ന്യൂദൽഹി- തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദൽഹിയിൽ നിന്ന് കർണാടകയിലേക്കു പോയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഉലഞ്ഞു.
രാവിലെ 9.20 ഓടെ ദൽഹിയിൽ നിന്ന് തിരിച്ച വിമാനത്തിൽ 10.45 ഓടെയാണ് തകരാർ കണ്ടതെന്നു കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു.
പല തവണ കറങ്ങിയ വിമാനം ഉലഞ്ഞതായും താഴേക്കു ചെരിഞ്ഞതായും ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷനു (ഡി.ജി.സി.എ) നൽകിയ പരാതിയിൽ പറ ഞ്ഞു. ചാർട്ടേഡ് വിമാനം ഹൂബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ തെന്നിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തനരഹിതമായ വിമാനം പതിനൊന്നരയോടെ മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ലിയിൽ ഇറക്കാൻ സാധിച്ചത്.
വിമാനത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു കൈലാഷ് വിദ്യാർഥി കർണാടക ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. രാംപ്രീത്, രാഹുൽ രവി, എസ്.പി.ജി ഉദ്യോഗസ്ഥൻ രാഹുൽ ഗൗതം എന്നിവരാണു കൈലാഷിനെ കൂടാതെ രാഹുലിനൊപ്പം ചാർട്ടേഡ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കൂടുതൽ വിശദാംശങ്ങൾക്കായി സുരക്ഷാ സൈനികർ കാബിൻ ജോലിക്കാരേയും രണ്ടു പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ഓട്ടോ പൈലറ്റ് മോഡിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതെന്നും മാന്വൽ സംവിധാനത്തിലേക്കു മാറ്റിയ ശേഷം പൈലറ്റ് സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യുകയായിരുന്നുവെന്നും ഡി.ജി.സി.എ അറിയിച്ചു.
വിമാനങ്ങളിൽ ഓട്ടോ പൈലറ്റ് സംവിധാനത്തിലുണ്ടാകുന്ന ഇത്തരം പാളിച്ചകൾ അസാധാരണമല്ലെന്നും അന്വേഷണം നടത്തുമെന്നും ഡി.ജി.സി.എ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഹുൽ ഗാന്ധിയെ ഫോണിൽ വിളിച്ചു വിവരങ്ങൾ ആരാഞ്ഞു.