Sorry, you need to enable JavaScript to visit this website.

തരൂരിന് ഹൈദരാബാദിൽ വൻ സ്വീകരണം, ആർത്തലച്ച് കോൺഗ്രസ് പ്രവർത്തകർ

ഹൈദരാബാദ്- കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എം.പിക്ക് ഹൈദരാബാദിൽ വൻ സ്വീകരണം. നാളയെ പറ്റി ആലോചിക്കുക, തരൂരിനെ ആലോചിക്കുക എന്ന ക്യാപ്ഷനിൽ തരൂർ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. വൻജനക്കൂട്ടമാണ് തരൂരിന് നൽകിയ സ്വീകരണത്തിൽ പങ്കെടുത്തത്. വോട്ട് അഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുകയാണ് തരൂർ. 
 കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്നത് ഖാർഗെയുമായുള്ള സൗഹൃദമത്സരമെന്നറിയുന്നതിൽ സന്തോഷമെന്നും. ഈ ജനാധിപത്യ പ്രക്രിയ പാർട്ടിക്കും പ്രവർത്തകർക്കും ഗുണകരമാകട്ടെ എന്നും ശശിതരൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പിന്തുണ ഖാർഗെയ്ക്കാണ്. ജി 23 നേതാക്കളിൽ പലരുടെയും പിന്തുണയും ഖാർഗെയ്ക്ക് ഉണ്ട്. എ കെ ആന്റണി അടക്കമുള്ള നേതാക്കൾ പിന്തുണച്ചതോടെ ഔദ്യോഗിക സ്ഥാനാർത്ഥി പരിവേഷം മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചു. എന്നാൽ നിഷ്പക്ഷ നിലപാട് എടുക്കുമെന്നാണ് ഗാന്ധി കുടുംബം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.     ഒക്ടോബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം എട്ടാണ്.എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 19 നാണ്.

 കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം മല്ലികാർജുൻ ഖാർഗെ രാജിവെച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടാണ് ഖാർഗെ രാജിക്കത്ത് കൈമാറിയത്. ഒരാൾക്ക് ഒരു പദവി എന്ന ഉദയ്പൂർ ചിന്തൻ ശിബിർ തീരുമാനം അനുസരിച്ചാണു രാജി. ഖാർഗെയുടെ രാജി വിവരം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ കൂടിയായ സോണിയാഗാന്ധി രാജ്യസഭ ചെയർമാനെ അറിയിക്കും. പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്ത് ഇക്കാര്യവും അറിയിക്കും. രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി ചിദംബരം, ദിഗ്വിജയ് സിങ് തുടങ്ങിയ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. കോൺഗ്രസ് പ്രസിഡന്റ് ദക്ഷിണേന്ത്യയിൽ നിന്നുള്ളയാൾ ആകുമെന്നതിനാൽ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം വടക്കേ ഇന്ത്യയിൽ നിന്നുള്ള നേതാവിന് നൽകണമെന്ന വാദവും ഉയർന്നിട്ടുണ്ട്. ഈ വാദം പരിഗണിച്ചാൽ, ദിഗ്വിജയ് സിംഗിനെ കൂടാതെ മഹാരാഷ്ട്രയിൽ നിന്നുള്ള മുകുൾ വാസ്നിക്ക്, പ്രമോദ് തിവാരി തുടങ്ങിയ നേതാക്കൾക്കും നറുക്ക് വീണേക്കും. ലോക്സഭ പ്രതിപക്ഷ നേതാവ് പശ്ചിമബംഗാളിൽ നിന്നുള്ള അധീർ രഞ്ജൻ ചൗധരിയാണ്. 
    

Tags

Latest News