Sorry, you need to enable JavaScript to visit this website.

കമ്മ്യൂണിറ്റി പിന്തുണയോടെ നഗരശുചീകരണ കാമ്പയിനുമായി ദോഹ മുനിസിപ്പാലിറ്റി 

ദോഹ- കമ്മ്യൂണിറ്റി പിന്തുണയോടെ നഗരശുചീകരണ കാമ്പയിനുമായി ദോഹ മുനിസിപ്പാലിറ്റി . ആഭ്യന്തര മന്ത്രാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമഗ്ര ശുചിത്വ കാമ്പയിനില്‍ വിവിധ കമ്മ്യൂണിറ്റികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുവെന്നതാണ് കാമ്പയിനിന്റെ സവിശേഷത. 

ഖത്തര്‍ ഫിഫ 2022 ലോകകപ്പന് ആതിഥ്യമരുളാന്‍ തയ്യാറാകുന്നതിന്റെ മുന്നോടിയായി നടക്കുന്ന ഈ കാമ്പയിന് വലിയ സാമൂഹ്യ പ്രാധാന്യമുണ്ട്. 

മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള റോഡുകളിലും നടപ്പാതകളിലും ചത്വരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുകയും റോഡുകളും തെരുവുകളും സുരക്ഷിതവും സുന്ദരവുമാണെന്ന് ഉറപ്പുവരുത്തുകയാണ് കാമ്പയില്‍ ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ ദിവസം പൊതുജന ബോധവല്‍കരണം ലക്ഷ്യമാക്കി മുനിസിപ്പല്‍ മന്ത്രാലയം വിവിധ കമ്യുണിറ്റി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് ബോധവല്‍ക്കരണ കാമ്പയിന് തുടക്കമിട്ടിരുന്നു. റോഡുകളിലും നടപ്പാതകളിലും ചത്വരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത്  നഗര സൗന്ദര്യത്തെ ബാധിക്കുന്നതായും പരിസ്ഥിതി നാശത്തിന് കാരണമാകുന്നതോടൊപ്പം തന്ത്രപരമായ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മുനിസിപ്പാലിറ്റി അധികൃതരുടെയും കമ്യുണിറ്റി അംഗങ്ങളുടെയും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ഇത്തരം പ്രവണതകള്‍ തടയാന്‍ കഴിയുമെന്ന്  ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്രാന്‍ അല്‍ ബുവൈനൈന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കമ്മ്യൂണിറ്റികളുടെ സഹകരണവും സംവാദവും ഇത്തരം ബോധവല്‍ക്കരണത്തില്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണത്തിന്റെയും സംയോജനത്തിന്റെയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും ക്രിയാത്മക ചര്‍ച്ചകളുടെ പാലങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും മേല്‍നോട്ട ചുമതലയ്ക്കൊപ്പം ബോധവല്‍ക്കരണ ചുമതലയും സജീവമാക്കാനാണ് ഈ യോഗം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അടിവരയിട്ടു.

 ജനങ്ങളുടെ  ജീവിത നിലവാരം ഉയര്‍ത്താനും സുരക്ഷാ മാനദണ്ഡങ്ങള്‍ കൈവരിക്കാനും നഗരങ്ങളുടെയും പൊതു സ്ഥലങ്ങളുടെയും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും കാഴ്ച മലിനീകരണം കുറയ്ക്കാനും  ലക്ഷ്യവെച്ചുള്ള കാമ്പയിന്‍ ഏറെ പ്രസക്തമാണ് . 

നഗരത്തിന്റെ ഭംഗിയും വൃത്തിയും നിലനിര്‍ത്തുന്നതിനും പൊതു ശുചിത്വം സംബന്ധിച്ച 2017-ലെ 18-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നതിനുമുള്ള ശ്രമമായാണ് ഇത്തരം പ്രചാരണം വരുന്നത്. ഇത് പൊതു പെരുമാറ്റങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കിടയില്‍ ഉത്തരവാദിത്തബോധം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. 

മുനിസിപ്പാലിറ്റി മന്ത്രിയുടെ ദര്‍ശനത്തെയും നിര്‍ദ്ദേശങ്ങളെയും അടിസ്ഥാനമാക്കി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തിന്റെ തത്വശാസ്ത്രവും തന്ത്രവും ഈ പരിപാടി സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതായി ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സാലം അല്‍ ഷാഫി പറഞ്ഞു.  മന്ത്രാലയത്തിലെയും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലെയും അധികാരികളുടെയും ഇടയില്‍ കമ്മ്യൂണിറ്റി സംവാദത്തിന്റെയും സംയുക്ത പ്രവര്‍ത്തനത്തിന്റെയും ചക്രവാളങ്ങളും വഴികളും തുറക്കുകയാണ് ഇത്തരം പരിപാടി ലക്ഷ്യമിടുന്നത്.

ദോഹ മുനിസിപ്പാലിറ്റിയിലെ പബ്ലിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഹമദ് സുല്‍ത്താന്‍ അല്‍-ഷഹ്വാനി, മുനിസിപ്പാലിറ്റിയുടെ നിയമങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. അതിനായി. വാഹനങ്ങള്‍, ട്രക്കുകള്‍, ഉപകരണങ്ങള്‍ എന്നിവ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം വ്യക്തമാക്കി. 

വിവേചനരഹിതമായി മാലിന്യം വലിച്ചെറിയുന്ന പ്രതിഭാസവും പാര്‍പ്പിട പരിസരങ്ങളിലെ കെട്ടിടങ്ങളുടെയും മുന്‍ഭാഗങ്ങളുടെയും ബാല്‍ക്കണികളുടെയും മേല്‍ക്കൂരകള്‍ വികൃതമാക്കുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.  കുടുംബങ്ങള്‍ അധിവസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍   തൊഴിലാളികള്‍ കൂട്ടം കൂടി താമസിക്കുന്നതും ഒഴിവാക്കണം. 

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനാ കാമ്പയിന്‍ മന്ത്രാലയം തുടരുകയാണ്.ഇത്തരം വാഹനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ബോധവത്കരണ,മുന്നറിയിപ്പ് നോട്ടീസുകള്‍ പതിക്കുന്നുണ്ട്.നിശ്ചിത കാലയളവിന് ശേഷവും വാഹനങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയും 
 25,000 റിയാല്‍ വരെ  പിഴ ചുമത്തുകയും ചെയ്യും.

Tags

Latest News