Sorry, you need to enable JavaScript to visit this website.

വിയോജിപ്പുകളെ അടിച്ചമർത്തുന്നത്  ജനാധിപത്യത്തിന്റെ അവസാനം -പ്രവാസി വെൽഫെയർ

പ്രവാസി വെൽഫെയർ ഫൈസലിയ മേഖലാ കുടുംബ സംഗമത്തിൽ ലോഗോ പ്രകാശനം ചെയ്ത് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുഹ്റ ബഷീർ സംസാരിക്കുന്നു.

ജിദ്ദ- മറു ശബ്ദങ്ങളേയും വിയോജിപ്പുകളെയും അടിച്ചമർത്തുന്നത് ജനാധിപത്യത്തിന്റെ അവസാനമാണെന്നും അതാണ് ഇന്ന് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഉമർ ഫാറൂഖ് പറഞ്ഞു. പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം അനുദിനം ദുർബലമായിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം സമർഥമായി വിജയിച്ചു കൊണ്ടിരിക്കുകയാണ്. 
ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളേയും തത്വങ്ങളേയും അവകാശങ്ങളേയും പാർലമെന്റിനകത്ത് നിയമ നിർമാണങ്ങളിലൂടെ അട്ടിമറിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റുകൾ ഉന്മാദ ദേശീയതയുടെ പേരിൽ ആൾക്കൂട്ടത്തെ ഇളക്കിവിട്ട് അപര വിദ്വേഷവും വെറുപ്പും സൃഷ്ടിച്ച് കൊന്നു തള്ളുന്ന ഒരു സംസ്‌കാരമാണ് പാർലമെന്റിനു പുറത്ത് വളർത്തിയെടുത്തു കൊണ്ടിരിക്കുന്നത്. 
സാമൂഹിക നീതിയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം സൃഷ്ടിച്ചെടുക്കുന്നതിലൂടെ മാത്രമേ ഇന്ന് നേരിടുന്ന സങ്കീർണമായ സാഹചര്യങ്ങളിൽനിന്ന് രാഷ്ട്രത്തെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ. അത് സാധ്യമാകണമെങ്കിൽ അപരവൽക്കരിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത സമൂഹത്തെ ചേർത്തു പിടിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളേയും ഒന്നായി നയിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാവേണ്ടിയിരിക്കുന്നു -ഉമർ ഫാറൂഖ് പറഞ്ഞു. 
ഫൈസലിയ മേഖലാ പ്രസിഡന്റ് ദാവൂദ് രാമപുരം അധ്യക്ഷത വഹിച്ചു. വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുഹ്റ ബഷീർ പ്രവാസി വെൽഫെയർ ലോഗോയും തീം സോംഗും പ്രകാശനം ചെയ്തു. ഷരീഫ് എറണാകുളത്തിന് അംഗത്വം നൽകി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റിയംഗം സി.എച്ച് ബഷീർ ആശംസയർപ്പിച്ചു. മേഖലാ സെക്രട്ടറി അബ്ദുസ്സുബ്ഹാൻ സ്വാഗതവും ഇ.കെ നൗഷാദ് നന്ദിയും പറഞ്ഞു. 
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ നടന്നു. കസേര കളിയിൽ ഹിഷാം ടൊയോട്ട, സുഹ്റ ബഷീർ, ഷൂട്ടൗട്ടിൽ താഹ, വടംവലിയിൽ സമാക്കോ ഫൈസലിയ എന്നിവർ ജേതാക്കളായി. കുട്ടികൾക്കായുള്ള മത്സരങ്ങളിൽ കസേര കളിയിൽ അയാൻ വിജയിച്ചു. ബോൾ ത്രോ സീനിയർ വിഭാഗത്തിൽ ഖലീൽ, അഫ്ലു, സിദ്റ, ജൂനിയർ വിഭാഗത്തിൽ സീഷാൻ, സമീൽ, ഹാനി, അയാൻ എന്നിവരും ജേതാക്കളായി. 
തുടർന്ന് നടന്ന ഗാനമേളയിൽ റഫീഖ് അംഗടിമുകർ, സെൽജാസ്, മുംതാസ് അഷ്റഫ്, നൗഷാദ് ഇ.കെ, അബ്ഷിർ, അയാൻ കാസിം, സമീൽ അജ്മൽ, ഇസ്ര അജ്മൽ, സെഹ് വ കാസിം എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിജയികൾക്കും പരിപാടികൾ അവതരിപ്പിച്ചവർക്കുമുള്ള ഉപഹാരങ്ങൾ മുനീർ ഇബ്രാഹിം, എം.അഷ്റഫ്, അഷ്റഫ് പാപ്പിനിശ്ശേരി എന്നിവർ വിതരണം ചെയ്തു. അജ്മൽ അബ്ദുൽ ഗഫൂർ, അഹമ്മദ് കാസിം, മുനീർ ഇബ്രാഹിം, സാജിദ് ഈരാറ്റുപേട്ട, ഹാഫിസ് റഹ്മാൻ മഞ്ചേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Tags

Latest News