മൈസൂരു-ഗാന്ധിജിയെ കൊന്ന പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടം തുടരുകയാണെന്നും എല്ലാവരും അണി ചേരണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. ഭാരത് ജോഡോ യാത്രയുമായി കര്‍ണാടകയിലുള്ള രാഹുല്‍ ഗാന്ധി ഇന്ന് മഹാത്മാഗാന്ധിയുടെ ജന്മദിനത്തില് 1927ല്‍ മഹാത്മാഗാന്ധി സന്ദര്‍ശിച്ച കര്‍ണാടകയിലെ ബദനവാലു ഖാദി ഗ്രാമോദ്യാഗ കേന്ദ്രം സന്ദര്‍ശിച്ചു.
പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടം തുടരുകയാണ്. ഗാന്ധിജി ബ്രിട്ടീഷ് രാജിനെതിരെ പോരാടിയതുപോലെ തന്നെയാണ് നമ്മുടെ പോരാട്ടം. ഈ പ്രത്യയശാസ്ത്രം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ അസമത്വവും വിഭജനവുമാണ് ഉണ്ടാക്കിയത്. നാം കഠിനാധ്വാനം ചെയ്തു നേടിയ ഓരോ സ്വാതന്ത്ര്യവും കവര്‍ന്നു കൊണ്ടിരിക്കയാണ്.
ഇന്ത്യയുടെ മഹാനായ പുത്രനെ ഞങ്ങള്‍ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അഹിംസ, ഐക്യം, സമത്വം, നീതി എന്നിവയുടെ പാതയിലൂടെയാണ് ഭാരത് ജോഡോ യാത്ര 25ാം ദിവസത്തില്‍ എത്തിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര അഹിംസയുടെയും സ്വരാജിന്റെയും സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.
നമ്മുടെ കര്‍ഷകരും യുവാക്കളും ചെറുകിട ഇടത്തരം വ്യവസായങ്ങളും ആഗ്രഹിക്കുന്നത് ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. ഭരണഘടനാപരമായ സ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള നമ്മുടെ സംസ്ഥാനങ്ങളുടെയും പഞ്ചായത്തിരാജ് പ്രാവര്‍ത്തികമാക്കാനുള്ള നമ്മുടെ ഗ്രാമങ്ങളുടെയും സ്വാതന്ത്ര്യമാണ് ലഭ്യമാകേണ്ടത്.
ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ ജനതയുടെ ശാന്തവും ദൃഢവുമായ ശബ്ദമാണ് ഈ യാത്ര. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഗാന്ധിജിയുടെ പൈതൃകം യോജിപ്പിക്കുന്നത് സൗകര്യപ്രദമായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.






