ചെന്നൈ- ഒരു കാലത്ത് തമിഴ് സിനിമയുടെ രോമാഞ്ചമായിരുന്നു ഖുശ്ബു. നടി ഖുശ്ബുവിന്റെ 52ാം ജന്മദിനമാണ് ഇന്ന്. നഖാത് ഖാൻ എന്ന പേര് മാറ്റിയാണ് താരം ഖുശ്ബു എന്ന് അറിയപ്പെടാൻ തുടങ്ങിയത്. മുസ്‌ലിം ആയിരുന്ന ഖുശ്ബു വിവാഹശേഷം മതവും മാറി. സംവിധായകനും നടനുമായ സുന്ദറിനെ വിവാഹം കഴിച്ച ശേഷമാണ് ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചത്. പേരും മതവും മാറിയ ഖുശ്ബു രാഷ്ട്രീയത്തിലും മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചു. 2010 ലാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. കരുണാനിധിയുടെ ആശീർവാദത്തോടെ ഖുശ്ബു ഡിഎംകെ പാർട്ടിയിൽ ചേർന്നു. ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിട്ടും ഖുശ്ബു അണ്ണാ ഡിഎംകെയിൽ ചേരാതെ ഡിഎംകെയിൽ ചേർന്നത് അക്കാലത്ത് വലിയ ചർച്ചയായിരുന്നു. പിന്നീട് നാല് വർഷത്തിനു ശേഷം ഡിഎംകെ ബന്ധം ഉപേക്ഷിച്ചു. മകൻ എം.കെ.സ്റ്റാലിൻ തന്നെ ഡിഎംകെയിൽ കരുണാനിധിയുടെ പിൻഗാമിയാകണമെന്ന് നിർബന്ധമില്ലെന്ന് ഖുശ്ബു പരസ്യപ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. തിരുച്ചിറപ്പള്ളിയിൽ ഡിഎംകെ പ്രവർത്തകർ അവരെ തടഞ്ഞുവച്ചു, കൂക്കിവിളിച്ചു. ചെന്നൈയിൽ വീടിനുനേരെ കല്ലേറുണ്ടായി. സ്റ്റാലിന്റെ അതൃപ്തിക്കു പാത്രമായതോടെ ഡിഎംകെയിൽ നിന്ന് ഖുശ്ബു പടിയിറങ്ങുകയായിരുന്നു. ഡിഎംകെ വിട്ട ഖുശ്ബു 2014 ൽ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ദേശീയ വക്താവ് എന്ന പദവിയും ഖുശ്ബുവിന് ലഭിച്ചു. അക്കാലത്ത് ബിജെപിയെ ഖുശ്ബു രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, അതു കൊണ്ട് തീർന്നില്ല ഖുശ്ബുവിന്റെ രാഷ്ട്രീയ നിലപാടിലെ ചാഞ്ചാട്ടം. 2020 ൽ ഖുശ്ബു കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂടി.