Sorry, you need to enable JavaScript to visit this website.

ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു 

ചെന്നൈ- തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹ ബന്ധം വേ!ര്‍പെടുത്തിയത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. വിവാഹ മോചനത്തിന് ശേഷവും മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പല പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയിലെ പേരുകളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ മക്കളുടെ കാര്യത്തില്‍ വീഴ്ച വരുത്താന്‍ ഇവര്‍ക്ക് താത്പര്യമില്ല. അവര്‍ക്ക് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ഐശ്വര്യും ധനുഷും പറഞ്ഞിരുന്നു.
അടുത്തിടെ മക്കളുടെ സ്‌കൂളിലെ പരിപാടിയ്ക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങളും വൈറലായിരുന്നു. അതിന് മുന്‍പ് ധനുഷ് ഐശ്വര്യയെയും മക്കളെയും കൂട്ടി അവധി ആഘോഷിക്കുന്ന ഫോട്ടോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ഇതെല്ലാം താരങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. വലിയ ശത്രുക്കളാവാന്‍ മാത്രം പ്രശ്‌നം ഇവര്‍ക്കിടയില്‍ ഇല്ലെന്നും ധനുഷിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വിവാഹമോചനത്തിനായി താരങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നുമാണ് സ്ഥീരികരിക്കാത്ത പുതിയ വിവരം. ദമ്പതിമാര്‍ മാത്രം തീരുമാനിച്ചാണ് വേര്‍പിരിയലെന്ന അവസ്ഥയിലേക്ക് എത്തിയത്. എന്നാല്‍ രജനികാന്ത് അടക്കം വീട്ടിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് ഇതിലൊരു പരിഹാരം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
വീട്ടിലെ മുതിര്‍ന്നവരുടെ വാക്കുകള്‍ അനുസരിച്ച് രണ്ടാളും അനുകൂലമായിട്ടുള്ള തീരുമാനം എടുക്കുകയായിരുന്നു. വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത താരങ്ങള്‍ തന്നെ വരുത്തുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. 2004 ലാണ് സൂപ്പര്‍താരം രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍ മക്കളാണ് ഇവര്‍ക്കുള്ളത്.
 

Latest News