Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് ആലുവയിലെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു

ആലുവ- പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കേരളത്തിലും തുടങ്ങി. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് അടച്ചുപൂട്ടി സീല്‍ ചെയ്തു. എന്‍.ഐ.എയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
ബുധനാഴ്ച രാവിലെ നിരോധനം വന്നുവെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നടപടി ആരംഭിച്ചപ്പോള്‍ കേരളത്തില്‍ ആരംഭിച്ചിരുന്നില്ല. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തിടുക്കം വേണ്ടെന്നും നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് ആസ്ഥാനത്ത് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗവും നടന്നിരുന്നു. ഇതിന് ശേഷമാണ് നടപടിക്ക് കേരളത്തില്‍ തുടക്കമായത്.
ഓഫീസുകളും വസ്തുവകകളും നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടി അറിയിപ്പ് നല്‍കുമെന്ന് യോഗത്തിന് ശേഷം പോലീസ് അറിയിച്ചിരുന്നു. നിരോധിത സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ മാത്രമേ സീല്‍ചെയ്യല്‍ നടപടികള്‍ പൂര്‍ണതോതില്‍ ഉണ്ടാകൂവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 

Latest News