ഇടുക്കി- നെടുങ്കണ്ടം അമ്പലപ്പാറയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരിമാര്‍ അക്രമികളെ പേടിച്ച് അടുപ്പിന് താഴെ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നത് മൂന്നു മണിക്കൂര്‍. മധ്യ പ്രദേശ് ജബല്‍പൂര്‍ സ്വദേശിനികളായ നേഹ, നീലു എന്നിവരാണ് ഉപദ്രവിക്കാന്‍ എത്തിയ നാലംഗ സംഘത്തെ കണ്ട് ഭയന്ന് അടുപ്പിന് കീഴെ ഒളിച്ചിരുന്നത്.
പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധരായ നാലംഗ സംഘം പ്രദേശത്ത് ഭീതി വിതച്ചത്. നേഹയും നീലുവും പറയുന്നതിങ്ങനെ: ഒപ്പമുണ്ടായിരുന്ന അമ്മ ജ്യോതി, സഹോദരി അങ്കിത് എന്നിവര്‍ പിതാവ് നന്ദു സോണ്വാനിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരാഴ്ച മുമ്പ് ജബല്‍പൂരിലേക്ക് പോയി. അമ്പലപ്പാറ ജയാഭവനില്‍ രതീഷിന്റെ പുരയിടത്തിലെ ജോലി ചെയ്ത് വരികയാണ് നാല് പേരും.
സഹോദരനും അമ്മയും മടങ്ങിയെന്നും നേഹയും നീലുവും ഒറ്റക്കാണെന്നുമറിഞ്ഞ് എത്തിയ നാല്‍വര്‍ സംഘമാണ് വീടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. സംഘം പിന്‍വശത്തെ ഷെഡ് തകര്‍ത്ത് കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറാനാണ് ശ്രമിച്ചത്. ഫോണിന്റെ വാലിഡിറ്റി അവസാനിച്ചതിനാല്‍ ആരെയും വിളിക്കാനും പറ്റാതായി.
ഇതോടെയാണ് ഭയന്ന് വിറച്ച സഹോദരിമാര്‍ അടുപ്പിന് താഴെ വിറക് വെക്കുന്ന ഭാഗത്ത് ഒളിച്ചത്. അക്രമി സംഘം അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ പൊളിക്കാനായില്ല. ഇത് ഇരുവര്‍ക്കും തുണയായി. രാത്രി ഒന്നിന് എത്തിയ സംഘം പുലര്‍ച്ചെ നാലിനാണ് മടങ്ങിയത്. രാവിലെ തന്നെ നേഹയും നീലുവും സ്ഥലമുടമയെ സംഭവം അറിയിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം സ്റ്റേഷനില്‍ പരാതിയും നല്കി. പോലീസ് അന്വേഷണം തുടങ്ങി.






