Sorry, you need to enable JavaScript to visit this website.

VIDEO നിര്‍ധനര്‍ക്ക് ആശ്വാസമായി ദുബായില്‍ സൗജന്യ റൊട്ടി വിതരണ ഉപകരണങ്ങള്‍

ദുബായ് - തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ അടക്കമുള്ള നിര്‍ധനര്‍ക്ക് ആശ്വാസമായി ദുബായില്‍ സൗജന്യ റൊട്ടി വിതരണ ഉപകരണങ്ങള്‍.
ധനാഢ്യരും ദശലക്ഷക്കണക്കിന് ദരിദ്രരായ വിദേശ തൊഴിലാളികളും കഴിയുന്ന ദുബായില്‍ ഇത്തരത്തില്‍ പെട്ട ഉപകരണങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഇരുപത്തിനാലു മണിക്കൂറും സൗജന്യ റൊട്ടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആണ് ബ്രെഡ് ഫോര്‍ ഓള്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

സഹായം തേടി തങ്ങളെ സമീപിക്കുന്നതിനു മുമ്പ് നിര്‍ധന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും സഹായം എത്തിക്കുകയെന്ന ആശയമാണ് പദ്ധതിയിലൂടെ  നടപ്പാക്കുന്നെന്ന് മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ സൈനബ് അല്‍തമീമി പറയുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം നിത്യജീവിതം ദുഷ്‌കരമാക്കുന്നതിനിടെയാണ് നിര്‍ധനര്‍ക്ക് ഏറെ ആശ്വാസമായി സൗജന്യ റൊട്ടി വിതരണ പദ്ധതി നടപ്പാക്കുന്നത്. ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന ദുബായും പണപ്പെരുപ്പത്തില്‍ നിന്ന് മുക്തമല്ല. റഷ്യ, ഉക്രൈന്‍ യുദ്ധം കാരണം ലോകമെങ്ങും പണപ്പെരുപ്പം രൂക്ഷമായിട്ടുണ്ട്.
ഈയാഴ്ച പത്തു സ്മാര്‍ട്ട് റൊട്ടി വിതരണ ഉപകരണങ്ങളാണ് ദുബായില്‍ സ്ഥാപിച്ചിരിക്കുന്നത്. അറേബ്യന്‍ റൊട്ടി, സാന്റ്‌വിച്ച് റൊട്ടി, ചപ്പാത്തി എന്നിവയാണ് സ്മാര്‍ട്ട് ഉപകരണം വഴി വിതരണം ചെയ്യുന്നത്. റൊട്ടിയുടെ വില ഉപകരണം വഴി അടക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയും. മുന്‍കൂട്ടി തയാറാക്കിയ ഫ്രോസന്‍ റൊട്ടി സ്മാര്‍ട്ട് ഉപകരണത്തിലെ ടച്ച് സ്‌ക്രീന്‍ വഴി ഓര്‍ഡര്‍ നല്‍കിയാലുടന്‍ ചൂടാക്കി ബോക്‌സിലാക്കി നല്‍കുകയാണ് ചെയ്യുന്നത്. ആവശ്യത്തിനനുസരിച്ച് റൊട്ടി ബോക്‌സുകള്‍ സ്മാര്‍ട്ട് ഉപകരണത്തില്‍ നിറക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി അധികൃതര്‍ പറയുന്നു. ഓരോ ഉപകരണത്തിലും ഒരേ സമയം 68 ബോക്‌സുകള്‍ വരെ നിറക്കാന്‍ സാധിക്കും. ഇതില്‍ ഓരോ ബോക്‌സിലും നാലു റൊട്ടികള്‍ വീതമാണുള്ളത്. ആവശ്യത്തിനനുസരിച്ച് ദിവസത്തില്‍ രണ്ടോ മൂന്നോ തവണയാണ് ഉപകരണങ്ങളില്‍ റൊട്ടികള്‍ നിറക്കുന്നതെന്നും മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി അധികൃതര്‍ പറയുന്നു.
സൗജന്യ റൊട്ടി വിതരണമുണ്ടെന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് റൊട്ടി കൈപ്പറ്റാന്‍ താന്‍ എത്തിയതെന്ന് സൗജന്യ റൊട്ടി വിതരണ ഉപകരണത്തിനു സമീപം കണ്ട, പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേപ്പാളി യുവാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ ദുബായില്‍ ഭക്ഷ്യവസ്തുക്കളുടെ വില 8.75 ശതമാനം തോതില്‍ വര്‍ധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഗതാഗത ചെലവ് 38 ശതമാനനത്തിലേറെ ഉയര്‍ന്നിട്ടുണ്ട്.
ദുബായിലെ ജനസംഖ്യ ഒരു കോടിയോളമാണ്. ഇതില്‍ 90 ശതമാനവും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള നിര്‍ധന തൊഴിലാളികളാണ്. അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മിക്കാനും റിയല്‍ എസ്റ്റേറ്റ് മുതല്‍ ആഢംബര ടൂറിസം വരെയുള്ള സേവന മേഖലക്ക് പിന്തുണ നല്‍കാനും ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെ ദുബായ് ആശ്രയിക്കുന്നു.
ഓരോ കാറും കഴുകുന്നതിന് മൂന്നു ദിര്‍ഹം തോതിലാണ് തനിക്ക് ലഭിക്കുന്നതെന്നും ഉപയോക്താക്കള്‍ നല്‍കുന്ന ദാനങ്ങളിലൂടൊണ് മാസത്തില്‍ 700 ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെ താന്‍ നേടുന്നതെന്നും മൂന്നു വര്‍ഷമായി ദുബായില്‍ കാര്‍ കഴുകുന്ന ജോലി ചെയ്യുന്ന ബിഗാന്ദര്‍ പറയുന്നു. താമസ, ഗതാഗത ചെലവുകള്‍ തൊഴിലുടമ വഹിക്കുന്നു. എന്നാല്‍ ഭക്ഷണത്തിനുള്ള ചെലവ് തൊഴിലുടമ നല്‍കില്ല - ബിഗാന്ദര്‍ പറയുന്നു.
അനുദിനം ജീവിതം കൂടുതല്‍ ദുഷ്‌കരമാകുന്നതിന്റെ സൂചനയെന്നോണം, ഇന്ധന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മേയില്‍ ദുബായില്‍ ഡെലിവറി തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ഇത്തരം സമരങ്ങള്‍ ദുബായില്‍ അത്യപൂര്‍വമാണ്. പ്രതിമാസ വരുമാനം 25,000 ദിര്‍ഹത്തില്‍ കുറഞ്ഞ യു.എ.ഇ കുടുംബങ്ങള്‍ക്കുള്ള സാമൂഹിക സഹായം ഇരട്ടിയായി ജൂലൈയില്‍ ദുബായ് അധികൃതര്‍ ഉയര്‍ത്തിയിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും പലിശയും മൂലം കടുത്ത സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് ഇരുപതു വര്‍ഷമായി ദുബായില്‍ കഴിയുന്ന, സ്വകാര്യ കമ്പനി ഓപ്പറേഷന്‍സ് മാനേജറായ ജോര്‍ദാനി ഫാദി അല്‍റശീദ് പറയുന്നു. ജീവിതച്ചെലവുകള്‍ ഉയര്‍ന്നതോടെ കുറഞ്ഞ വേതനം ലഭിക്കുന്ന നിരവധി പേര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇനി കഴിയില്ലെന്നും ഫാദി അല്‍റശീദ് പറയുന്നു. യു.എ.ഇയില്‍ 87.2 ലക്ഷം കുടിയേറ്റ തൊഴിലാളികളുള്ളതായി യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

 

Latest News