപ്പാക്കിയ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ കോടിക്കണക്കിനു രൂപ ചെലവിട്ടെങ്കിലും നെൽകർഷകർക്ക് സഹായമൊന്നും ലഭിച്ചില്ല. സർക്കാർ ഫണ്ടുകൾ കർഷകരിലേക്ക് നേരിട്ട് എത്താതെ പല വഴിക്ക് ചെലവായി പോവുകയാണ്.
നെൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്കു ന്യായമായ വില സപ്ലൈക്കോ വഴി തന്നെ ലഭിക്കാനാണ് നടപടി ഉണ്ടാകേണ്ടത്. മില്ലുടമകളുടെ സമരത്തിന്റെ പേരിൽ കർഷകരെ കയ്യൊഴിഞ്ഞു ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കൃഷി മന്ത്രിയും സംസ്ഥാന സർക്കാരും ശ്രമിക്കരുത്. കർഷകർ കൃഷി ഭൂമിയിൽ ജീവിതം കഴിച്ചു കൂട്ടുന്നത് മോഹിപ്പിക്കുന്ന ലാഭം കണ്ടുകൊണ്ടൊന്നുമല്ല. അവർക്ക് മറ്റു തൊഴിലുകൾ അറിയാത്തതു കൊണ്ടും കാർഷിക സംസ്‌കാരം നശിച്ചു പോകാതിരിക്കാനുമാണ്. ഈ യാഥാർഥ്യം ആദ്യം തിരിച്ചറിയേണ്ടത് ഭരണാധികാരികളാണ്.

Latest News