Sorry, you need to enable JavaScript to visit this website.

പ്രായം വെറുമൊരു നമ്പർ മാത്രം! 


പൂമരച്ചോട്ടിൽ
ലോക വയോജന ദിനമായ ഒക്ടോബർ ഒന്ന് നാളെയാണ്. വ്യക്തിതലത്തിലും കുടുംബ തലത്തിലും സാമൂഹ്യ തലത്തിലും പ്രായമായവരോട് നാം സ്വീകരിക്കുന്ന സമീപനങ്ങളെ കുറിച്ച് ഒരു പുനരാലോചന അനിവാര്യം തന്നെ. ഈ പശ്ചാത്തലത്തിൽ വാർധക്യമെന്നത് എപ്പോൾ ആരംഭിക്കുന്നുവെന്നും  വൃദ്ധരെ ഏതൊക്കെ വിഭാഗമായി തരം തിരിക്കാമെന്ന ചോദ്യവും പ്രസക്തമാണ്.
 


ഒരിക്കൽ ഒരാൾ സരസ സമ്രാട്ടായ മുല്ല  നസ്‌റുദ്ദീനോട് പ്രായം ചോദിച്ചു. 'നാൽപത്!' അദ്ദേഹം  മറുപടി പറഞ്ഞു: പത്ത് വർഷത്തിന് ശേഷം, എത്ര വയസ്സായി എന്ന് വീണ്ടും അതേയാൾ  നസ്‌റുദ്ദീനോട് തിരക്കിയത്രേ.
ഭാവ വ്യത്യാസമേതുമില്ലാതെ നസ്്്‌റുദ്ദീൻ മറുപടി പറഞ്ഞു:
'നാൽപത് വയസ്സ്.'

ഇത് കേട്ട അയാൾ മുല്ലയോട് കയർത്തു. പത്ത് വർഷം മുമ്പ് നിങ്ങൾ എന്നോട് പറഞ്ഞത് , നിങ്ങൾക്ക് നാൽപത് വയസ്സ് ആയെന്നാണ്.  ഇപ്പോഴും നിങ്ങൾ അത് തന്നെ  പറയുന്നു.  ഇതെങ്ങനെ ശരിയാവും?

'ക്ഷമിക്കണം, ഇടക്കിടെ  വാക്ക് മാറ്റുന്ന ആളല്ല ഞാൻ. വാക്ക് പാലിക്കുന്ന ഒരാളെന്ന നിലയിൽ  അന്ന്   പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു!'

പ്രായമാവുന്നത് ഉൾക്കൊള്ളാനും സമ്മതിക്കാനും പലരും തയ്യാറാവുന്നില്ല എന്ന വസ്തുതയിലേക്ക് സരസമായി വിരൽ ചൂണ്ടുന്ന ഈ മുല്ലാ കഥ കേവലം ഒരു ഫലിതത്തിനപ്പുറത്ത് നമ്മെയെല്ലാവരേയും ഗൗരവമായ ചില ചിന്തകളിലേക്ക്  നയിക്കുന്നുണ്ടാവണം.

പ്രായമാകുന്നത് ഒരു രഹസ്യമല്ല. അത് ഭൂരിപക്ഷം ആളുകളിലും അധികം വൈകാതെ തന്നെ   നരയായും ശാരീരിക ക്ഷീണമായും ചർമ്മത്തിലെ ചുളിവായും ഉന്മേഷക്കുറവായും ഒക്കെ തലപൊക്കി കൊണ്ടിരിക്കും.
ലോക ജനസംഖ്യയിൽ തന്നെ പ്രായം കൂടിയവരുടെ  എണ്ണം ഗണ്യമായി വർധിക്കുന്നത് കാണാം. സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, പൊതുശുചിത്വം എന്നീ മേഖലകളിലെ  അസാധാരണമായ പുരോഗതിയുടെ ഫലമാണ് പ്രായമാകുന്നവരുടെ  ജനസംഖ്യാ വർധന. ജീവിതശൈലിയിലെ
മാറ്റങ്ങളും ഒരു പ്രധാന ഘടകമാണ്. പൊതുവേ,  നല്ല ഭക്ഷണം,  പതിവ് വ്യായാമം തുടങ്ങിയവ പലരുടെയും ജീവിതത്തിന്റെ അടിസ്ഥാന ശീലമായി മാറിയിട്ടുണ്ട്.

60 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 901 ദശലക്ഷം ആളുകൾ ലോകമെമ്പാടുമുണ്ട്. 2050 ആകുമ്പോഴേക്കും ആ സംഖ്യ
2.1 ബില്യൺ  അല്ലെങ്കിൽ ആഗോള ജനസംഖ്യയുടെ 21. 5% ആയി മാറും.  യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ മാത്രം, 2060 ആകുമ്പോഴേക്കും 98 ദശലക്ഷത്തിലധികം മുതിർന്നവർ ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏത് രാജ്യമാണ് പ്രായം ചെന്നവരെ  ഏറ്റവും നന്നായി പരിപാലിക്കുന്നത്, പ്രായമായവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും ശ്രദ്ധ കൊടുക്കുകയും അവരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന രാജ്യം ഏതാണ് എന്നൊക്കെയുള്ള  ചോദ്യം ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്.

വാർധക്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ  ലഭ്യതയും അപഗ്രഥനവും മറ്റും ഇത്തരം കൗതുകങ്ങൾക്ക് ഉത്തരമേകുന്നുണ്ട്. ഹെൽപ്പ് ഏജ് ഇന്റർനാഷണൽ നിർമ്മിച്ച ഗ്ലോബൽ ഏജ് വാച്ച് ഇൻഡക്‌സ് ഒരു നല്ല ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള പ്രായമായ ആളുകളുടെ ക്ഷേമത്തെയും ജീവിത നിലവാരത്തെയും കുറിച്ചുള്ള വിശ്വസനീയമായ താരതമ്യ വിവരങ്ങൾ ഇതിലൂടെ  ലഭ്യമാണ്.അത്തരം ഇൻഡെക്സുകൾ  സൂചിപ്പിക്കുന്ന കാര്യങ്ങൾ  ഏറെ ശ്രദ്ധേയവും പഠനാർഹവുമാണ്.

ഏറ്റവും പുതിയ സൂചിക നമ്മോട് പറയുന്നത് പ്രായമാകാൻ ഏറ്റവും നല്ല സ്ഥലം ഫിൻലൻഡ്, നോർവെ, സ്വീഡൻ തുടങ്ങിയ സ്‌കാൻഡിനേവിയൻ രാജ്യങ്ങളാണെന്നാണ്. താരതമ്യേന ലോകത്തിലെ ഏറ്റവും ധനികരായ പെൻഷൻകാർ  ഇവിടങ്ങളിലാണുള്ളത്.  ഒപ്പം മുതിർന്നവർക്ക് മികച്ച  പിന്തുണയേകുന്ന  വയോജന സൗഹൃദ അന്തരീക്ഷവും ഈ രാജ്യങ്ങളിൽ ലഭ്യമാണത്രെ. സ്വിറ്റ്‌സർലൻഡ്, കാനഡ എന്നീ രാജ്യങ്ങളും വയോജന സൗഹൃദ  രാജ്യങ്ങളാണ്. ഈ രാജ്യങ്ങളെല്ലാം  ഗുണനിലവാരമുള്ള ആരോഗ്യ, സാമൂഹിക പരിപാലന സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലും ഒരുക്കുന്നതിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ പ്രായമായ പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലും മികച്ചതാണ്.


ഇതൊക്കെയാണെങ്കിലും പലരുടെയും കണ്ണിൽ പ്രായമായവർ ഇപ്പോഴും ഒരു വിഭവത്തേക്കാൾ ഒരു ഭാരമാണ്. ലോക വയോജന ദിനമായ ഒക്ടോബർ ഒന്ന് നാളെയാണ്. വ്യക്തിതലത്തിലും കുടുംബ തലത്തിലും സാമൂഹ്യ തലത്തിലും പ്രായമായവരോട് നാം സ്വീകരിക്കുന്ന സമീപനങ്ങളെ കുറിച്ച് ഒരു പുനരാലോചന അനിവാര്യം തന്നെ. ഈ പശ്ചാത്തലത്തിൽ വാർധക്യമെന്നത് എപ്പോൾ ആരംഭിക്കുന്നുവെന്നും  വൃദ്ധരെ ഏതൊക്കെ വിഭാഗമായി തരം തിരിക്കാമെന്ന ചോദ്യവും പ്രസക്തമാണ്.
പ്രായം ചെന്നവരെ യുവ വൃദ്ധർ (60-69 വയസ്സ്)  വൃദ്ധർ (70-79 വയസ്സ് ) വയോ വൃദ്ധർ (80-89 വയസ്സ് ) മഹാ വൃദ്ധർ (90 ന് മുകളിൽ) എന്നിങ്ങനെ തരം തിരിച്ച്  കോഴിക്കാട് ജില്ലാ പഞ്ചായത്ത്  'കില' യുടെ സഹകരണത്തോടെ വിവര ശേഖരണം നടത്തി ഏറ്റവും പ്രായം ചെന്ന വിഭാഗത്തിൽ പെട്ടവർക്ക് കൂടുതൽ  പ്രാധാന്യം നൽകി കൊണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന വാർത്ത ഇത്തരുണത്തിൽ ശ്ലാഘനീയം തന്നെ.

കേവലം പ്രഖ്യാപനങ്ങളിലും പൊതു ചടങ്ങുകളിലും മാത്രം ഒതുങ്ങാതെ സ്‌നേഹ സൗഹാർദ്ദ കാരുണ്യ പ്രവർത്തനങ്ങൾക്ക് പുകൾപെറ്റ കോഴിക്കോട്ട്്് നിന്നും ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ പ്രായോഗികവും  ക്രിയാത്മകവുമായ പദ്ധതികളും പരിപാടികളും മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി നിലവിൽ വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഒപ്പം സ്വന്തം  വീടും കുടുംബവും അയൽപക്കവും പ്രായമായവരെ വാക്കാലും പ്രവൃത്തിയാലും സമീപനത്താലും ഏറെ ആദരവോടെ  പരിഗണിച്ച് പരിപാലിക്കുന്ന ഇമ്പമുള്ള  ഇടങ്ങളാക്കി മാറ്റാൻ  നമുക്കോരോരുത്തർക്കും
പരിശ്രമിക്കുകയും ചെയ്യാം.

Latest News