ആണ്‍കുട്ടികളെ പീഡിപ്പിച്ചതില്‍   നൊബേല്‍ ജേതാവായ ബിഷപ്പ് പ്രതി

റോം-കിഴക്കന്‍ തിമോറിന്റെ സ്വാതന്ത്ര്യസമര നായകനും നൊബേല്‍ ജേതാവുമായ ബിഷപ്പ് കാര്‍ലോസ് ഷിമെനിസ് ബെലോയെ ലൈംഗികാതിക്രമക്കുറ്റത്തിന് ഉപരോധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കത്തോലിക്ക സഭ. 1990കളില്‍ കിഴക്കന്‍ തിമോറില്‍ ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് ബെലോ നേരിടുന്ന ആരോപണം. കഴിഞ്ഞ ദിവസം ഡച്ച് മാസികയായ ഡി ഗ്രോയെന്‍ ആംസ്റ്റര്‍ഡാമര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീഡനത്തിനിരയായ രണ്ടുപേരുടെ തുറന്നുപറച്ചിലുകള്‍ മാസിക പ്രസിദ്ധീകരിച്ചു. കൂടുതല്‍പ്പേര്‍ പുറത്തുവരാന്‍ മടിച്ചുനില്‍ക്കുന്നുണ്ടെന്നും അതില്‍ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ്, ബെലോയ്‌ക്കെതിരേ നേരത്തേ തന്നെ  നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കത്തോലിക്കസഭയ്ക്ക് വിശദീകരിക്കേണ്ടിവന്നത്. പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യംചെയ്യുന്ന വകുപ്പിന് 2019ലാണ് ബെലോയുടെ മോശം പെരുമാറ്റങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നടപടി സ്വീകരിച്ചെന്ന് വത്തിക്കാന്‍ പ്രതിനിധി മാറ്റിയോ ബ്രൂണി പറഞ്ഞു.
ഇന്തോനീഷ്യന്‍ ഭരണത്തില്‍നിന്ന് കിഴക്കന്‍ തിമോറിന് സ്വാതന്ത്ര്യം നേടിക്കൊടുത്തവരില്‍ പ്രധാനിയാണ് ബിഷപ്പ് കാര്‍ലോസ് ഷിമെനിസ് ബെലോ. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനായി നടത്തിയ ശ്രമങ്ങളുടെ പേരിലാണ് 1996ല്‍ ബെലോയ്ക്കും സഹപ്രവര്‍ത്തകന്‍ ജോസ് റാമോസ് ഹോര്‍ട്ടയ്ക്കും സമാധാന നൊബേല്‍ ലഭിച്ചത്. 2002ല്‍ കിഴക്കന്‍ തിമോര്‍ സ്വതന്ത്രമായി. അതേവര്‍ഷംതന്നെ കിഴക്കന്‍ തിമോറിലെ സഭാധ്യക്ഷസ്ഥാനം പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നുമില്ലാതെ ബെലോ രാജിവെച്ചു. തുടര്‍ന്ന് മൊസംബിക്കില്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പോയി. നിലവില്‍ പോര്‍ച്ചുഗലിലാണെന്നാണ് സൂചന.
 

Latest News