ഇടുക്കി-മൂന്നാര്‍ നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ വീണ്ടും കടുവ ആക്രമണം. ഞായറാഴ്ച രാത്രിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ മൂന്ന് പശുക്കിടാക്കളെ അടക്കം അഞ്ച് കന്നുകാലികളെ കൊന്നു.ശനിയാഴ്ച രാത്രി ആക്രമണം ഉണ്ടായതിനോട് ചേര്‍ന്നുള്ള നയമക്കാട് ഈസ്റ്റ് ഡിവിഷനിലാണ് ഞായറാഴ്ച കടുവയുടെ ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാത്രിയിലുമായി പത്ത് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടെണ്ണത്തിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
നയമക്കാട് ഈസ്റ്റ് ഡിവിഷന്‍ സ്വദേശികളായ അന്തോണി, വേല്‍മുരുകന്‍, വില്‍സണ്‍ എന്നിവരുടെ ഒരോ പശുവും പഴനിസ്വാമിയുടെ ഒരു പശുവും കിടാവുമാണ് കൊല്ലപ്പെട്ടത്. വേല്‍ മുരുകന്റെയും വില്‍സന്റെയും ഓരോ പശുക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.45ന് തൊഴിലാളി ലയത്തിന് സമീപമുള്ള തൊഴുത്തില്‍ നിന്ന് പശുക്കളുടെ അലര്‍ച്ചകേട്ട് വില്‍സന്റെ മാതാപിതാക്കളായ സോളമനും രാജപുഷ്പവും ഓടിയെത്തിയപ്പോള്‍ തൊഴുത്തില്‍ നിന്ന് കടുവ ചാടിപ്പോകുന്നത് കണ്ടു.സമീപ മേഖലയില്‍ ഉണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരും കടുവയെ കണ്ടു.
കൊല്ലപ്പെട്ട കന്നുകാലികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വന്യ ജീവിയാക്രമണത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളും തൊഴിലാളി സംഘടനകളും ഞായറാഴ്ച രാവിലെ മൂന്നാര്‍- ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാത ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു. ദേവികുളം സബ് കലക്ടര്‍ എത്തി ചര്‍ച്ച നടത്തി പ്രശ്നപരിഹാരം ഉറപ്പു നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ചത്ത കാലികളുടെ ഉടമകള്‍ക്ക് വനംവകുപ്പ് ഇന്നലെ ഭാഗീകമായി നഷ്ടപരിഹാരത്തുക എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. മൂന്നാര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പലയിടങ്ങളിലായി കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇരതേടാന്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടുവകള്‍ പശുക്കളെ കൊന്നതെന്നും വനംവകുപ്പിന് സംശയമുണ്ട്.