Sorry, you need to enable JavaScript to visit this website.

നങ്ങേലിയായി എത്തിയ കയാദു

ആയിരത്തിഎണ്ണൂറുകളിലെ തിരുവിതാംകൂറിലെ ജാതിവ്യവസ്ഥക്കെതിരെ പൊരുതിയ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് വിനയൻ പത്തൊൻപതാം നൂറ്റാണ്ടിന് ഇതിവൃത്തമാക്കുന്നത്. തിരുവിതാംകൂറിന്റെ സാമൂഹിക പിന്നോക്കാവസ്ഥയും രാജകിങ്കരന്മാരുടെ കൊള്ളരുതായ്മകളും വെളിച്ചത്തെത്തിച്ച ചിത്രം കൂടിയാണിത്. അവർണ്ണ സ്ത്രീകൾക്ക് മാറുമറക്കാൻ അനുവാദമില്ലാതെ മുലക്കരവും മീശക്കരവും പിരിക്കുന്ന ഒരു ഭരണവും ചരിത്രവും ഈ കേരളത്തിന് സ്വന്തമായുണ്ടായിരുന്നു എന്നതും മൂടിവെക്കപ്പെട്ട ചരിത്രസത്യമാണ്. സംവിധാനത്തിനൊപ്പം തിരക്കഥാരചനയും തനിക്കന്യമല്ലെന്ന് വിനയൻ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. മാത്രമല്ല, വേലായുധപ്പണിക്കർക്ക് ഭാവം പകർന്ന സിജു വിത്സന്റെ പരിണാമം കൂടിയാണീ ചിത്രം. ആറു മാസത്തോളം ഈ ചിത്രത്തിനായി കഠിനപ്രയത്‌നം നടത്തിയത് ഒട്ടും വൃഥാവിലായില്ലെന്ന് ചിത്രം തെളിയിക്കുന്നു. മലയാളത്തിലെ ആക്ഷൻ ഹീറോയായി മാറിയിരിക്കുകയാണ് ഈ നടൻ.
എന്നാൽ വേലായുധപ്പണിക്കരേക്കാൾ ഒരുപടി മുന്നിലാണ് ചിത്രത്തിൽ നങ്ങേലിയായി വേഷമിട്ട കന്നഡ താരം കയാദു ലോഹർ. അധസ്ഥിത വർഗത്തിൽപ്പെട്ട സ്ത്രീകൾ അനുഭവിച്ചിരുന്ന ചൂഷണങ്ങൾക്കും ക്രൂരതകൾക്കുമെതിരെ പ്രതികരിച്ച് ഒടുവിൽ ജീവൻതന്നെ വെടിയേണ്ടിവന്ന നങ്ങേലി സ്ത്രീകൾക്കായി പ്രചോദനമാണ്. നങ്ങേലിയെക്കുറിച്ചുള്ള സംവിധായകൻ വിനയന്റെ സങ്കൽപത്തെ പൂർണ്ണതയിലെത്തിക്കാനാണ് ശ്രമിച്ചതെന്ന് കയാദു പറയുന്നു. കന്നഡയിലും തെലുങ്കിലുമായി ഓരോ ചിത്രങ്ങൾ മാത്രം അഭിനയിച്ച കയാദു നങ്ങേലിയായി മാറിയപ്പോൾ അതൊരു വിസ്മയകാഴ്ചയായി മാറുകയായിരുന്നു. ഏറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയ വിനയന്റെ കണ്ടെത്തൽ നങ്ങേലിയുടെ കാര്യത്തിലും തെറ്റിയില്ല. ഈ ചിത്രം തനിക്കൊരു പരിശീലനക്കളരിയായിരുന്നുവെന്നും മലയാളികളുടെ സ്‌നേഹത്തിൽ മനസ്സുനിറഞ്ഞ താൻ ഇനിയും മലയാളത്തിൽ വേഷമിടുമെന്നും അവർ പറയുന്നു.
ചിത്രത്തിന്റെ സെറ്റിലെത്തിയ ആദ്യത്തെ പത്തു ദിവസം ചുറ്റുമുള്ളവർ മലയാളം പറയുന്നതുകേട്ട് തനിക്കൊന്നും മനസ്സിലായില്ല. ശരിക്കും അപരിചിതമായ ഈ ഭാഷ കേട്ടപ്പോൾ ഏറ്റവും കഠിനമായ ഭാഷയാണ് മലയാളമെന്നു തോന്നി. കയാദു പറയുന്നു. പതിനഞ്ചു ദിവസത്തെ വർക്‌ഷോപ്പിനു ശേഷമാണ് കഥാപാത്രത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമെല്ലാം അറിവു ലഭിച്ചത്. സഹതാരങ്ങളെല്ലാം നല്ല അനുഭവജ്ഞാനമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ സെറ്റിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുമ്പോഴേയ്ക്കും ഡയലോഗുകളുടെയെല്ലാം അർഥം പഠിച്ചുകഴിഞ്ഞിരുന്നു. കാരണം ഡയലോഗ് മനസ്സിലാക്കി പറഞ്ഞില്ലെങ്കിൽ ആ കഥാപാത്രത്തിന്റെ ആത്മാവ് ഉൾക്കൊണ്ട് അഭിനയിക്കാൻ കഴിയില്ല. സ്‌ക്രിപ്റ്റ് വായിച്ച് സംഭാഷണം മംഗ്ലീഷിൽ എഴുതിയെടുക്കും. അത് ഇംഗ്ലീഷിലേയ്ക്കും ഹിന്ദിയിലേയ്ക്കുമെല്ലാം വിവർത്തനം ചെയ്താണ് പറഞ്ഞത്. അതുകൊണ്ടുതന്നെ കഥാപാത്രം പറയുന്നതെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. ഏതൊരു താരവും ആഗ്രഹിക്കുന്ന കഥാപാത്രമാണ് നങ്ങേലി. ഒരു തുടക്കക്കാരിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രവുമാണിത്. കയാദു മനസ്സു തുറക്കുന്നു.

നങ്ങേലിക്കായുള്ള തയ്യാറെടുപ്പുകൾ?
ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പോലെ വീറും വാശിയുമുള്ള കഥാപാത്രമാണ് നങ്ങേലി. അതിനായി ശാരീരികമായും മാനസികവുമായ തയ്യാറെടുപ്പുകൾ വേണമായിരുന്നു. സ്ത്രീകളുടെ മാനത്തിനായി പോരാടിയ മാറുമറയ്ക്കൽ സമരനായികയാണ് നങ്ങേലി. കഥാപാത്രത്തിനായി ഡയറ്റ് അനുസരിച്ചായിരുന്നു ഭക്ഷണം. നല്ല മെയ്‌വഴക്കവും ആയോധനകലകൾ വശമുള്ളതുമായ കഥാപാത്രമായിരുന്നു നങ്ങേലി. അതിനാൽ കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചെടുത്തു. ആക്ഷൻ സീനുകളിൽ അഭിനയിക്കാൻ ശരീരത്തെ പാകപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മലയാളിയല്ലാത്തതിനാൽ നങ്ങേലിയക്കുറിച്ച് കൃത്യമായി അറിയുമായിരുന്നില്ല. അതിനാൽ നങ്ങേലിയെക്കുറിച്ച് നന്നായി വായിച്ചുമനസ്സിലാക്കി. കൂടാതെ സംവിധായകനോടു ചോദിച്ചും കൂടുതൽ കാര്യങ്ങളറിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രമാണ് പറയുന്നതെങ്കിലും ഞാൻ പുതിയ തലമുറയിലെ ആളായിരുന്നതിനാൽ നങ്ങേലിയുടെ ശരീരഭാഷയും സംസാരരീതിയുമെല്ലാം ശരിക്കും മനസ്സിലാക്കേണ്ടിയിരുന്നു. വിനയൻ സാറിന്റെയും നായകനായ സിജു വിത്സന്റെയും സഹപ്രവർത്തകരുടെയുമെല്ലാം പിന്തുണയാണ് നങ്ങേലിക്ക് തുണയായത്. ഡയലോഗ് പറയുന്നതിൽ എന്തെങ്കിലും പാകപ്പിഴ തോന്നിയാൽ ശരിയാക്കിത്തരാൻ അവരെല്ലാം ഒപ്പമുണ്ടായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെത്തുന്നത്?
ഭരത് എസ്. നാവുണ്ട സംവിധാനം ചെയ്ത മുകിൽപെട്ട എന്ന ചിത്രത്തിൽ അഭിനയിച്ചുകഴിഞ്ഞപ്പോഴായിരുന്നു ഒരു ദിവസം വിനയൻ സാറിന്റെ ഫോൺകാൾ എത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും കഥാപാത്രമായ കയാദുവിനെ അവതരിപ്പിക്കാൻ ഒഡീഷനായി കൊച്ചിയിലെത്തണമെന്നുമായിരുന്നു പറഞ്ഞത്. മലയാള സിനിമയിൽ ആരേയും പരിചയമില്ലെന്ന് അപ്പോൾതന്നെ വിനയൻ സാറിനോടു പറഞ്ഞിരുന്നു. ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ ക്ഷണം. കൊച്ചിയിലെത്തി ഒഡീഷനിൽ പങ്കെടുത്തു. അദ്ദേഹം പറയുന്നതുപോലെ ഓരോ ഷോട്ടും അവതരിപ്പിച്ചു. ഇപ്പോൾ ശരിക്കും സന്തോഷം തോന്നുന്നു. മലയാളത്തിലെ ഒരു ചരിത്ര സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എല്ലാവരേക്കാളും സന്തോഷിക്കുന്നത് ഞാനാണ്. മാത്രമല്ല, നങ്ങേലിയുടെ സ്വഭാവവുമായി ഏറെ സാമ്യമുള്ള പ്രകൃതമാണ് എന്റേത്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണവും കണ്ടുനിൽക്കാൻ എനിക്കാവില്ല. അനീതി കണ്ടാൽ പ്രതികരിക്കുന്ന സ്വഭാവം. ഇതായിരിക്കാം നങ്ങേലിയുമായി വളരെവേഗം ഇഴുകിച്ചേരാൻ കഴിഞ്ഞത്.

സിനിമയിലേയ്ക്കുള്ള എൻട്രി?
ഒരിക്കലും ഒരു അഭിനേത്രിയാകുമെന്ന് കരുതിയിരുന്നില്ല. എങ്കിലും സിനിമകൾ കാണുമ്പോൾ നായികയുടെ അഭിനയം ആസ്വദിക്കുന്നതോടൊപ്പം എന്നെങ്കിലും അവരെപ്പോലെയാകണം എന്നാഗ്രഹിച്ചിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മോഡലിങ്ങിലെത്തുന്നത്. അന്നുമുതൽ സിനിമയിലേയ്ക്കുള്ള യാത്ര തുടങ്ങി എന്നു പറയാം. ഇപ്പോൾ സിനിമയെ ചുറ്റിപ്പറ്റിയാണ് എന്റെ ജീവിതം. സിനിമയെ ഞാൻ അത്രയേറെ സ്‌നേഹിക്കുന്നു.

തെലുങ്കിൽനിന്നും മലയാള സിനിമ വേറിട്ടുനിൽക്കുന്നതെങ്ങിനെ?
തെലുങ്കിലും മലയാളത്തിലുമുള്ള രീതികൾ വ്യത്യസ്തമാണ്. ഇപ്പോൾ മലയാള സിനിമകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കഥാപരമായി മികച്ച പ്രമേയങ്ങളാണ് മലയാള സിനിമകൾ തിരഞ്ഞെടുക്കുന്നത്. അത്തരമുള്ള സിനിമകളൊന്നും തെലുങ്കിൽ ഉണ്ടാകുന്നില്ല. മലയാള സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഇനിയും മലയാള ചിത്രങ്ങളിൽ വേഷമിടണമെന്നുണ്ട്. മലയാളികളെ ഞാനേറെ സ്‌നേഹിക്കുന്നു.

കയാദു എന്ന പേര്?
സ്ഥിരോത്സാഹി അല്ലെങ്കിൽ ശക്തിയുള്ളവൾ എന്നാണ് കയാദുവിന്റെ അർഥം. സംസ്‌കൃതം പേരാണ്. പുരാണത്തിൽ കയാദുവിനെപ്പറ്റി പറയുന്നത് സ്ഥിരോത്സാഹത്തിനും ശക്തിക്കും പേരുകേട്ടയാൾ എന്നാണ്.

കുടുംബവിശേഷം
അസമിലെ റോംഗലിയാണ് ജന്മസ്ഥലം. എന്നാൽ പഠിച്ചതും വളർന്നതുമെല്ലാം മഹാരാഷ്ട്രയിൽ. അച്ഛൻ മോഹൻലാൽ സോഹർ. അമ്മ സുനിത ലോഹർ. സഹോദരൻ ഉദയ് ലോഹർ. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ സിനിമ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ പ്രോത്സാഹനമാണ് എനിക്ക് കരുത്ത്. മലയാളികൾ എന്നെയും നങ്ങേലിയേയും ഏറ്റെടുത്തതിൽ ഏറെ നന്ദിയുണ്ട്. മലയാളമാണ് എനിക്ക് കൂടുതൽ ഇണങ്ങുക എന്നു തോന്നുന്നു. അതിനാൽ കൂടുതൽ മലയാള ചിത്രങ്ങൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണിപ്പോൾ. പ്രദീപ് വർമ്മ സംവിധാനം ചെയ്യുന്ന അല്ലൂരി എന്ന തെലുങ്ക് ചിത്രത്തിൽ വേഷമിട്ട കയാദു പറഞ്ഞുനിർത്തുന്നു.

Latest News