ദോഹ- ഫിഫ 2022 ഖത്തര്‍ ലോകകപ്പില്‍ നിന്നുള്ള ലാഭം 17 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ 2022 ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതര്‍ അഭിപ്രായപ്പെട്ടു.
ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും നിര്‍മാണങ്ങളുടേയും ചെലവ് എട്ട് ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ടെന്നും ഇത് മുന്‍ ലോകകപ്പുകളുടെ ചെലവിനോട് താരതമ്യേന അടുത്താണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനര്‍ത്ഥം ഞങ്ങള്‍ ചെലവിന്റെ ഇരട്ടി വരുമാനം നേടുമെന്നും ടൂര്‍ണമെന്റിനിടയിലും ശേഷവും ഖത്തര്‍ ലോകകപ്പിന്റെ ഫലം കൊയ്യുമെന്നുമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിന് പുറത്ത് നിന്ന് ലോകകപ്പിനെ പിന്തുടരുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നടത്തിയ പഠനങ്ങള്‍ അനുസരിച്ച്, ലോകമെമ്പാടുമുള്ള മൂന്ന് മുതല്‍ നാല് ബില്യണ്‍ ആളുകള്‍ വരെ ഖത്തര്‍ ലോകകപ്പ് കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഖത്തറിലെത്തുന്ന വലിയൊരു വിഭാഗം ആളുകളെ കുറിച്ചും അവരെ സ്വീകരിക്കാന്‍ ഖത്തറിന്റെ സന്നദ്ധതയെ കുറിച്ചുമുള്ള ചോദ്യത്തിന് ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളാന്‍ പൂര്‍ണ സജ്ജമാണെന്ന് അല്‍ ഖത്തര്‍ പറഞ്ഞു
ലോകകപ്പ് വേളയില്‍ 12,000 മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ ഒരു ദശലക്ഷത്തോളം പേരെങ്കിലും ദോഹയിലെത്തും.