റിയാദ് - സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന് ബജറ്റിന് മുന്നോടിയായുള്ള പ്രസ്താവനയില്‍ ധനമന്ത്രാലയം വ്യക്തമാക്കി. ചെലവ് 1,114 ട്രില്യണ്‍ റിയാലും മിച്ചം ഒമ്പത് ബില്യണ്‍ റിയാലുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം 2023 ലെ പ്രീബജറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
കണക്കാക്കിയ മിച്ചം മൊത്തം ജി.ഡി.പിയുടെ ഏകദേശം 0.2 ശതമാനമാണ്. ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തിന്റെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയര്‍ത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, ധനപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനും വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള പരിപാടികള്‍, സംരംഭങ്ങള്‍, പ്രധാന പദ്ധതികള്‍ എന്നിവ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ സ്വകാര്യ മേഖലയുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെയും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തുന്നതിലൂടെയും പ്രാദേശിക നിക്ഷേപത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കും.
| റിയാദില്‍നിന്ന് കാണാതായ മലയാളിയെ ബുറൈദയില്‍ കണ്ടെത്തി |
'2023ലെ ബജറ്റിന് മുമ്പുള്ള പ്രസ്താവന, സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും പിന്തുണ നല്കുന്ന പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുകയും പൊതു ധനകാര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും-മന്ത്രാലയം പറഞ്ഞു. സൂചകങ്ങള്‍ മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും തുടര്‍ച്ചയായ പുരോഗതി കാണിക്കുന്നു, ഈ വളര്‍ച്ച ഇടത്തരം കാലയളവില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പൊതു ധനകാര്യ ഘടനയുടെ വികസനം ചൂണ്ടിക്കാട്ടി, സാമ്പത്തിക സന്തുലിത പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ധനപരമായ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം കൈവരിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതായി ചൂണ്ടിക്കാട്ടി. സാമ്പത്തിക പരിഷ്കരണത്തിന്റെ രണ്ടാം ഘട്ടം സാമ്പത്തിക സുസ്ഥിരത പ്രോഗ്രാം എന്ന പേരില്‍ ആരംഭിച്ചു. ഇത് ഇടത്തരം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമായ സാമ്പത്തിക സൂചകങ്ങള്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്നു. സുസ്ഥിരവും സമ്പദ്വ്യവസ്ഥയിലെ ഘടനാപരമായ മാറ്റത്തെ പിന്തുണക്കുന്ന തന്ത്രപരമായ ചെലവുകളിലേക്ക് നയിക്കും. രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പൊതു കടത്തിന്റെയും സര്‍ക്കാര്‍ കരുതല്‍ ശേഖരത്തിന്റെയും സുസ്ഥിര തലങ്ങളുടെ പരിപാലനം ഉറപ്പാക്കുന്ന ഒരു ചട്ടക്കൂടിനുള്ളില്‍ സാമ്പത്തിക നില വികസിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.






