കതുവ പീഡനക്കൊലക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ കതുവയില്‍ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തില്‍ ഒളിപ്പിച്ച് ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ  കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു പറ്റം ഹരജികള്‍ കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് വിചാരണ മേയ് ഏഴു വരെ സുപ്രീം കോടതി സറ്റേ ചെയ്തത്. കേസില്‍ ജമ്മുകശ്മീരില്‍ ഭരണകക്ഷിയായ ബിജെപി എംഎല്‍എമാരുടേയും മറ്റും രാഷ്ട്രീയ ഇടപെടലുകളുണ്ടായ പശ്ചാത്തലത്തില്‍ ജമ്മുവില്‍ നീതിപൂര്‍വകമായ വിചാരണ നടക്കില്ലെന്നും കുടുംബത്തിന് ഭീഷണിയുണ്ടെന്നും വിചാരണ ചണ്ഡീഗഢിലേക്കു മാറ്റണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഇതിനു പിന്നാലെയാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും കോടതിയിലെത്തിയത്. ഈ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇന്നു സുപ്രീം കോടതി ജഡ്ജിയായ ചുമതലയേറ്റ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് കേസ് ഇനി പരിഗണിക്കുന്ന മേയ് ഏഴു വരെ വിചാരണ സ്റ്റേ ചെയ്തത്.

ജനുവരി 10-നാണ് കതുവയിലെ നാടോടി മുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടിയെ കാണാതായത്. ഏറെ തിരച്ചിലുകള്‍ക്കു ശേഷം ഒരാഴ്ച കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ജമ്മു കശ്മീര്‍ പോലീസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തിലൊളിപ്പിച്ച് ക്രൂരമായി പീഡിപ്പച്ചതായി തെളിഞ്ഞു. കതുവയിലെ രസാന ഗ്രാമത്തില്‍ നിന്നും മുസ്ലിം കുടുംബങ്ങളെ ഒഴിവാക്കാന്‍ അവര്‍ക്കിടിയല്‍ ഭീതിപരത്താനാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്യപ്പെട്ടതെന്നും പോലീസ് അന്വേഷണത്തില്‍് വ്യക്തമായിരുന്നു. പോലീസുകാരും മുന്‍ സര്‍ക്കാരുദ്യോഗസ്ഥനുമടക്കം കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ ബന്ധമുള്ളവര്‍ ദേശീയ പതാകയേന്തി പ്രകടനം നടത്തിയും ഇവര്‍ക്കു വേണ്ടി ജമ്മു ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയും വലിയ വാര്‍ത്തയായിരുന്നു. 


 

Latest News