Sorry, you need to enable JavaScript to visit this website.

ബി. ജെ. പി ഭരണത്തില്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നെന്ന് സീതാറാം യെച്ചുരി

ന്യൂദല്‍ഹി- ബി. ജെ. പി. ഭരണത്തില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്ത സാഹചര്യമാണ് ഉണ്ടായതെന്ന് സി. പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമ്പന്നരുടെ പട്ടികയില്‍ 330-ാമത് ആയിരുന്ന വ്യക്തി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. നരേന്ദ്ര മോദി ഭരണത്തില്‍ കോര്‍പ്പറേറ്റുകള്‍ മാത്രമാണ് കൊഴുക്കുന്നതെന്നും വര്‍ഗീയ ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യസ്നേഹികളായ എല്ലാവരുടേയും കടമയാണെന്നും യെച്ചൂരി പറഞ്ഞു. 

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുകയാണ്. പൊതുമേഖലയെന്നത് രാജ്യത്തിന്റെ സ്വത്താണ്. ജനങ്ങളാണ് ഉടമകള്‍. അവരുടെ അനുമതിയില്ലാതെയാണ് മേല്‍നോട്ടക്കാരന്‍ മാത്രമായ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല അപ്പാടെ വിറ്റഴിക്കുന്നത്. അതിനാല്‍ പൊതുസ്വത്ത് കൊള്ളയടിക്കുന്ന മേല്‍നോട്ടക്കാരനെ 2024ല്‍ നീക്കണമെന്നും  യെച്ചൂരി പറഞ്ഞു.

വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണ് സംഘപരിവാറിനുള്ളത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് വികസനത്തെ പിന്നോട്ടടിപ്പിക്കുയാണ് ചെയ്യുക. ഈ ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ദുരിതങ്ങളില്‍ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്. ജനകീയ പ്രശ്നങ്ങള്‍ക്കൊന്നും സര്‍ക്കാരിന് പരിഹാരമില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Tags

Latest News