Sorry, you need to enable JavaScript to visit this website.

റയലിലെ കൂട്ടുകാർ മുഖാമുഖം

ഗ്രൂപ്പ് എഫ്

യൂറോപ്യൻ ഫുട്‌ബോളിലെ രണ്ട് വമ്പന്മാർ ഏറ്റുമുട്ടുന്ന ഗ്രൂപ്പാണ് ഇത്. ബെൽജിയം കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണ്. ലോക റാങ്കിംഗിൽ സമീപകാലം വരെ ഒന്നാം സ്ഥാനത്തായിരുന്നു അവർ. ക്രൊയേഷ്യ കഴിഞ്ഞ ലോകകപ്പിൽ ഏവരെയും അമ്പരപ്പിച്ച് ഫൈനൽ കളിച്ച ടീമാണ്. മൊറോക്കോയും കാനഡയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അനിശ്ചിതത്വങ്ങളിലൂടെയാണ് മൊറോക്കൊ കടന്നുവരുന്നത്. എങ്കിലും കഴിഞ്ഞ ലോകകപ്പിൽ ഒന്നാന്തരം പ്രകടനം കാഴ്ചവെച്ചിരുന്നു അവർ. കാനഡ രണ്ടാം തവണയാണ് ലോകകപ്പ് കളിക്കുന്നത്. ആദ്യ ലോകകപ്പ് കളിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം. എങ്കിലും ഇത്തവണ കോൺകകാഫ് മേഖലയിൽ അപ്രതീക്ഷിതമായി ആദ്യ സ്ഥാനത്തെത്തിയ ടീമാണ് അവർ. ബെൽജിയവും ക്രൊയേഷ്യയും ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തുമെന്നാണ് കരുതേണ്ടത്. പക്ഷെ ഇരു ടീമുകൾക്കും കനത്ത വെല്ലുവിളി ഉയർത്താൻ മൊറോക്കോക്കും കാനഡക്കും കഴിയും. റയൽ മഡ്രീഡിലെ സഹതാരങ്ങളായ ലൂക്ക മോദ്‌റിച്ചും എഡൻ ഹസാഡും തിബൊ കോർടവയും ഈ ഗ്രൂപ്പിൽ മുഖാമുഖം വരും. 

അവസാന ബസ്

ടീം: ബെൽജിയം
ഫിഫ റാങ്കിംഗ്: 2
ലോകകപ്പിൽ: പതിനാലാം തവണ
മികച്ച പ്രകടനം: മൂന്നാം സ്ഥാനം (2018)
മികച്ച കളിക്കാരൻ: എഡൻ ഹസാഡ്
കോച്ച്: റോബർടൊ മാർടിനസ്
സാധ്യത: ക്വാർട്ടർ ഫൈനൽ


ബെൽജിയം തുടർച്ചയായ മൂന്നാമത്തെ ലോകകപ്പാണ് കളിക്കുക. ബെൽജിയത്തിന്റെ സുവർണ തലമുറക്ക് ലോക ഫുട്‌ബോളിൽ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള അവസാന അവസരമാണ് ഇത്. കഴിഞ്ഞ ലോകകപ്പിൽ അവർ കിരീടത്തിനടുത്തെത്തി. ഇത്തവണ വലിയ പ്രതീക്ഷകളുമായല്ല ടീം വരുന്നത്. സുവർണ തലമുറക്ക് പ്രായമായിത്തുടങ്ങി. അപൂർവ റെക്കോർഡിന് ഉടമകളാണ് ബെൽജിയം. ലോകകപ്പോ മേഖലാ കിരീടമോ നേടാതെ ലോക ഒന്നാം നമ്പറായ ഏക ടീമാണ് ബെൽജിയം. 
യോഗ്യതാ റൗണ്ടിൽ അപരാജിതരായിരുന്നു ബെൽജിയം. എങ്കിലും മുൻനിരയിലും പിൻനിരയിലും അവർക്ക് പ്രശ്‌നങ്ങളുണ്ട്. പിൻനിരയിൽ യാൻ വെർടോംഗനും ടോബി അൽഡർവെയ്‌റൾഡിനും മൊത്തം 69 വയസ്സായി. മുൻനിരയിൽ റൊമേലു ലുകാകുവിന് പരിക്കാണ്. എഡൻ ഹസാഡ് ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. എന്നാൽ മധ്യനിരയിൽ ലോകത്തിലെ മികച്ച കളിക്കാരിലൊരാൾ ബെൽജിയം നിരയിലുണ്ട് -മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയ്‌നെ. തിബൊ കോർടവ മികച്ച ഗോളിമാരിലൊരാളാണ്. 
എൺപതുകളിലും തൊണ്ണൂറുകളിലുമായിരുന്നു ബെൽജിയത്തിന്റെ ആദ്യ സുവർണ ഘട്ടം. 1980 ലെ യൂറോ കപ്പിൽ റണ്ണേഴ്‌സ്അപ്പായി, 1986 ലെ ലോകകപ്പിൽ സെമി ഫൈനലിലെത്തി. കിരീടമില്ലാതെ ആ തലമുറ കടന്നുപോയി. കഴിഞ്ഞ പതിറ്റാണ്ടിലാണ് വീണ്ടും അവർ കരുത്തു കാട്ടിയത്. 2015 ൽ ലോക ഒന്നാം നമ്പറായി. 
1982 ലെ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെയും നാലു വർഷത്തിനു ശേഷം നോക്കൗട്ട് റൗണ്ടുകളിൽ എക്‌സ്ട്രാ ടൈമിൽ സോവിയറ്റ് യൂനിയനെയും ഷൂട്ടൗട്ടിൽ സ്‌പെയിനിനെയും തോൽപിച്ചു. മറഡോണയുടെ അർജന്റീനയോടാണ് സെമിയിൽ തോറ്റത്. 2014 ലെ ലോകകപ്പിലും ക്വാർട്ടറിൽ അർജന്റീനക്കു മുന്നിലാണ് മുട്ടുമടക്കിയത്. 2018 ലെ ലോകകപ്പിൽ ബെൽജിയം ചാമ്പ്യന്മാരാവുമെന്ന് പലരും വിലയിരുത്തി. ക്വാർട്ടറിൽ അവർ ബ്രസീലിനെ അട്ടിമറിച്ചു. എന്നാൽ സെമിയിൽ ഫ്രാൻസിനോട് തോറ്റു. ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് മടങ്ങിയത്. കഴിഞ്ഞ യൂറോ കപ്പിൽ ഉജ്വല ഫോമിലാണ് ബെൽജിയം എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ റഷ്യയെയും ഡെന്മാർക്കിനെയും ഫിൻലന്റിനെയും തോൽപിച്ചു. പ്രി ക്വാർട്ടറിൽ പോർചുഗലിനെ കടന്നു. എന്നാൽ ക്വാർട്ടറിൽ ഇറ്റലിക്കു മുന്നിൽ അടിയറവ് പറഞ്ഞു. 
2018 ലെ ഉയരങ്ങളിൽ നിന്ന് ബെൽജിയം പിന്നോട്ടു പോയി. ഹസാഡിന്റെ ഫോമാണ് ഇത്തവണ ടീമിനെ വലക്കുന്നത്. ഈ സീസണിൽ 158 മിനിറ്റാണ് ഹസാഡ് ആകെ റയൽ മഡ്രീഡിന് കളിച്ചത്. സെൽറ്റിക്കിനെതിരെ ഈ മാസം പ്രതാപത്തിനൊത്ത പ്രകടനം കാഴ്ചവെച്ചിരുന്നു പ്ലേമേക്കർ. 2020 നവംബറിന് ശേഷമുള്ള ആദ്യ ഗോളടിക്കുകയും ചെയ്തു. എന്നാൽ അടുത്ത മത്സരത്തിൽ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടു. പിന്നീട് കളിച്ചിട്ടില്ല. 
നാഷൻസ് ലീഗിലും വ്യത്യസ്തമല്ല കാര്യങ്ങൾ. ഈ വർഷം നാല് നാഷൻസ് ലീഗ് മത്സരങ്ങളിൽ ഒരു അസിസ്റ്റ് മാത്രമുണ്ട് ഹസാഡിന്റെ പട്ടികയിൽ. ഒരു വർഷം മുമ്പാണ് ബെൽജിയം ജഴ്‌സിയിൽ അവസാനമായി ഒരു മത്സരം മുഴുവൻ കളിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ബെൽജിയത്തിന്റെ ആക്രമണം നയിച്ച, 120 മത്സരങ്ങളിൽ പങ്കെടുത്ത കളിക്കാരന്റെ അവസ്ഥയാണ് ഇത്.  

ആവർത്തിക്കുമോ ആ നേട്ടം?

ടീം: ക്രൊയേഷ്യ
ഫിഫ റാങ്കിംഗ്: 15
ലോകകപ്പിൽ: ആറാം തവണ
മികച്ച പ്രകടനം: റണ്ണേഴ്‌സ്അപ് (2018)
മികച്ച കളിക്കാരൻ: ലൂക്ക മോദ്‌റിച്
കോച്ച്: സ്ലാറ്റ്‌കൊ ദാലിച്
സാധ്യത: പ്രി ക്വാർട്ടർ

വലിയ വെല്ലുവിളികളില്ലാത്ത ഗ്രൂപ്പിൽ നിന്നാണ് ക്രൊയേഷ്യ ലോകകപ്പിന് യോഗ്യത നേടിയത്. എന്നാൽ പ്രായം തളർത്താത്ത ലൂക്ക മോദ്‌റിച് ഉള്ളേടത്തോളം കാലം ക്രൊയേഷ്യൻ ടീം അപകടകാരികളായിരിക്കും. കഴിഞ്ഞ ലോകകപ്പിൽ കളിച്ച പ്രമുഖ കളിക്കാരെല്ലാം ഇത്തവണയുമുണ്ട്. എന്നാൽ മോദ്‌റിച്ചുൾപ്പെടെ പല കളിക്കാർക്കും അവസാന അവസരമായിരിക്കും ഇത്. 
1998 ൽ ലോകകപ്പിൽ അരങ്ങേറിയതു മുതൽ ക്രൊയേഷ്യ കാണികളുടെ പ്രിയ ടീമാണ്. ആദ്യ തവണ അവർ മൂന്നാം സ്ഥാനത്തെത്തി. പിന്നീട് 2010 ലൊഴികെ എല്ലാ ലോകകപ്പും അവർ കളിച്ചു. കഴിഞ്ഞ ലോകകപ്പിൽ കിരീടത്തിന് തൊട്ടടുത്തെത്തി. അർജന്റീനയുൾപെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി, നോക്കൗട്ടിലെ എല്ലാ കളികളും എക്‌സ്ട്രാ ടൈമിലോ ഷൂട്ടൗട്ടിലോ ജയിച്ചു. ഫൈനലിൽ ഫ്രാൻസാണ് ആ കുതിപ്പ് തടഞ്ഞത്. ഖത്തറിൽ ആ പ്രകടനം ആവർത്തിക്കുക പ്രയാസമായിരിക്കും. 
യോഗ്യതാ റൗണ്ടിൽ പത്തു കളികളിൽ ഏഴും ജയിച്ചു. ഒരെണ്ണം മാത്രമാണ് തോറ്റത്. കഴിഞ്ഞ ലോകകപ്പിൽ ലൂക്ക മോദ്‌റിച്ചിനൊപ്പം ക്രൊയേഷ്യയെ ചുമലിലേറ്റിയത് ഗോൾകീപ്പർ ഡാനിയേൽ സുബാസിച്ചായിരുന്നു. ലോകകപ്പിനു പിന്നാലെ സുബാസിച് വിരമിച്ചു. മോദ്‌റിച്ചും മാറ്റിയൊ കൊവാസിച്ചും മാഴ്‌സെലൊ ബ്രോസൊവിച്ചുമുൾപ്പെടുന്ന മധ്യനിരയാണ് ക്രൊയേഷ്യയുടെ ശക്തി. കഴിഞ്ഞ ലോകകപ്പിൽ മുൻനിരയെ നയിച്ച മാരിയൊ മൻസൂകിച് വിരമിച്ചു. ഇവാൻ പെരിസിച് ടീമിൽ തുടരുന്നു. 

അവസാന നിമിഷം മാറ്റം

ടീം: മൊറോക്കൊ
ഫിഫ റാങ്കിംഗ്: 23
ലോകകപ്പിൽ: ഏഴാം തവണ
മികച്ച പ്രകടനം: പ്രി ക്വാർട്ടർ (1986)
മികച്ച കളിക്കാരൻ: ഹക്കീം സിയേഷ്
കോച്ച്: വലീദ് റഖ്‌റാഖി
സാധ്യത: ആദ്യ റൗണ്ട്

ആശയക്കുഴപ്പങ്ങളോടെയാണ് മൊറോക്കൊ ടീം എത്തുക. ലോകകപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ കോച്ചിനെ മാറ്റാൻ മൊറോക്കൊ നിർബന്ധിതനായി. 
ബോസ്‌നിയൻ കോച്ച് വാഹിദ് ഹാലിഹോദിച്ച് ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുന്ന നാലാമത്തെ ടീമാണ് മൊറോക്കൊ. പക്ഷെ മൂന്നാം തവണയും അദ്ദേഹത്തിന് ഫൈനൽ റൗണ്ടിന് മുമ്പ് സ്ഥാനം നഷ്ടപ്പെട്ടു. സ്റ്റാർ സ്‌ട്രൈക്കർ ഹകീം സിയേഷുമായുള്ള പ്രശ്‌നങ്ങളാണ് കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത്. സിയേഷ് ഇല്ലാതെയാണ് മൊറോക്കൊ യോഗ്യത നേടിയത്. ആഫ്രിക്കൻ കപ്പിലും സിയേഷിനെ കോച്ച് ടീമിലെടുത്തില്ല. എന്നിട്ടും മനോഹരമായ ആക്രമണ ഫുട്‌ബോൾ അവർ കാഴ്ചവെച്ചു. ക്വാർട്ടർ ഫൈനലിലെത്തി. എന്നാൽ സിയേഷിനെ പോലൊരു കളിക്കാരനെ പുറത്തിരുത്തി മൊറോക്കോ ലോകകപ്പ് കളിക്കുന്നത് ആരാധകർക്കും ഫെഡറേഷനും ആലോചിക്കാനാവുമായിരുന്നില്ല. അതോടെ കോച്ചിനെ മാറ്റി. മുൻ ദേശീയ താരമായ വലീദ് റഖ്‌റാഖി പകരം പരിശീലകനായി വന്നു. റഖ്‌റാഖി ആദ്യം ചെയ്തത് സിയേഷിനെ ടീമിലേക്ക് തിരിച്ചുവിളിക്കുകയാണ്. 
1986 ലെ ലോകകപ്പിൽ പോർചുഗലും ഇംഗ്ലണ്ടും പോളണ്ടുമടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ചരിത്രമുണ്ട് മൊറോക്കോക്ക്. നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ആഫ്രിക്കൻ, അറബ് ടീമാണ് മൊറോക്കൊ. കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കെ ലോതർ മത്തായൂസ് നേടിയ ഗോളിൽ ജർമനിയോട് തോറ്റാണ് അവർ മടങ്ങിയത്. 1998 ലും അവർ ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് കരുതിയതായിരുന്നു. എന്നാൽ ബ്രസീലിനെ അവസാന മിനിറ്റിലെ ഗോളിൽ അട്ടിമറിച്ച് നോർവെ അവരെ മറികടന്നു. കഴിഞ്ഞ ലോകകപ്പിൽ ആദ്യ കളിയിൽ ഇറാനോട് അവസാന മിനിറ്റിലെ സെൽഫ് ഗോളിൽ തോറ്റു. രണ്ടാമത്തെ കളിയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളിൽ പോർചുഗലിനോട് കീഴടങ്ങി. സ്‌പെയിനിനെതിരെ 2-1 ന് മുന്നിലെത്തിയെങ്കിലും ഒടുവിൽ 2-2 സമനില വഴങ്ങി. 
സിയേഷ് ടീമിലേക്ക് തിരിച്ചെത്തിയത് പഴയ ഫോമിലല്ല എന്നതാണ് മൊറോക്കോയുടെ പ്രധാന പ്രശ്‌നം. അയാക്‌സിലെ സിയേഷിന്റെ കളി കണ്ടാണ് ഫ്രാങ്ക് ലംപാഡ് താരത്തെ ചെൽസിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ തോമസ് ടുഹേലിനു കീഴിൽ സിയേഷ് റിസർവ് ബെഞ്ചിലായി. ടുഹേൽ ചെൽസിയിൽ നിന്ന് പുറത്തായിട്ടും സിയേഷിന്റെ തലവര മാറിയില്ല. ക്ലബ്ബിൽ നിന്ന് തന്നെ പുറത്താകുന്നതിന്റെ വക്കിലാണ് ഇപ്പോൾ. 
പി.എസ്.ജി ഫുൾബാക്ക് അശ്‌റഫ് ഹകീമിയാണ് ടീമിലെ മറ്റൊരു പ്രമുഖ താരം. യൂറോപ്യൻ ലീഗുകളിൽ കളിച്ച സുഫിയാൻ ബൂഫൽ, അയൂബ് അൽകഅബി എന്നിവരും പരിചയസമ്പന്നരാണ്. 

അട്ടിമറികളുമായി

ടീം: കാനഡ
ഫിഫ റാങ്കിംഗ്: 43
ലോകകപ്പിൽ: രണ്ടാം തവണ
മികച്ച പ്രകടനം: ആദ്യ റൗണ്ട് (1986)
മികച്ച കളിക്കാരൻ: ജോനാഥൻ ഡേവിഡ്
കോച്ച്: ജോൺ ഹേഡ്മാൻ
സാധ്യത: ആദ്യ റൗണ്ട്

രണ്ടാം തവണയാണ് കാനഡ ലോകകപ്പിനെത്തുന്നത്. 1986 ൽ ആദ്യ തവണ കളിച്ചപ്പോൾ അവർ ചെന്നുപെട്ടത് കരുത്തന്മാരുടെ ഗ്രൂപ്പിലായിരുന്നു. സോവിയറ്റ് യൂനിയനോടും ഫ്രാൻസിനോടും ഹംഗറിയോടും തോറ്റു. ഒരു ഗോൾ പോലുമടിക്കാനായില്ല. ബയേൺ മ്യൂണിക്കിന്റെ അൽഫോൺസൊ ഡേവീസും ലില്ലിന്റെ ജോനാഥൻ ഡേവിഡുമടങ്ങുന്ന ഇത്തവണത്തെ ടീം വലിയ പ്രതീക്ഷകളോടെയാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്. 
36 വർഷത്തെ ഇടവേളക്കു ശേഷമാണ് അവർ ലോകകപ്പിൽ പങ്കെടുക്കുന്നത്. അമേരിക്കയും മെക്‌സിക്കോയുമടങ്ങുന്ന കോൺകകാഫ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തായിരുന്നു അവർ. ജമൈക്കയെ 4-0 ന് തകർത്ത് ഫൈനൽ റൗണ്ട് ഉറപ്പാക്കിയപ്പോൾ കളിക്കാരും കാണികളും കണ്ണീർ തൂകിയത് വൈകാരിക നിമിഷങ്ങളാണ് സൃഷ്ടിച്ചത്. കോച്ച് ജോൺ ഹേഡ്മാൻ ലോകകപ്പിൽ ചരിത്രം സൃഷ്ടിക്കും. പുരുഷ, വനിതാ ലോകകപ്പിൽ ടീമുകളെ പരിശീലിപ്പിച്ച ആദ്യ കോച്ചാവും അദ്ദേഹം. അൽഫോൺസൊ ഡേവീസ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനാണ്. 
ഇത്തവണ യോഗ്യതാ റൗണ്ടിൽ ആദ്യ 11 കളികളിലും അവർ പരാജയമറിഞ്ഞില്ല. ഇപ്പോഴത്തെ ഫിഫ റാങ്കിംഗും കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണ്. 2021 ൽ ഫിഫ റാങ്കിംഗിൽ 71ാം സ്ഥാനക്കാരായി തുടങ്ങിയ അവർ വർഷം അവസാനിപ്പിച്ചത് നാൽപതാം സ്ഥാനക്കാരായാണ്. റാങ്കിംഗിൽ ഏറ്റവുമധികം മുന്നേറിയ ടീമായിരുന്നു കാനഡ. 
അടുത്ത ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിലൊന്നാണ് കാനഡ. അമേരിക്കക്കും മെക്‌സിക്കോക്കുമൊപ്പമാണ് അവർ ലോകകപ്പ് സംഘടിപ്പിക്കുന്നത്.

Latest News