അനുവിന് ഐ.എ.എസ് തന്നെ വേണം; കണ്ണീരൊപ്പാനും ശാക്തീകരിക്കാനും 

ന്യൂദല്‍ഹി- പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം വിളികള്‍ക്കൊപ്പം തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഏറ്റവുമധികം ക്രൂരകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനത്ത് നിന്നാണ് അനുകുമാരി എന്ന അമ്മ വനിതാ സുരക്ഷ എന്ന ലക്ഷ്യവുമായി ഐ.എ.എസുകാരിയാകുന്നത്. 
സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അനുകുമാരി ഹരിയാന സ്വദേശിയാണ്. സ്വന്തം ഗ്രാമത്തിലേക്ക് ഒരു വര്‍ത്തമാനപത്രം പോലും എത്താത്ത പിന്നോക്കാവസ്ഥയില്‍നിന്നാണ് 31-ാം വയസില്‍ നാലു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയുമായ അനു കുമാരി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്നത്. രണ്ടാം ശ്രമത്തിലാണ് അനുവിന് വിജയ ലക്ഷ്യം കൈയെത്തി പിടിക്കാനായത്. 


ഒമ്പതു വര്‍ഷക്കാലം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതിന് ശേഷമാണ് നാലു വര്‍ഷം മുമ്പ് അതുപേക്ഷിച്ച് അനു ഐ.എ.എസ് എന്ന ലക്ഷ്യത്തിനായി ശ്രമിച്ചു തുടങ്ങിയത്. ബിസിനസുകാരനായ ഭര്‍ത്താവും ഒപ്പം നിന്നു. ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും നാഗ്പൂര്‍ ഐഎംടിയില്‍നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. 
നേരില്‍ കണ്ടും കേട്ടും അറിഞ്ഞ വനിതകളുടെ അരക്ഷിതാവസ്ഥകള്‍ മറികടക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയണം എന്ന തിരിച്ചറിവില്‍ നിന്നാണ് സിവില്‍ സര്‍വീസിലേക്ക് കടക്കാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ ഐ.എഫ്.എസ് വേണ്ടെന്നുവെച്ച് ഐ.എ.എസ് തന്നെ തെരഞ്ഞെടുക്കാനും കാരണം അതാണ്.
ജോലി രാജിവെച്ചായിരുന്നു സിവില്‍ സര്‍വീസ് പഠനം. 2016ല്‍ നടത്തിയ ശ്രമം വിജയം കണ്ടില്ല. പതറാതെ വീണ്ടും കഠിനമായി ശ്രമിച്ചാണ് ഇത്തവണ രണ്ടാം റാങ്ക് നേടിയത്. 2016 ല്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് പ്രിലിമിനറി എന്ന കടമ്പ കടക്കാനാകാതിരുന്നത്. 
സ്വന്തം സംസ്ഥാനമായ ഹരിയാനയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടാണു വളര്‍ന്നത്. ഇപ്പോള്‍ ഇങ്ങനെ ഒരു അവസരം ലഭിച്ചതോടെ സ്ത്രീകളുടെ ശാക്തീകരണത്തിനും മുന്നേറ്റത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അനുകുമാരി പറഞ്ഞു. പ്രത്യേകിച്ച് എവിടെയും പരിശീലനത്തിനു പോകാതെയാണ് അനുകുമാരി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിച്ചത്. വളരെ ശ്രദ്ധയോടെയുള്ള ചിട്ടയായ പഠന രീതിയാണ് തന്റെ വിജയരഹസ്യമെന്നും അനു പറഞ്ഞു. 
തന്റെ വിജയത്തിന്റെ എല്ലാ സന്തോഷങ്ങളും നാലുവയസുകാരന്‍ മകനാണ് അനു സമര്‍പ്പിക്കുന്നത്. അവനു കൂടി അവകാശപ്പെട്ട സമയം മാറ്റിവെച്ചാണ് പഠിച്ചിരുന്നത്. പത്തു മണിക്കൂറോളം സമയം ദിവസേന പഠനത്തിനായി മാറ്റി വെച്ചിരുന്നുവെന്ന് അനു പറയുന്നു. അനുവിന്റെ പ്രചോദനത്തില്‍ ഹരിയാനയിലെ പെണ്‍കുട്ടികള്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കട്ടെ എന്നാണ് സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിജയാശംസയില്‍ പറഞ്ഞത്.

Latest News