Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

ഗ്രൂപ്പ് ജി: ബ്രസീലിനൊപ്പം ഇത്തവണ ആര്?

ലോകകപ്പ് സന്നാഹ മത്സരത്തിൽ അമേരിക്കൻ മിഡ്ഫീൽഡർ ജിയോ റയ്‌നയുടെ മുകളിലൂടെ ചാടുന്ന സൗദി ഡിഫന്റർ സൗദ് അബ്ദുൽഹമീദ്. 
യൂറോപ്യൻ നാഷൻസ് ലീഗിൽ ചെക് റിപ്പബ്ലിക്കിനെതിരായ വിജയം ആഘോഷിക്കുന്ന സ്വിറ്റ്‌സർലന്റ് കളിക്കാരായ റെമൊ ഫ്രോലറും ഷെർദാൻ ശഖീരിയും. 
തുനീഷ്യക്കെതിരായ സന്നാഹ മത്സരത്തിൽ ഗോളടിച്ച ബ്രസീൽ താരം പെഡ്രൊ

തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ബ്രസീലും സ്വിറ്റ്‌സർലന്റും സെർബിയയും ഒരേ ഗ്രൂപ്പിൽ വരുന്നത്. 2018 ൽ ബ്രസീൽ-സ്വിറ്റ്‌സർലന്റ് മത്സരം 1-1 സമനിലയായി. സെർബിയയെ 2-0 ന് ബ്രസീൽ തോൽപിച്ചു. സെർബിയയോട് 2-1 ന് തോറ്റെങ്കിലും സ്വിറ്റ്‌സർലന്റ് നോക്കൗട്ടിലേക്ക് ബ്രസീലിനൊപ്പം മുന്നേറി. കഴിഞ്ഞ തവണ കോസ്റ്ററീക്കയായിരുന്നു നാലാമത്തെ ടീം, ഇത്തവണ കാമറൂണും. കാമറൂണിനെ 2014 ലെ ലോകകപ്പിൽ ബ്രസീൽ 4-1 ന് തോൽപിച്ചിട്ടുണ്ട്. 
ഇത്തവണയും ഒറ്റനോട്ടത്തിൽ ബ്രസീലിന് വലിയ വെല്ലുവിളികളില്ലാത്ത ഗ്രൂപ്പാണ് ജി. പക്ഷെ സ്വിറ്റ്‌സർലന്റും സെർബിയയും ചില്ലറക്കാരല്ല. ഇരു ടീമുകളും യൂറോപ്യൻ യോഗ്യതാ റൗണ്ടുകളിൽ സ്വന്തം ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിരുന്നു. പ്ലേഓഫിന്റെ നൂൽപാലം കടക്കാതെ ലോകകപ്പ് ബെർത്ത് നേടിയ ടീമുകളാണ് രണ്ടും. വലിയ ചരിത്രവും പാരമ്പര്യവുമുള്ള ടീമുകളാണ് സ്വിറ്റ്‌സർലന്റും സെർബിയയും. സെർബിയയുടെ സുവർണ തലമുറയാണ് ഇത്. സെർബിയ മുമ്പ് രണ്ടു തവണയേ ലോകകപ്പ് കളിച്ചിട്ടുള്ളൂ. എന്നാൽ നേരത്തെ അവർ യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു. ലോകകപ്പിൽ പാദമുത്ര പതിപ്പിച്ച ടീമാണ് യൂഗോസ്ലാവ്യ. ആഫ്രിക്കയിലെ ത്രസിപ്പിക്കുന്ന ഓർമകളാണ് കാമറൂൺ. എന്നാൽ ഇപ്പോഴത്തെ കാമറൂൺ അത്ര ശക്തമല്ല. ബ്രസീൽ ഈ ഗ്രൂപ്പിൽ ഒന്നാമതെത്തിയില്ലെങ്കിൽ അതാണ് വാർത്ത. ബ്രസീൽ അവസാനമായി ഗ്രൂപ്പ് ഘട്ടം കടക്കാതിരുന്നത് 1966 ലാണ്. രണ്ടാം സ്ഥാനത്തിനായിരിക്കും പോരാട്ടം. കാമറൂൺ വലിയ പ്രതീക്ഷകളോടെയല്ല എത്തുന്നത്. അതിനാൽ ഗ്രൂപ്പിലെ നിർണായക പോരാട്ടം സെർബിയയും സ്വിറ്റ്‌സർലന്റും തമ്മിലുള്ളതായിരിക്കും. ഇതിൽ ജയിക്കുന്ന ടീം മിക്കവാറും ബ്രസീലിനൊപ്പം രണ്ടാം റൗണ്ടിലേക്ക് മുന്നേറും. 


അവസാനിക്കുമോ കിരീടവരൾച്ച?

ടീം: ബ്രസീൽ
ഫിഫ റാങ്കിംഗ്: 1
ലോകകപ്പിൽ: ഇരുപത്തിരണ്ടാം തവണ
മികച്ച പ്രകടനം: ചാമ്പ്യന്മാർ (1958, 1962, 1970, 1994, 2002)
മികച്ച കളിക്കാരൻ: നെയ്മാർ
കോച്ച്: ടിറ്റെ
സാധ്യത: ഫൈനൽ

ചാമ്പ്യന്മാരായില്ലെങ്കിൽ നാട്ടിൽ തിരിച്ചുപോവാനാവാത്ത ഒരു ടീമേയുള്ളൂ -ബ്രസീൽ. അതിൽ കുറഞ്ഞതെല്ലാം അവർക്ക് പരാജയമാണ്. എല്ലാ ലോകകപ്പും കളിച്ച ഒരേയൊരു ടീമാണ് ബ്രസീൽ. മൂന്നു തവണയൊഴികെ എല്ലാ ലോകകപ്പിലും അവർ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. എന്നാൽ ബ്രസീൽ ലോകകപ്പ് നേടിയിട്ട് 20 വർഷം തികയുന്നു. 2002 നു ശേഷം യൂറോപ്യൻ ടീമുകളുടെ ആധിപത്യമാണ് -2006 ൽ ഇറ്റലിയും 2010 ൽ സ്‌പെയിനും 2014 ൽ ജർമനിയും 2018 ൽ ഫ്രാൻസും ചാമ്പ്യന്മാരായി. ആ കുത്തക തകർക്കാൻ എല്ലാം കൊണ്ടും അവസരമൊരുങ്ങിയിരിക്കുകയാണ്. അത്ര മികച്ച ഫോമിലാണ് ബ്രസീൽ ടീം ഖത്തറിലേക്ക് വരുന്നത്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് പരാജയപ്പെട്ട ശേഷം ബ്രസീൽ ഒരു കളിയേ തോറ്റിട്ടുള്ളൂ -കഴിഞ്ഞ കോപ അമേരിക്ക ഫൈനലിൽ അർജന്റീനയോട്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ 17 കളികളിൽ പതിനാലും ജയിച്ചു, മൂന്നെണ്ണം സമനിലയായി. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ തെക്കൻ കൊറിയയെ 5-1 നും ജപ്പാനെ 1-0 നും ഘാനയെ 3-0 നും തുനീഷ്യയെ 5-1 നും തോൽപിച്ചു. 
കഴിഞ്ഞ ലോകകപ്പിൽ കോച്ച് ടിറ്റെക്ക് പറ്റിയ പിഴവ് നെയ്മാറിനെ പൂർണമായും ആശ്രയിച്ചുവെന്നതാണ്. വീഴ്ച അഭിനയിച്ച് പരിഹാസ്യനായി നെയ്മാർ റഷ്യ വിട്ടു. ബെൽജിയം അവരുടെ വഴി മുടക്കുകയും ചെയ്തു. ഇത്തവണ കിടയറ്റ കളിക്കാർ നെയ്മാറിന്റെ കൂടെയുണ്ട്. നെയ്മാർ തന്നെ ഉജ്വല ഫോമിലാണ്. 
20 വർഷത്തെ ബ്രസീലിന്റെ ലോകകപ്പ് വരൾച്ച ടിറ്റെ സൂക്ഷ്മമായി പഠിച്ചിട്ടുണ്ടാവണം. റൊണാൾഡോയും റൊണാൾഡിഞ്ഞോയും കാകയും അഡ്രിയാനോയുമുൾപ്പെട്ട 2006 ലെ ടീം ക്വാർട്ടറിൽ ഫ്രാൻസിനോട് തോൽക്കുകയായിരുന്നു. 2010 ലെ ക്വാർട്ടറിൽ റോബിഞ്ഞോയിലൂടെ ലീഡ് നേടിയെങ്കിലും നെതർലാന്റ്‌സ് അവരെ 2-1 ന് തോൽപിച്ചു. 2014 ൽ ബ്രസീലിൽ നടന്ന ലോകകപ്പിലെ കഥ അവർ മറക്കാനാഗ്രഹിക്കുന്നതാണ്. പരിക്കേറ്റ നെയ്മാറും സസ്‌പെൻഷനിലായ ക്യാപ്റ്റൻ തിയാഗൊ സിൽവയുമില്ലാതെ സെമി കളിച്ച ബ്രസീൽ 1-7 ന് ജർമനിയോട് നാണം കെട്ടു. ലൂസേഴ്‌സ് ഫൈനലിൽ നെതർലാന്റ്‌സിനോട് 0-3 ന് തോറ്റു. 2018 ലും ക്വാർട്ടറിലാണ് ബ്രസീലിന് അടിതെറ്റിയത്. 
ഇത്തവണ മുന്നോട്ടുള്ള പാത കടുപ്പമാണ്. പ്രി ക്വാർട്ടറിൽ പോർചുഗലോ ഉറുഗ്വായോ മുന്നിൽ വരും. ക്വാർട്ടർ ഫൈനലിൽ ജർമനിയോടാണ് മിക്കവാറും ഏറ്റുമുട്ടേണ്ടി വരിക. സെമിയിലെത്തുകയാണെങ്കിൽ അർജന്റീനയോടും. 
റയൽ മഡ്രീഡിൽ ഉജ്വല ഫോമിലുള്ള വിനിസിയൂസ് ജൂനിയറിന് ലോകകപ്പ് അരങ്ങേറ്റമായിരിക്കും ഇത്. റോഡ്രിഗൊ, മാത്യൂസ് കുഞ്ഞ എന്നിവരും നെയ്മാറിനൊപ്പം ആക്രമണനിരയിലുണ്ടാവും. ഗബ്രിയേൽ ജെസൂസിന് ടീമിൽ പോലും സ്ഥാനം കിട്ടുമോയെന്ന് കണ്ടറിയണം. റിച്ചാർലിസനും റഫീഞ്ഞയും ആന്റണിയുമൊക്കെ ഉജ്വല ഫോമിലാണ്. വേൾഡ് ക്ലാസ് സെന്റർ ബാക്കുകളും മികച്ച ഗോളിയുമുള്ളതിനാൽ ബ്രസീലിന്റെ പ്രതിരോധവും ശക്തമാണ്. 


സ്വിസ്സിനെ സൂക്ഷിച്ചോളൂ..

ടീം: സ്വിറ്റ്‌സർലന്റ്
ഫിഫ റാങ്കിംഗ്: 16
ലോകകപ്പിൽ: പന്ത്രണ്ടാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ (1934, 1938, 1954)
മികച്ച കളിക്കാരൻ: ബ്രീൽ എംബോലോ
കോച്ച്: മുറാദ് യാകീൻ
സാധ്യത: ആദ്യ റൗണ്ട്

ഇറ്റലിയും ബൾഗേറിയയും വടക്കൻ അയർലന്റുമുൾപ്പെട്ട യൂറോപ്യൻ യോഗ്യതാ ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സർലന്റ് ലോകകപ്പിന് വരുന്നത്. എട്ട് കളികളിൽ അഞ്ചും ജയിച്ച അവർ മൂന്നെണ്ണം സമനിലയാക്കി. സ്വിറ്റ്‌സർലന്റിനെ ഉറച്ച ടീമാക്കി വളർത്തിക്കൊണ്ടുവരാൻ മുറാദ് യാകീന് സാധിച്ചിട്ടുണ്ട്. എന്നാൽ ബ്രീൽ എംബോലോയെ ടീം അമിതമായി ആശ്രയിക്കുന്നു. 
യൂറോ കപ്പിൽ സ്വിറ്റ്‌സർലന്റ് ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ സ്‌പെയിനിനു മുന്നിലാണ് വീണത്. വ്‌ലാദിമിർ പെറ്റ്‌കോവിച്ചിന്റെ കോച്ചിംഗിൽ പ്രതിരോധത്തിന് ഊന്നൽ നൽകിയാണ് സ്വിറ്റ്‌സർലന്റ് കളിച്ചത്. എന്നാൽ യാകിൻ 4-2-3-1 ശൈലിയിലേക്ക് മാറി. മുൻനിരയിൽ ഹാരിസ് സഫറോവിച്ചും മധ്യനിരയിൽ ഷെദ്‌റാൻ ശഖീരിയും പിൻനിരയിൽ മാന്വേൽ അകഞ്ചിയുമാണ് ടീമിന്റെ നെടുന്തൂണുകൾ.  
ലോക ഫുട്‌ബോളിലെ വൻശക്തികളായി ഗണിക്കപ്പെടാറില്ലെങ്കിലും സ്വിറ്റ്‌സർലന്റ് ലോകകപ്പിലെ സ്ഥിരം സാന്നിധ്യമാണ്. തുടർച്ചയായ അഞ്ചാമത്തെ ലോകകപ്പിലാണ് അവർ പങ്കെടുക്കുന്നത്. കഴിഞ്ഞ നാലു തവണയും അവർ നോക്കൗട്ടിലേക്ക് മുന്നേറി. 2006 ൽ ഫ്രാൻസിനെ തളച്ചു, 2010 ൽ സ്‌പെയിനിനെ തോൽപിച്ചു, 2018 ൽ ബ്രസീലുമായി സമനില നേടി. കഴിഞ്ഞ യൂറോ കപ്പിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചു. 2006 ലെ ലോകകപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് അവർ പുറത്തായത്. ലോകകപ്പിൽ ഏറ്റവും സുദീർഘമായ സമയം ഗോൾ വഴങ്ങാതിരുന്നതിന്റെ റെക്കോർഡ് സ്വിറ്റ്‌സർലന്റിന്റെ പേരിലാണ്. 

സുവർണ തലമുറ

ടീം: സെർബിയ
ഫിഫ റാങ്കിംഗ്: 25
ലോകകപ്പിൽ: മൂന്നാം തവണ
മികച്ച പ്രകടനം: ആദ്യ റൗണ്ട്
മികച്ച കളിക്കാരൻ: ദുസാൻ വ്‌ലാഹോവിച്
കോച്ച്: ദേജാൻ സ്റ്റോയ്‌കോവിച്
സാധ്യത: പ്രി ക്വാർട്ടർ ഫൈനൽ

നല്ല ആക്രമണ നിരയുണ്ട് സെർബിയക്ക്. ദുസാൻ ടാഡിച്ചും അലക്‌സാണ്ടർ മിത്രോവിച്ചും ലൂക്ക ജോവിച്ചുമൊക്കെ ഒന്നിനൊന്ന് മികച്ചവരാണ്. ഇറ്റാലിയൻ ലീഗിൽ ഓളങ്ങൾ സൃഷ്ടിക്കുകയാണ് ദുസാൻ വ്‌ലാഹോവിച്. പോർചുഗലും അയർലന്റുമുൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ചാമ്പ്യന്മാരായി യോഗ്യത നേടാൻ സെർബിയക്ക് സാധിച്ചു. 
ദ്രാഗൻ സ്റ്റോയ്‌കോവിച് ചുമതലയേറ്റ ശേഷം സെർബിയ ആക്രമണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. വലാഹോവിച്ചിന്റെയും മിത്രോവിച്ചിന്റെയും സ്‌കോറിംഗ് പാടവം മുതലാക്കാൻ 3-4-3 ശൈലിയിലാണ് ടീം കളിക്കുന്നത്. ഇരുവർക്കും പിന്നിലായി  ടാഡിച്ചും സെർജി മിലിൻകോവിച് സാവിച്ചും അണിനിരക്കും. പിൻനിരയാണ് സെർബിയയുടെ ദൗർബല്യം. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമേ അവർ  ഗോൾ വഴങ്ങാതിരുന്നിട്ടുള്ളൂ. 2018 ലെ ക്യാപ്റ്റൻ അലക്‌സാണ്ടർ കൊളോറോവ്, ബ്രാനിസ്ലാവ് ഇവാനോവിച്, നെമാന്യ മാറ്റിച് എന്നിവർ സമീപകാലത്ത് വിരമിച്ചത് ടീമിന്റെ അനുഭവസമ്പത്ത് കുറക്കും. 
1930 ലെ പ്രഥമ ലോകകപ്പിൽ പങ്കെടുത്ത ടീമുകളിലൊന്നാണ് യൂഗോസ്ലാവ്യ. അത്തവണ അവർ സെമിയിലെത്തി. 1962 ലെ ലോകകപ്പിൽ നാലാം സ്ഥാനം നേടി. തൊണ്ണൂറുകളിലാണ് യൂഗോസ്ലാവ്യ വിഘടിച്ച് സെർബിയ രൂപം കൊള്ളുന്നത്. സെർബിയ ആന്റ് മോണ്ടിനെഗ്രൊ എന്ന പേരിലാണ് പിന്നീട് അവർ മത്സരിച്ചത്. 2006 ൽ മോണ്ടിനെഗ്രോയും സ്വാതന്ത്ര്യം നേടി. 2010 ലെ ലോകകപ്പിലാണ് സെർബിയ എന്ന പേരിൽ ആദ്യമായി മത്സരിക്കുന്നത്. മൂന്നു പേരുള്ള ടീമിന് വേണ്ടി ലോകകപ്പിൽ പങ്കെടുത്ത ഏക കളിക്കാരനായി ദേജാൻ സ്റ്റാൻകോവിച്. 2010 ലെ അരങ്ങേറ്റ ലോകകപ്പിൽ ജർമനിയെ അട്ടിമറിക്കാൻ സെർബിയക്ക് സാധിച്ചിരുന്നു. 


ആഫ്രിക്കൻ ലയൺസ്

ടീം: കാമറൂൺ 
ഫിഫ റാങ്കിംഗ്: 38
ലോകകപ്പിൽ: എട്ടാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ (1990)
മികച്ച കളിക്കാരൻ: വിൻസന്റ് അബൂബക്കർ
കോച്ച്: റിഗോബേർട് സോംഗ്
സാധ്യത: ആദ്യ റൗണ്ട് 

ഏറ്റവും അവസാന സെക്കന്റുകളിൽ ഈ ലോകകപ്പിന് യോഗ്യത നേടിയ ടീമാണ് കാമറൂൺ. അൾജീരിയക്കെതിരായ ആഫ്രിക്കൻ പ്ലേഓഫിൽ ഹോം മത്സരം അവർ 0-1 ന് തോറ്റു. അൾജീരിയയിലെ രണ്ടാം പാദത്തിൽ അവർ ഗോൾ മടക്കി. അതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈം തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ അഹമദ് തൂബയുടെ ഹെഡറിലൂടെ അൾജീരിയ സ്‌കോർ ചെയ്തു. ലോകകപ്പ് സ്ഥാനം ഉറപ്പാക്കിയ അൾജീരിയൻ ആരാധകർ ഗാലറിയിൽ നൃത്തം തുടങ്ങി. എന്നാൽ എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്ത് കാൾ ടോകോ എകാംബി കണക്റ്റ് ചെയ്തു. പന്ത് വലയിലെത്തി. കൈവിട്ടുവെന്ന് കരുതിയ ലോകകപ്പ് ബെർത്ത് കാമറൂൺ സ്വന്തമാക്കി. 
കാമറൂണിന് കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാനായില്ല. 2014 ൽ മൂന്നു കളികളും തോറ്റു. ഒമ്പത് ഗോൾ വഴങ്ങി. അന്നത്തെ ടീമിലെ എറിക് മാക്‌സിംഗ് ചൂപൊ മോടിംഗും വിൻസന്റ് അബൂബക്കറും ഇപ്പോഴും കാമറൂൺ നിരയിലുണ്ട്. ഫെഡറേഷനോട് പിണങ്ങി മറ്റു പല കളിക്കാരും ഇളംപ്രായത്തിൽ വിരമിച്ചു. 
1982 ലാണ് കാമറൂൺ ലോകകപ്പിൽ അരങ്ങേറിയത്. ഒരു കളിയും തോറ്റിട്ടില്ലെങ്കിലും അവർ ഗ്രൂപ്പ് ഘട്ടം കടന്നില്ല. 1990 ൽ റോജർ മില്ല വിശ്രമജീവിതം വിട്ട് കാമറൂണിന് കളിക്കാനെത്തിയതോടെയാണ് അവർ കാണികളുടെ ഇഷ്ട ടീമായത്. അർജന്റീനയും സോവിയറ്റ് യൂനിയനും റുമാനിയയുമുൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലേക്ക് മുന്നേറി. ചാമ്പ്യന്മാരായ അർജന്റീനയെ പത്തു പേരുമായി കളിച്ച് അവർ ഉദ്ഘാടന മത്സരത്തിൽ അട്ടിമറിച്ചു. കയറിക്കളിച്ച കൊളംബിയൻ ഗോളി റെനെ ഹിഗ്വിറ്റയുടെ പ്രശസ്തമായ പിഴവ് മുതലെടുത്ത് പ്രി ക്വാർട്ടർ ജയിച്ചു. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 83ാം മിനിറ്റ് വരെ മുന്നിലായിരുന്നു. ഗാരി ലിനേക്കറുടെ ഇരട്ട ഗോളിൽ എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇന്നും ലോകകപ്പിലെ പ്രായമേറിയ ഗോൾസ്‌കോററാണ് മില്ല. 2000 ൽ അവർ ഒളിംപിക് ചാമ്പ്യന്മാരായി. എന്നാൽ പിന്നീട് ആ ഉയരങ്ങളിലേക്കെത്താൻ കാമറൂണിന് സാധിച്ചില്ല. 2006 ലും 2018 ലും ലോകകപ്പിന് യോഗ്യത നേടാൻ പോലുമായില്ല. 2010 ലും 2014 ലും മൂന്നു കളികളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾക്കു വേണ്ടി ചാമ്പ്യൻസ് ലീഗിൽ വരെ കളിക്കുന്ന കളിക്കാരുണ്ടായിട്ടു കൂടിയാണ് ഇത്.  

Latest News