Sorry, you need to enable JavaScript to visit this website.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ആരോഗ്യ പ്രവർത്തകന് പിഴ

റിയാദ് - സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പ്രചരിപ്പിച്ച കേസിൽ പ്രശസ്തനായ ആരോഗ്യ പ്രവർത്തകന് ആരോഗ്യ നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റി ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. പതിവായി സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആരോഗ്യ പ്രവർത്തകൻ തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പ്രചരിപ്പിച്ച് ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിലെ ഏതാനും വകുപ്പുകൾ ലംഘിക്കുകയായിരുന്നു. 
നിയമ ലംഘനത്തിന്റെ ഗുരുതര സ്വഭാവവും ഇത് പൊതുജനാരോഗ്യത്തിലും രോഗികളുടെ സുരക്ഷയിലും ചെലുത്തുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് നിയമ ലംഘകന് പ്രത്യേക കമ്മിറ്റി ഒരു ലക്ഷം റിയാൽ പിഴ ചുമത്തിയത്. നിയമാവലി അനുശാസിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ ആരോഗ്യ പ്രവർത്തകർ തങ്ങൾക്കു വേണ്ടി സ്വന്തം നിലക്കും മറ്റുള്ളവർ മുഖേനയും പരസ്യം ചെയ്യുന്നത് ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിലെ പത്താം വകുപ്പ് വിലക്കുന്നു. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതല്ലാത്തതോ സൗദിയിൽ നിരോധിക്കപ്പെട്ടതോ ആയ നിലക്കുള്ള ചികിത്സാ, രോഗനിർണയ മാർഗങ്ങൾ ആരോഗ്യ പ്രവർത്തകർ അവലംബിക്കുന്നതിനും വിലക്കുണ്ട്. 
ആരോഗ്യ പ്രൊഫഷൻ ചാർട്ടറും ധാർമികതയും ആരോഗ്യ പ്രവർത്തകർ കാത്തുസൂക്ഷിക്കണമെന്നും കൃത്യമായ മെഡിക്കൽ അടിസ്ഥാനങ്ങളിലും മാനദണ്ഡങ്ങളിലും അധിഷ്ഠിതമല്ലാത്ത വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ആഴ്ചകൾക്കു മുമ്പ് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 
ഡ്യൂട്ടിക്കിടെ വീഡിയോ ക്ലിപ്പിംഗുകൾ പ്രചരിപ്പിക്കുന്നതും ശാസ്ത്രീയ വിവരങ്ങളുടെ പിൻബലമില്ലാത്ത പ്രസ്താവനകൾ നടത്തുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം പ്രവണതകൾക്കെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. 
ആരോഗ്യ പ്രവർത്തകർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രസ്താവനകളും വീഡിയോ ക്ലിപ്പിംഗുകളും നിരീക്ഷിച്ച് സമൂഹത്തിന്റെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാൻ പര്യാപ്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Tags

Latest News