കളമശേരി ബസ് കത്തിക്കൽ സൗദിയിൽനിന്നെത്തിയ നാലാം പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

കൊച്ചി- കളമശേരി ബസ് കത്തിക്കൽ കേസിൽ സൗദി അറേബ്യയിൽനിന്ന്  നാടു കടത്തിയ നാലാം പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കണ്ണൂർ തവക്കര പള്ളിയകത്ത് വീട്ടിൽ ഷെഫീക്ക് (38) ആണ് അറസ്റ്റിലായത്. 
കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ അറസ്റ്റ് ചെയ്ത് വിചാരണത്തടവുകാരനായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് 2005 സെപ്റ്റംബർ ഒമ്പതിന് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് കളമശേരിയിൽ തീവെച്ചു നശിപ്പിച്ച സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷെഫീക്കിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എട്ടു മാസം മുമ്പ് സൗദി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. എട്ടു മാസം റിയാദിലെ ജയിലിൽ കഴിഞ്ഞ ശേഷമാണ് സൗദി അറേബ്യയിൽനിന്ന് ഇയാളെ നാടു കടത്തിയത്. റിയാദിൽനിന്ന് വ്യാഴാഴ്ച ദൽഹി വിമാനത്താവളത്തിലെത്തിച്ച ഷെഫീക്കിനെ അവിടെ എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
ദൽഹിയിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം വ്യാഴാഴ്ച രാത്രിയോടെ ഇയാളെ വിമാനമാർഗം കൊച്ചിയിൽ കൊണ്ടുവന്നു. ഇന്നലെ വൈകീട്ട് എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ മുഖം മൂടിയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് എൻ.ഐ.എ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
അബ്ദുന്നാസർ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉൾപ്പെടെ 14 പേരെ പ്രതി ചേർത്തിട്ടുള്ള കേസിൽ തടിയന്റവിട നസീറാണ് മുഖ്യപ്രതി. 14 ാം പ്രതി മുഹമ്മദ് സാബിർ ഇപ്പോഴും ഒളിവിലാണ്. കേസിലെ അഞ്ചിലേറെ പ്രതികൾ വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്. സൂഫിയ മഅ്ദനി അടക്കമുള്ള ആറ് പ്രതികൾ ജാമ്യത്തിലിറങ്ങി. 

Latest News