വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന നിരവധി പേരുണ്ട്- ഭാവന 

തൃശൂര്‍- 'എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല' -ഭാവന കുറിച്ചു.
വസ്ത്രധാരണത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ഭാവന. ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള ചിത്രങ്ങളില്‍ കാണുന്നത് തന്റെ ശരീര ഭാഗമല്ലെന്നും ശരീരത്തിന്റെ നിറമുള്ള സ്ലിപ്പാണെന്നും ഭാവന പറയുന്നു. യഥാര്‍ഥ ചിത്രം ഭാവന സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
വെളുത്ത ടോപ്പ് ധരിച്ചുകൊണ്ട് ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ ഭാവനയുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നായിരുന്നു പ്രചരണം. കൈ ഉയര്‍ത്തുമ്പോള്‍ താരത്തിന്റെ ശരീരം കാണുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ടോപ്പിന് കീഴില്‍ ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്.
ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. ധാരാളം പേര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചവര്‍ക്കും കണ്ടവര്‍ക്കും അത് മനസിലാകും. ടോപ്പ്  മാത്രം ധരിച്ച് പുറത്ത് പോകുന്ന ഒരാളല്ല ഞാന്‍. . ആക്ഷേപിക്കുന്നതിലൂടെ മനസുഖം കിട്ടുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ഭാവന പറഞ്ഞു.

Latest News