Sorry, you need to enable JavaScript to visit this website.

പ്രവാചക നിന്ദ: ചാനല്‍ അവതാരക നവിക കുമാറിനെതിരായ കേസ് ദല്‍ഹിയിലേക്ക് മാറ്റും

ന്യൂദല്‍ഹി- ടിവി ചാനല്‍ ചര്‍ച്ചക്കിടയില്‍ ബി.ജെ.പിയുടെ മുന്‍ വക്താവ് നൂപുര്‍ ശര്‍മ നടത്തി പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട ചാനല്‍ അവതാരക നവിക കുമാറിനെതിരേ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും ദല്‍ഹി പോലീസിന്റെ കീഴിലേക്ക് ഒരുമിച്ച് നീക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി.
ജസ്റ്റിസുമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് എഫ്‌ഐആറുകള്‍ ദല്‍ഹി പോലീസിന് കൈമാറാന്‍ ഉത്തരവിട്ടത്. ദല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് ആണ് ഇനി കേസില്‍ അന്വേഷണം നടത്തുക.
നവിക കുമാറിനെതിരേ എട്ട് ആഴ്ചത്തേക്ക് മറ്റു നടപടികള്‍ ഒന്നും സ്വീകരിക്കരുതെന്നും ഈ കാലയളവില്‍ അവര്‍ക്ക് എഫ്‌ഐആറുകള്‍ റദ്ദാക്കാന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതി നവികക്ക് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം അനുവദിക്കുകയും തുടര്‍നടപടികള്‍ ഉണ്ടാകരുതെന്ന് വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
മേയ് 27ന് ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വ്യാപി പള്ളി വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം. നവിക കുമാറായിരുന്നു അന്ന് ചര്‍ച്ച നിയന്ത്രിച്ചിരുന്നത്. നവിക ചര്‍ച്ചയുടെ അവതാരക  മാത്രമായായിരുന്നുവെന്നും വിവാദ പരാമര്‍ശം ഒന്നും നടത്തിയിട്ടില്ലെന്നും നമ്മള്‍ ഭരണഘടനയനുസരിച്ച് പോകണം എന്ന് പറഞ്ഞ് തീ അണക്കാനാണ്  യഥാര്‍ഥത്തില്‍ ശ്രമിച്ചതെന്നും അവര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു.

 

 

 

Latest News