Sorry, you need to enable JavaScript to visit this website.

മ്യൂച്ച്വൽ ഫണ്ട് മാജിക്ക്

മ്യൂച്ച്വൽ ഫണ്ടുകളുടെ സങ്കീർണത പലരെയും ഭയപ്പെടുത്തുന്നതാണ്. എന്നാൽ എന്താണ് മ്യൂച്ച്വൽഫണ്ട് എന്ന് പലർക്കും അറിയില്ല. വളരെ ലളിതമായി പറഞ്ഞാൽ ഒരു കൂട്ടം ആളുകളിൽ അല്ലെങ്കിൽ നിക്ഷേപകരിൽനിന്നും സമാഹരിക്കുന്ന പണം ഒന്നായി ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്ച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരായിരിക്കും  ഈ ഫണ്ട് മാനേജ് ചെയ്യുന്നത്. പൊതുവായ നിക്ഷേപലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽനിന്ന് പണം സമാഹരിക്കുന്ന ഒരു ട്രസ്റ്റ് ആയിരിക്കും ഇത് കൈകാര്യം ചെയ്യുന്നത്. അവർ ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകളിലും  അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കും. അവ ഒരോ നിക്ഷേപകനും യൂണിറ്റുകളായി നൽകും. ഫണ്ടിന്റെ ഹോൾഡിങ്ങുകളുടെ ഒരു ഭാഗമാണ് യൂണിറ്റുകൾ. ഈ കൂട്ടായ നിക്ഷേപത്തിൽനിന്നും ലഭിക്കുന്ന ലാഭം നിശ്ചിത ചെലവുകൾ കിഴിച്ച് നിക്ഷേപകർക്ക് ആനുപാതികമായി വിതരണം ചെയ്യും. കൃത്യമായി പറഞ്ഞാൽ സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് മ്യൂച്ചൽ ഫണ്ട്. കുറഞ്ഞ ചെലവിൽ പ്രൊഫഷണലായി മാനേജ് ചെയ്യുന്ന സെക്യൂരിറ്റികളുടെ ഗണത്തിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇവ നൽകുന്നത്.

മ്യൂച്ച്വൽ ഫണ്ടിന്റെ നേട്ടങ്ങൾ

സ്വന്തം നിക്ഷേപം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് പലരും ഭയപ്പെടാറുണ്ട്. അവിടെയാണ് പ്രൊഫഷണൽ ഫണ്ട് മാനേജ്‌മെന്റുകളുടെ സാന്നിധ്യം സഹായമാകുന്നത്. പ്രൊഫഷണൽ മാനേജ്‌മെന്റ് കമ്പനികൾ അവരുടെ ജീവനക്കാരുടെ വിദ്യാഭ്യാസം, അനുഭവപരിജ്ഞാനം, നൈപുണ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ചുമതലകൾ ഏൽപിക്കുന്നത്. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനുള്ള സമയമോ സാഹചര്യമോ ഇല്ലാതെ വരുമ്പോഴാണ് പ്രൊഫഷണലുകളെ സമീപിക്കുന്നത്.

പണം പല മടങ്ങാകുന്ന വിദ്യ


ബാലകൃഷ്ണൻ പത്തുവർഷം മുൻപാണ് പതിനായിരം രൂപ എസ്.ബി. ഐ.യുടെ സ്‌മോൾ ക്യാപ് ഫണ്ടിലിട്ടത്. ഇന്ന് അത് 98,672 രൂപയായി ഉയർന്നിരിക്കുന്നു. ബാലകൃഷ്ണന്റെ നിക്ഷേപം ബാങ്കിലായിരുന്നെങ്കിൽ അദ്ദേഹത്തിന് പത്തുവർഷത്തെ പലിശ ഒൻപതു ശതമാനം കണക്കാക്കിയാൽ കിട്ടുന്നത് 24,352 രൂപയായിരിക്കും. സ്ഥിരനിക്ഷേപത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചത് നാലു മടങ്ങിലേറെയാണ്. ബാങ്കിലെ ഒൻപതു ശതമാനം പലിശയ്ക്കു പകരം അദ്ദേഹത്തിന് ലഭിച്ചത് 25 ശതമാനത്തിൽ കൂടുതൽ പലിശയാണ്.
മറ്റൊരിടത്ത് ഒന്നിച്ച് പണം നിക്ഷേപിക്കാനില്ലാതിരുന്ന ലക്ഷ്മി പത്തു വർഷം മുൻപ് ഇതേ ഫണ്ടിൽ മാസം ആയിരം രൂപ വീതം നിക്ഷേപിക്കുന്ന എസ്. ഐ.പിയിലാണ് ചേർന്നത്. ഇപ്പോഴത്ത് 4,32,208 രൂപയായി ഉയർന്നിരിക്കുന്നു. പത്തു വർഷം കൊണ്ട് മൊത്തം 1,20,000 രൂപയാണ് ലക്ഷ്മി നിക്ഷേപിച്ചത്. മ്യൂച്ചൽ ഫണ്ടിൽ മാജിക്ക് കാണിക്കുന്ന എസ്. ഐ.പിയിലൂടെ ലഭിച്ചതാണ് ഇത്രയും ഉയർന്ന വരുമാനം. ഈ പണം ബാങ്കിലോ പോസ്റ്റ് ഓഫീസിലോ റിക്കറിംഗ് ഡെപ്പോസിറ്റായാണ് നിക്ഷേപിച്ചതെങ്കിൽ ഒൻപതു ശതമാനം പലിശ സഹിതം ലഭിക്കുന്നത് 1,97,734 രൂപ മാത്രമായിരിക്കും.

നഷ്ടസാധ്യതയും ഏറെ


മ്യൂച്ച്വൽ ഫണ്ടിന് നഷ്ടസാധ്യതകളേറെയാണ്. ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടാകുമ്പോൾ അപകടസാധ്യത പിന്നെയും കൂടുന്നു. മ്യൂച്ചൽ ഫണ്ട് കമ്പനികളും ഇടനിലക്കാരും വിപണി നിയന്ത്രിക്കുന്ന സെബിയും മ്യൂച്ചൽ ഫണ്ട് കമ്പനികളുടെ അസോസിയേഷനായ ആംഫിയും ഇക്കാര്യം ആവർത്തിച്ചുപറയുന്നുണ്ട്. ബാങ്കിലാണെങ്കിൽ നിക്ഷേപിക്കുന്ന കാലയളവ് മുഴുവൻ പലിശ ഉറപ്പായും ലഭിക്കും. എന്നാൽ മ്യൂച്ചൽ ഫണ്ടിൽ നിശ്ചിതമായ നേട്ടം ഉണ്ടാകുമെന്ന് ആരും പറയുന്നില്ല. കാരണം അത്തരമൊരു ഉറപ്പ് ഇതിന് നൽകാനാവില്ല. കാരണം ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകൾക്കു മാത്രമേ ഉയർന്ന ആദായം നൽകാനാവൂ. ഓഹരിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇവിടെയും സംഭവിക്കാം. നഷ്ടവും അപകടസാധ്യതയുമുണ്ട്.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വമുണ്ടെങ്കിലും ഏഴു ശതമാനം പലിശ മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളു. ഫലമോ നിക്ഷേപിക്കുന്ന പണത്തിന് കാര്യമായ നേട്ടമില്ല. കഷ്ടപ്പെട്ട് മിച്ചംപിടിച്ചുണ്ടാക്കുന്ന പണത്തിന് കൂടുതൽ നേട്ടം ലഭിക്കുന്നില്ലെങ്കിൽ എന്തു ഫലം.
നാല്പതിലേറെ മ്യൂച്ചൽ ഫണ്ട്് കമ്പനികളുടേതായി 2500 ഓളം പദ്ധതികളുണ്ട്. അവയിൽ പകുതിയിലേറെയും ഇ്ക്വിറ്റി ഫണ്ടുകളാണ്. ഇവയെ ലാർജ്, സ്മാൾ, മിഡ് ക്യാപ് എന്നിങ്ങനെ പതിനൊന്നു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഏറെ ആദായം നൽകിയത് ഇക്വിറ്റി ഫണ്ടുകളാണ്. ആഗസ്റ്റ് മാസം ആദ്യവാരം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഓരോ വിഭാഗത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കിവേണം അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. മാത്രമല്ല, ഫണ്ട് ഏതു കമ്പനിയുടേതാണെന്നും റേറ്റിംഗ് ഏജൻസി എത്ര സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ടെന്നും അറിഞ്ഞിരിക്കണം. അതിനുശേഷം മാത്രമേ ഓരോ നി്‌ക്ഷേപകനും തനിക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കേണ്ടത്.

നഷ്ടസാധ്യത മറികടക്കാം


മികച്ചതും അനുയോജ്യവുമായ ഫണ്ട്  കണ്ടെത്തി ദീർഘകാലത്തേയ്ക്കു നിക്ഷേപിച്ചാൽ ഇക്വിറ്റി ഫണ്ടിലെ നഷ്ടസാധ്യതകൾ മറികടക്കാനാവുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ആവശ്യമായ മുൻകരുതലുകളും സുരക്ഷയും ഏർപ്പെടുത്തി അവയെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. നഷ്ടസാധ്യത അറിഞ്ഞുകൊണ്ടുതന്നെ ഇക്വിറ്റി ഫണ്ടിൽ പണം നിക്ഷേപിക്കുക. തുടർന്ന് തികഞ്ഞ ജാഗ്രതയും മുൻകരുതലും എടുക്കുകയാണ് വേണ്ടത്.
ഇക്വിറ്റി ഫണ്ടിലെ നഷ്ടസാധ്യത മറികടക്കാൻ അനുയോജ്യമായത് ദീർഘകാല നിക്ഷേപം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. വിപണിയിലെ ചാഞ്ചാട്ടവും നഷ്ടസാധ്യതയും സംഭവിക്കുന്നത് ചെറിയ കാലയളവിൽ നിക്ഷേപം നടത്തുമ്പോഴാണ്. ദീർഘകാല നിക്ഷേപത്തിന് മികച്ച നേട്ടമാണ് പലപ്പോഴും ലഭിക്കുന്നത്. അഞ്ചോ പത്തോ വർഷത്തേയ്ക്ക് നിക്ഷേപം നടത്തുമ്പോൾ ഇക്വിറ്റി ഫണ്ടിന്റെ നഷ്ടസാധ്യത വലിയൊരു അളവുവരെ ഒഴിവാക്കാൻ കഴിയും.
മറ്റൊന്ന് ഫണ്ട് തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളാണ്. വിപണിയിൽ ആയിരക്കണക്കിന് ഫണ്ടുകളുണ്ട്. അവയിൽ ഏതിലാണ് നിക്ഷേപിക്കേണ്ടത് എന്നത് നിർണ്ണായകമാണ്. ചില ഫണ്ടുകൾ മികച്ച നേട്ടം നൽകുമ്പോൾ മറ്റു ചിലത് നഷ്ടത്തിലാണ് കലാശിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ചതും നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യവുമായ ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുക എന്നത് പ്രധാന ഘടകമാണ്.
തെരഞ്ഞെടുക്കുന്ന ഫണ്ട് മികച്ചതാകാനുള്ള സാധ്യത പലപ്പോഴും കുറവായിരിക്കും. കാരണം അതുവരെയുള്ള കണക്കുകൾ വച്ചുമാത്രമേ ഏതൊരു ഫണ്ടിനെയും വിലയിരുത്താനാവൂ. ഭാവിയിൽ അവ നൽകുന്ന നേട്ടത്തെക്കുറിച്ച് നമുക്ക് ഊഹിക്കാനാവില്ല. അതുകൊണ്ട് മുൻകാലപ്രവർത്തനങ്ങൾ വിലയിരുത്തിവേണം ഓരോ ഫണ്ടിലും നിക്ഷേപം നടത്താൻ. മാത്രമല്ല, വർഷത്തിൽ ഒരിക്കലെങ്കിലും അവയുടെ പ്രവർത്തനം വിലയിരുത്തേണ്ടതുണ്ട്. നഷ്ടത്തിലാണ് സഞ്ചാരമെങ്കിൽ ഫണ്ട് മാറ്റിയെടുക്കാനും ശ്രദ്ധിക്കണം. നഷ്ടസാധ്യത മറികടക്കാൻ ഇതുമാത്രമേ പോംവഴിയുള്ളു.
ശരാശരി നേട്ടം നൽകിയ ഫണ്ടുകൾ പോലും ബാങ്ക് ്‌സ്ഥിര നിക്ഷേപത്തേക്കാളും റെക്കറിംഗ് ഡെപ്പോസിറ്റിനേക്കാളും ആകർഷകമാണെന്ന് പറയാതെ വയ്യ. എങ്കിലും ശരിയായി വിലയിരുത്തി നല്ലൊരു ഫണ്ട് കണ്ടെത്തി ദീർഘമായ കാലയളവിലേയ്ക്കായി നിക്ഷേപം നടത്തിയാൽ വലിയ നഷ്ടസാധ്യതയെ നേരിടേണ്ടിവരില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

യുവതലമുറയ്ക്ക് ചെയ്യാനുള്ളത്

ചെറുപ്രായത്തിൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്നതിനാൽ മുഴുവൻ നിക്ഷേപവും ഓഹരിയിലാകാമെന്നാണ് വിദഗ്ദ്ധർ കണ്ടെത്തുന്നത്. ജോലി ലഭിച്ചു്കഴിഞ്ഞാൽ വരുമാനത്തിന്റെ ഇരുപത്തഞ്ചു ശതമാനം ഇക്വിറ്റി ഫണ്ടിൽ എസ്. ഐ.പിയായി ചേരുക. ഇരുപത്തഞ്ചു വയസ്സിൽ ജോലി ലഭിക്കുന്ന ഒരാൾക്ക് മുപ്പത്തഞ്ചു വയസ്സിൽ വീടു വയ്ക്കാൻ പത്തുവർഷത്തെ കാലയളവുണ്ട്. ഈ സമയമാകുമ്പോൾ എസ്. ഐ.പിയിൽ നല്ലൊരു തുകയുണ്ടാകും. ആ സമയത്ത് വിപണി തകർച്ചയിലാണെങ്കിൽ പ്രതീക്ഷിച്ച തുക ലഭിക്കാതെയും ആകാം. ഇത്തരം ഘട്ടത്തിൽ ഒരു വർഷം മുൻപെങ്കിലും നിക്ഷേപം  ഡെറ്റ് ഫണ്ടുകളിലേയ്ക്കു മാറ്റാനുള്ള അവസരമുണ്ട്. ഈ രീതിയിൽ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള തുക സ്വരൂപിക്കാനാവും. വരുമാനം കൂടുന്നതനുസരിച്ച് ന്ിക്ഷേപത്തുകയും വർദ്ധിപ്പിക്കണം. ഇത്തരത്തിലൂടെ ഓരോ വർഷം അഞ്ചോ പത്തോ ശതമാനം വർദ്ധിപ്പിക്കുകയാണെങ്കിൽ ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങൾക്കും ആവശ്യമായ പണം ഏറെ ബുദ്ധിമുട്ടില്ലാതെ സമാഹരിക്കാനാകുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Latest News