തിരിച്ചുവരുമോ സ്‌പെയിൻ?

ബെബെറ്റോക്കും റൊമാരിയോക്കുമൊപ്പം മാസിഞ്ഞൊ 
റഫീഞ്ഞയും തിയാഗോയും ബാഴ്‌സലോണയിൽ  ഒരുമിച്ചു കളിച്ച കാലത്ത്
2010 ലെ ലോകകപ്പുമായി സ്‌പെയിൻ കളിക്കാർ

സ്‌പെയിനിന്റെ സുവർണ തലമുറ അവസാന അവസരം മുതലാക്കുമോ? സമീപകാലത്ത് നിരവധി ടൂർണമെന്റുകളിൽ തിരിച്ചടിയേറ്റ സ്‌പെയിനിന് രണ്ടാം തവണ ലോകകപ്പ് ഫുട്‌ബോൾ കിരീടമുയർത്താനുള്ള മികച്ച അവസരമാണ് ഇത്. 2008 മുതൽ 2012 വരെ സ്‌പെയിൻ പിടിച്ചാൽ കിട്ടാത്ത ശക്തികളായിരുന്നു. ഈ കാലഘട്ടത്തിൽ രണ്ട് തവണ യൂറോ കപ്പും ഒരിക്കൽ ലോകകപ്പും നേടി അവർ. എന്നാൽ 2014 ലെ ലോകകപ്പിൽ അവരുടെ തകർച്ചയാരംഭിച്ചു. ഗ്രൂപ്പ് ഘട്ടം കടക്കാതെ അവർ പുറത്തായി. യൂറോ 2016 ൽ പ്രി ക്വാർട്ടർ ഘട്ടം കടന്നില്ല. ഈ ലോകകപ്പിന് സ്‌പെയിനിന് ബെർത്ത് നേടിക്കൊടുക്കാൻ കോച്ച് യൂലൻ ലോപറ്റേഗിക്ക് സാധിക്കുമോയെന്നു പോലും സംശയമുണ്ടായിരുന്നു. എന്നാൽ ഇറ്റലി കൂടി ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് അവർ അനായാസം ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. പരിചയസമ്പത്തുള്ള പടക്കുതിരകളെയും പ്രതിഭാധനരായ യുവത്വത്തിനെയും വിളക്കിച്ചേർത്ത ലോപറ്റേഗി തുടർച്ചയായ പതിനൊന്നാമത്തെ ലോകകപ്പിലേക്കാണ് സ്‌പെയിനിന് ബെർത്തുറപ്പിച്ചത്. 
2016 ൽ വിസെന്റെ ഡെൽബോസ്‌കിന്റെ പിൻഗാമിയായാണ് മുൻ ഗോൾകീപ്പറായ ലോപറ്റേഗി സ്‌പെയിനിന്റെ പരിശീലക സ്ഥാനമേറ്റെടുത്തത്. യൂത്ത് തലത്തിൽ പലതവണ സ്‌പെയിനിനെ കിരീടമണിയിച്ച പരിചയസമ്പത്തുണ്ട് ലോപറ്റേഗിക്ക്. അണ്ടർ-19, അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ സ്‌പെയിനിനെ ചാമ്പ്യന്മാരാക്കിയിട്ടുണ്ട് ലോപറ്റേഗി. എന്നാൽ സീനിയർ തലത്തിൽ ലോപറ്റേഗിക്ക് വലിയ അനുഭവ പരിചയമുണ്ടായിരുന്നില്ല. പോർടോയിലെ രണ്ടു സീസണിൽ പരാജയമായിരുന്നു. എന്നാൽ ലോപറ്റേഗിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരെ വായടപ്പിക്കുന്ന പ്രകടനമാണ് പിന്നീട് സ്‌പെയിൻ ടീമിൽ നിന്ന് കണ്ടത്. മിതഭാഷിയായ കോച്ചിനു കീഴിൽ സ്‌പെയിൻ തുടർച്ചയായ 18 കളികളിൽ പരാജയമറിഞ്ഞില്ല. 
ലോപറ്റേഗി ചുമതലയേറ്റയുടനെ കഴിഞ്ഞ ലോകകപ്പുകളിൽ സ്‌പെയിനിന്റെ ഗോൾ വല കാത്ത ഇകർ കസിയാസിനെ തിരിച്ചുവിളിക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിലും ദേശീയ ടീമിലും ഡേവിഡ് ഡി ഗിയ മിന്നുന്ന പ്രകടനം കാഴ്ചവെച്ചതോടെ ആ ആവശ്യം എളുപ്പം അലിഞ്ഞില്ലാതായി. യൂറോ 2016 ൽ ആദ്യമായി കസിയാസിനെ റിസർവ് ബെഞ്ചിലിരുത്തി. ലോകകപ്പ് ടീമിൽ കസിയാസിന് സ്ഥാനം പോലും ലഭിക്കാൻ സാധ്യത കുറവാണ്. അത്‌ലറ്റിക് ബിൽബാവോയുടെ കേപ അരിസബലാഗ, നാപ്പോളിയുടെ പെപ്പെ റയ്‌ന എന്നിവരാണ് ഇപ്പോൾ ഡി ഗിയ കഴിഞ്ഞാൽ കോച്ചിന്റെ പരിഗണനയിലുള്ള ഗോളിമാർ. 

2010 ലെ ലോകകപ്പുമായി സ്‌പെയിൻ കളിക്കാർ


പതിറ്റാണ്ടോളമായി സ്‌പെയിൻ പ്രതിരോധത്തിന്റെ നെടുന്തൂണുകളായിരുന്ന സെർജിയൊ റാമോസിനും ജെറാഡ് പിക്വെക്കും ഇത് അവസാന ലോകകപ്പായിരിക്കും. പ്രധാന ടൂർണമെന്റുകളിൽ സ്‌പെയിനിന്റെ വിജയത്തിന്റെ അടിത്തറയായിരുന്നു ഈ സെൻട്രൽ ഡിഫൻസ് കൂട്ടുകെട്ട്. ലോകകപ്പ് കഴിഞ്ഞാൽ സ്‌പെയിനിന് കളിക്കില്ലെന്ന് മുപ്പത്തൊന്നുകാരനായ പിക്വെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുപ്പത്തിരണ്ടുകാരനായ റാമോസും അധികകാലം തുടരാൻ സാധ്യതയില്ല. 2010 ലെ ലോകകപ്പ് മുതൽ ഇരുവരും ഒരുമിച്ചു കളിക്കുന്നുണ്ട്. അക്കാലത്ത് റാമോസ് റൈറ്റ് ബാക്കായിരുന്നു. ബാഴ്‌സലോണയിൽ പിക്വെയുടെ കൂട്ടാളിയായ ജോർദി ആൽബയായിരിക്കും ലെഫ്റ്റ് ബാക്കായി ഇവർക്ക് കൂട്ട്. റയൽ മഡ്രീഡിൽ റാമോസിന്റെ കൂട്ടാളിയായ ഡാനി കർവഹാൽ വലതു വിംഗിൽ കളിക്കും. 
ലോകകപ്പ് തുടങ്ങുമ്പോൾ മിഡ്ഫീൽഡർ ആന്ദ്രെസ് ഇനിയെസ്റ്റക്ക് 34 വയസ്സാവും. ലോകം കണ്ട മികച്ച പ്ലേമേക്കർമാരിലൊരാളായ ഇനിയെസ്റ്റയുടെ അവസാന രാജ്യാന്തര ടൂർണമെന്റാവും ലോകകപ്പ്. അസാധ്യമായ പന്തടക്കവും കിടയറ്റ പാസുകളുമായി ഇനിയെസ്റ്റ മധ്യനിര ഭരിക്കുന്നത് ഏറെക്കാലമായി ചന്തമുള്ള കാഴ്ചയായിരുന്നു. മൂന്ന് പ്രധാന ടൂർണമെന്റുകളിൽ സ്‌പെയിൻ കിരീടം ചൂടിയതിന് പ്രധാന കാരണക്കാരിലൊരാളായിരുന്നു ഇനിയെസ്റ്റ. സ്‌പെയിൻ ഒരേയൊരിക്കൽ ചാമ്പ്യന്മാരായ 2010 ലെ ലോകകപ്പ് ഫൈനലിൽ നെതർലാന്റ്‌സിനെതിരെ വിജയ ഗോളടിച്ചത് ഇനിയെസ്റ്റയായിരുന്നു. 
സെർജിയൊ ബുസ്‌ക്വെറ്റ്‌സും തിയാഗൊ അൽകന്ററയും ജോർജെ കൊക്കെയും സമീപകാലത്ത് ഫോം വീണ്ടെടുത്തിട്ടുണ്ട്. മൂവർക്കും സ്‌പെയിൻ മധ്യനിരയിൽ സ്ഥാനമുറപ്പാണ്. അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായി നിരവധി പുതുപ്രതിഭകളുണ്ട്. ഫ്രാൻസിസ്‌കൊ ഇസ്‌കൊ അലാക്രോൺ, മാർക്കൊ അസൻസിയൊ, സൗൾ നിഗേസ് എന്നിവർക്കൊപ്പം പഴയ പടക്കുതിര ഡാവിഡ് സിൽവയുമുണ്ടാവും. 
സ്‌ട്രൈക്കർമാരുടെ കാര്യത്തിലാണ് ലോപറ്റേഗിക്ക് സംശയം. രണ്ടു വർഷത്തിനിടെ 10 കളിക്കാരെ കോച്ച് പരീക്ഷിച്ചു. 
അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ഡിയേഗൊ കോസ്റ്റ, സെൽറ്റവീഗോയുടെ ഇയാഗൊ അസ്പാസ്, വലൻസിയയുടെ റോഡ്രിഗൊ എന്നിവർ ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനാണ് സാധ്യത. റയൽ മഡ്രീഡിന്റെ ലുക്കാസ് വാക്‌സ്വേസ്, ചെൽസിയുടെ അൽവാരൊ മൊറാറ്റ, നാപ്പോളിയുടെ ഹോസെ കാലയോൺ, അത്‌ലറ്റിക്കോയുടെ വിക്‌ടോർ വിറ്റോലോ മാഖിൻ എന്നിവരും പരിഗണനയിലുണ്ട്. മൊറാറ്റയെ സമീപകാലത്ത് സ്‌പെയിനിന്റെ സൗഹൃദ മത്സരങ്ങളിൽ ടീമിലുൾപെടുത്തിയിട്ടില്ല. പ്രീമിയർ ലീഗിലും പരുങ്ങുകയാണ്. 
റഷ്യയിൽ ക്രാസ്‌നോദാറിലായിരിക്കും റഷ്യയുടെ താവളം. യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലിനെതിരെ ജൂൺ 15 നാണ് ഉദ്ഘാടന മത്സരം. ജൂൺ 20 ന്  ഇറാനെയും ജൂൺ 25 ന് മൊറോക്കോയെയും നേരിടും. 

 

ബെബെറ്റോക്കും റൊമാരിയോക്കുമൊപ്പം മാസിഞ്ഞൊ 

അച്ഛൻ ബ്രസീലിൽ, മക്കൾ രണ്ടു ടീമുകളിൽ

സ്‌പെയിനിന്റെ മിഡ്ഫീൽഡർ തിയാഗൊ അൽകന്ററ മുൻ ബ്രസീൽ മിഡ്ഫീൽഡർ മാസിഞ്ഞോയുടെ മകനാണ്. ബ്രസീൽ ലോകകപ്പ് നേടിയ 1994 ൽ ബെബെറ്റോക്കും റൊമാരിയോക്കുമൊപ്പം കുട്ടിയെ താരാട്ടുന്ന രീതിയിലുള്ള ഗോളാഘോഷത്തിലെ കൂട്ടാളിയായിരുന്നു മാസിഞ്ഞൊ. 
തിയാഗോയുടെ സഹോദരനാണ് മുൻ ബാഴ്‌സലോണാ താരം കൂടിയായ ഇന്റർ മിലാന്റെ റഫീഞ്ഞ. യൂത്ത് തലത്തിൽ ബ്രസീലിനും സ്‌പെയിനിനും കളിച്ചിരുന്ന റഫീഞ്ഞ 2015 ൽ സീനിയർ തലത്തിൽ ബ്രസീലിനായി അരങ്ങേറി. തിയാഗൊ യൂത്ത് തലം മുതൽ സ്‌പെയിനിനെ മാത്രമേ പ്രതിനിധീകരിച്ചിട്ടുള്ളൂ. 

റഫീഞ്ഞയും തിയാഗോയും ബാഴ്‌സലോണയിൽ ഒരുമിച്ചു കളിച്ച കാലത്ത്


തിയാഗൊ ഇപ്പോൾ ബയേൺ മ്യൂണിക്കിന്റെ താരമാണ്. റഫീഞ്ഞക്ക് ബ്രസീൽ ടീമിൽ ഇടം നേടാനായാൽ സഹോദരങ്ങൾ മുഖാമുഖം വന്നേക്കാം. 

Latest News