കൊറിയന്‍ ഉച്ചകോടിയെ വാഴ്ത്തി മാധ്യമങ്ങള്‍; ഉപരോധ സമ്മര്‍ദം തുടരുമെന്ന് ട്രംപ്

സോള്‍- കൊറിയകള്‍ നടത്തിയ ഉച്ചകോടി ഉപദ്വീപിനെ സംബന്ധിച്ചിടത്തോളം  വഴിത്തിരിവാണെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. ഇതര മാധ്യമങ്ങളും ഉത്തര-ദക്ഷിണ കൊറിയകള്‍ നടത്തിയ ചരിത്രപ്രധാന ഉച്ചകോടിയെ പുകഴ്ത്തി. അതിനിടെ, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള നേരിട്ടുള്ള ഉച്ചകോടി നടക്കുന്നതുവരെ ഉപരോധ സമ്മര്‍ദം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 
പതിറ്റാണ്ട് ഇടവേളക്കുശേഷം കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയും വെള്ളിയാഴ്ച നടത്തിയ ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനം ഉത്തരകൊറിയയുടെ കെ.എസ്.എന്‍.എ പ്രസിദ്ധീകരിച്ചു. കൊറിയന്‍ ഉപദ്വപീനെ പൂര്‍ണമായും ആണവമുക്തമാക്കുന്നതിനും ആണവ മുക്ത ഉപദ്വീപ് എന്ന പൊതുലക്ഷ്യം നേടുന്നതിനും ശ്രമിക്കുമെന്നാണ് കിമ്മും മൂണും പ്രതിജ്ഞയെടുത്തത്. 
ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് ഉച്ചകോടി വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ വാര്‍ത്തകളില്‍ നിരായുധീകരണത്തിന്റെ പ്രാധാന്യം കുറക്കാന്‍ ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചത് നിരീക്ഷകര്‍ എടുത്തു പറയുന്നു. കരാറിലെ മുഖ്യമായ ഈ വശത്തേക്ക് പോകാതെ, കൊറിയന്‍ സമാധാനം, ക്ഷേമം, ഐക്യം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് വാര്‍ത്തകളിലും വിശകലനങ്ങളിലും പ്രാധാന്യം നല്‍കിയത്. 
കരാര്‍ പാലിക്കുന്നതില്‍ ഉത്തര കൊറിയ ഇതിനുമുമ്പ് കാണിച്ച വീഴ്ചകള്‍ മുന്‍നിര്‍ത്തി നിരീക്ഷകര്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പൊതുവെ ലോക നേതാക്കള്‍ ഉച്ചകോടിയെ ക്രിയാത്മക ചുവടുവെപ്പായി തന്നെയാണ് കാണുന്നത്. കാലം തെളിയിക്കുമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയ നാടകം കളിക്കുകയാണെന്ന് ആക്ഷേപിച്ചിട്ടില്ല. 
കരാര്‍ ഉണ്ടാക്കുന്നതിന് ഉത്തര കൊറിയ ഇതിനുമുമ്പ് ഇത്രയും ആവേശം കാണിച്ചിരുന്നില്ലെന്നും കഴിഞ്ഞ ഭരണകൂടങ്ങള്‍ കാണിച്ചതുപോലുള്ള അബദ്ധങ്ങള്‍ക്ക് ഇടവരുത്തില്ലെന്നും ഉത്തരകൊറിയക്കുമേല്‍ സമ്മര്‍ദം തുടരുമെന്നും ട്രംപ് പറഞ്ഞു. 
കാര്യങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതിയും വേദിയും ഉടന്‍ നിശ്ചയിക്കുമെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയുമായി ദീര്‍ഘനേരം ടെലിഫോണ്‍ സംഭാഷണം നടത്തിയ ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ തുടരുന്ന ചര്‍ച്ചകളുടെ വിശദാശംങ്ങള്‍ ഇന്നലെ ട്രംപ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ ധരിപ്പിച്ചു.
 

Latest News