തിരുവനന്തപുരം- മടവൂരില്‍ പട്ടാപ്പകല്‍ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പ് (70), ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരന് കൊലപ്പെടുത്തിയത്.
പ്രഭാകരക്കുറുപ്പ് സംഭവ സ്ഥലത്തും വിമലാദേവി ആശുപത്രിയിലുമാണു മരിച്ചത്. ശശിധരന് നായരെ നാട്ടുകാരാണു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സെപ്റ്റംബര്‍ 30ന് രാവിലെ 11.30നാണു സംഭവം. നിലവിളി കേള്‍ക്കുകയും പുകയും തീയും കാണുകയും ചെയ്തതോടെയാണ് നാട്ടുകാരെത്തി വീടിന്റെ വാതില്‍ തള്ളി തുറന്നത്. അപ്പോഴേക്കും പ്രഭാകരക്കുറുപ്പ് മരിച്ചു. പൊള്ളലേറ്റ നിലയിലാണ് ശശിധരന് വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്.
27 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശിധരന്റെ മകനെ ഗള്‍ഫിലേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ നിരാശനായ മകന് ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണത്തിലെ മനോവിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരന് കടുത്ത ശത്രുതയിലായി. ശശിധരന്റെ മകന് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെ പ്രഭാകരക്കുറുപ്പിനെ പോലീസ് വെറുതെ വിട്ടിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു കൊലപാതകം.






