ദുബായ്- ഞായറാഴ്ച രാത്രി അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രനു ദുബായ് വിട നല്‍കി. വൈകിട്ട് 5.30നു ജബല്‍ അലി ഹിന്ദു ക്രിമീഷന്‍ സെന്ററില്‍ (ന്യൂ സോനാപ്പൂര്‍) ആണു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ദുബായ് സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്നു ഞായര്‍ രാത്രി 10.59 ന് ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.






