Sorry, you need to enable JavaScript to visit this website.

ഗാന്ധിജയന്തി ദിനത്തിൽ ആഘോഷവും ഗാന്ധി സ്മൃതിയുമായി മക്ക ഒ.ഐ.സി.സി

മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മക്ക മോഡൽ സ്‌കൂളിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷത്തിൽനിന്ന്.

മക്ക- ഗാന്ധിജയന്തി ദിനത്തിൽ മക്ക ഒ.ഐ.സി.സി ഗാന്ധി സ്മൃതിയും ആഘോഷവും സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തിമൂന്നാമത് ജന്മദിനമാണ് മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്ക മോഡൽ സ്‌കൂളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായി ആഘോഷിച്ചത്.
വിദ്യാർഥികൾക്ക് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ മഹത്വത്തെ കുറിച്ചും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ കുറിച്ചും അറിവു പകർന്ന് നൽകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് 'ഗാന്ധിസ്മൃതി' ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി മക്ക പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അഭിപ്രായപ്പെട്ടു. കുട്ടികൾക്കായി ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വൈസ് പ്രസിഡന്റ് സാക്കിർ കൊടുവള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ആഘോഷം സെക്രട്ടറി ഷാജി ചുനക്കര സ്വാഗതം ആശംസിക്കുകയും മക്ക മോഡൽ സ്‌കൂളിന് വേണ്ടി ഷെമീന ടീച്ചർ ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.
അതിനോടൊപ്പം നടന്ന ഗാന്ധിജിയുടെ ചിത്രം വരയ്ക്കുന്ന മത്സരത്തിന് മൈമൂന ടീച്ചർ, സുമയ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ജൂനിയർ, സബ് ജൂനിയർ, സീനിയർ  എന്ന ക്രമത്തിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. സലീം കണ്ണനാംകുഴി, നൗഷാദ് പെരുന്തല്ലൂർ എന്നിവർ പരിപാടി കോഡിനേറ്റ് ചെയ്തു. ഡോക്യുമെന്ററി പ്രദർശനം ജെസിൻ കരുനാഗപ്പള്ളി, ജിബിൻ സമദ് കൊച്ചി എന്നിവർ നിയന്ത്രിച്ചു. മോഡൽ സ്‌കൂൾ വിദ്യാർഥിനി ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈറ മറിയം ദേശീയ ഗാനത്തിനുള്ള ടീമിനെ നയിച്ചു. ഹബീബ് കോഴിക്കോട്, ബഷീർ മാനിപുരം എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ചിത്രരചന മത്സര വിജയികളെ നൗഷാദ് തൊടുപുഴ പ്രഖ്യാപിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. റഫീക്ക് വരന്തരപ്പിള്ളി ചടങ്ങിൽ നന്ദി പറഞ്ഞു.

Tags

Latest News