Sorry, you need to enable JavaScript to visit this website.

വികസനത്തിന്റെ വിസ്മയക്കുതിപ്പ്‌

അടിസ്ഥാന മൂല്യങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചകൾക്കും തയാറാകാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളുമായും ശക്തമായ നയതന്ത്ര, വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ നിലനിർത്താൻ കഴിയുന്നതും എതിരാളികളെ പോലും തങ്ങളുടെ നിലപാടിലേക്ക് എത്തിക്കാൻ സാധിച്ചതും നയതന്ത്ര മേഖലയിൽ രാജ്യം കൈവരിച്ച ഏറ്റവും വലിയ വിജയമാണ്. 

സമസ്ത മേഖലകളിലും വികസന കുതിപ്പ് തുടരുന്ന സൗദി അറേബ്യ പൗന്മാരിൽ ദേശാഭിമാനവും ദേശീയബോധവും രാഷ്ട്ര സ്‌നേഹവും വാനോളമുയർത്തി ഇന്ന് 92-ാമത് ദേശീയദിനത്തിന്റെ നിറവിൽ. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘവീക്ഷണത്തോടെയുള്ള ഭരണപാടവത്തിൽ രാജ്യം അനുദിനം പുരോഗതിയുടെ പാതയിൽ അതിശീഘ്രം കുതിക്കുകയാണ്. വികസനത്തിന്റെയും പുരോഗതിയുടെയും ക്ഷേമ പദ്ധതികളുടെയും മുദ്രകൾ രാജ്യത്തിന്റെ മുക്കുമൂലകളിലും പൗരന്മാരുടെയും ഈ മണ്ണിൽ ജീവിക്കുന്ന ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളുടെയും ജീവിതങ്ങളിൽ പ്രതിഫലിക്കുന്നു. 
അടിസ്ഥാന മൂല്യങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചകൾക്കും തയാറാകാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളുമായും ശക്തമായ നയതന്ത്ര, വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ നിലനിർത്താൻ കഴിയുന്നതും എതിരാളികളെ പോലും തങ്ങളുടെ നിലപാടിലേക്ക് എത്തിക്കാൻ സാധിച്ചതും നയതന്ത്ര മേഖലയിൽ രാജ്യം കൈവരിച്ച ഏറ്റവും വലിയ വിജയമാണ്. സൗദി അറേബ്യയുമായി ഉടക്കിനിന്നിരുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെയും സൗദി സന്ദർശനങ്ങൾ ഇതിന് അടിവരയിടുന്നു. 
മേഖലയിലെ ഏതാനും രാജ്യങ്ങൾ അമേരിക്കയുടെ മധ്യസ്ഥതയിൽ അബ്രഹാം കരാറുകൾ ഒപ്പുവെച്ച് ഇസ്രായിലുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചെങ്കിലും അറബ് സമാധാന പദ്ധതി പൂർണമായും അംഗീകരിച്ച് നടപ്പാക്കാതെ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല എന്ന പ്രഖ്യാപിത നിലപാടിൽ സൗദി അറേബ്യ ഉറച്ചുനിൽക്കുന്നു. 
അമേരിക്ക, ബ്രിട്ടൻ, സ്വീഡൻ, ക്രോയേഷ്യ, മൊറോക്കൊ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പത്തു യുദ്ധത്തടവുകാരെ റഷ്യ വിട്ടയച്ച് സൗദി അറേബ്യക്ക് കൈമാറിയത് ലോകത്തെ മുഴുവൻ രാജ്യങ്ങളുമായും കക്ഷികളുമായും സൗദി ഭരണാധികാരികൾക്കുള്ള സന്തുലിതമായ ബന്ധവും നയതന്ത്രശ്രമങ്ങളുടെ കരുത്തും വിളിച്ചോതുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിനുമായി വ്യക്തിപരമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഉക്രൈൻ പ്രസിഡന്റ് സെലൻസിയുമായും അടുപ്പമുണ്ട്. ദിവസങ്ങൾക്കു മുമ്പ് സെലൻസ്‌കിയുടെ പ്രത്യേക ദൂതൻ ജിദ്ദയിലെത്തി സൗദി കിരീടാവകാശിയുമായി ചർച്ചകൾ നടത്തിയിരുന്നു. റഷ്യ, ഉക്രൈൻ സംഘർഷത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന സൗദി അറേബ്യ, പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ സർവ പിന്തുണയും പ്രഖ്യാപിക്കുകയും ഇക്കാര്യത്തിൽ നയതന്ത്ര ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. യെമനിലെ ഹൂത്തി മിലീഷ്യകളുമായുണ്ടാക്കിയ ബന്ദി കൈമാറ്റ ധാരണകളും സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങളുടെ വിജയമായിരുന്നു. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജം, വൈദ്യുതി കാർ നിർമാണം, ടൂറിസം എന്നിവ അടക്കം സൗദിയിൽ മുമ്പ് പരിചിതമല്ലാത്ത നിരവധി പുതിയ മേഖലകളിൽ ആഗോള തലത്തിൽ മുൻനിര ശക്തിയായി മാറാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ സമീപ കാലത്ത് രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന സാമ്പത്തിക ചാലക ശക്തിയായി വിനോദ സഞ്ചാര വ്യവസായത്തെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി ഇളവുകളും പ്രോത്സാഹനങ്ങളും പ്രഖ്യാപിച്ച് നടപ്പാക്കിവരികയാണ്. 
നിരവധി ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺഅറൈവൽ വിസ, ഇ-വിസ, ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്കുള്ള ഇ-വിസ, ലോകത്ത് എവിടെയും നിന്നുള്ളവർക്ക് ഓൺലൈൻ വഴി ഉംറ വിസ എന്നിവ ഇപ്പോൾ അനുവദിക്കുന്നു. ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീർഘിപ്പിക്കുകയും ഉംറ വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് സൗദിയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഏതിനം വിസകളിലും സൗദിയിൽ പ്രവേശിക്കുന്നവർക്കും ഇപ്പോൾ പെർമിറ്റ് നേടി ഉംറ നിർവഹിക്കാനും സാധിക്കും. 2030 ഓടെ പ്രതിവർഷ ഉംറ, ഹജ് തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്താൻ ലക്ഷ്യമിട്ട് വൻകിട പാർപ്പിട, വികസന പദ്ധതികൾ അടക്കം മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിവരികയാണ്. 2030 ഓടെ പ്രതിവർഷ അന്താരാഷ്ട്ര, ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 30 കോടിയായും ഹജ്, ഉംറ തീർഥാടകർ അടക്കം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 10 കോടിയായും ഉയർത്താനും സൗദിയിൽ നിന്ന് സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇവ കൈവരിക്കാൻ ശ്രമിച്ച് പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. 
വനിതാ ശാക്തീകരണ മേഖലയിൽ കൈവരിച്ച പുരോഗതികളും നിസ്തുലമാണ്. പൈലറ്റ്, എയർ ഹോസ്റ്റസ്, എയർ ട്രാഫിക് കൺട്രോളർ, ട്രെയിൻ എൻജിൻ ഡ്രൈവർ തുടങ്ങി മുഴുവൻ മേഖലകളും വനിതകൾക്കു മുന്നിൽ തുറന്നിരിക്കുന്നു. സർക്കാർ, സ്വകാര്യ മേഖലകളിൽ ഉന്നത തസ്തികകളിൽ വനിതാ നിയമനം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിനുള്ളത്. 
ലോകത്തെ ഒന്നടങ്കം നിശ്ചലമാക്കുകയും സാമ്പത്തികമായി തകർത്തെറിയുകയും ചെയ്ത കൊറോണ മഹാമാരി പ്രത്യാഘാതങ്ങളിൽ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥക്ക് അതിവേഗത്തിൽ പുറത്തുകടക്കാൻ സാധിച്ചത് സമീപ കാലത്ത് കൈവരിച്ച നേട്ടങ്ങളിൽ ഏറ്റവും പ്രധാനമാണ്. കൊറോണ മഹാമാരി പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ശ്രമിച്ച് നിരവധി ഉത്തേജക, സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കി. 
ഈ വർഷം രണ്ടാം പാദത്തിൽ 7,790 കോടി റിയാൽ ബജറ്റ് മിച്ചം നേടാൻ സാധിച്ചു. ഈ വർഷം ആദ്യ പകുതിയിൽ വരവ് 64,830 കോടി റിയാലും ചെലവ് 51,290 കോടി റിയാലും മിച്ചം 13,539 കോടി റിയാലുമാണ്. ഈ കൊല്ലത്തെ ബജറ്റിൽ കണക്കാക്കിയ മിച്ചം 9,000 കോടി റിയാലാണ്. ഇതിനെക്കാൾ ഉയർന്ന ബജറ്റ് മിച്ചം ആറു മാസത്തിനിടെ മാത്രം കൈവരിക്കാൻ സാധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ കൈവരിച്ച ബജറ്റ് മിച്ചം നേരത്തെ പ്രതീക്ഷച്ചതിന്റെ മൂന്നിരട്ടി കൂടുതലാണ്. പാദവർഷ അടിസ്ഥാനത്തിൽ ബജറ്റ് വിവരങ്ങൾ ധനമന്ത്രാലയം പ്രഖ്യാപിക്കാൻ തുടങ്ങിയ ശേഷം കൈവരിക്കുന്ന ഏറ്റവും ഉയർന്ന ബജറ്റ് മിച്ചമാണ് ഇക്കഴിഞ്ഞ രണ്ടാം പാദത്തിലേത്. 
ഈ വർഷം മുഴുവൻ കൈവരിക്കുമെന്ന് കണക്കാക്കിയ ബജറ്റ് മിച്ചത്തെക്കാൾ 50 ശതമാനം കൂടുതലാണ് ആദ്യ പകുതിയിൽ മാത്രം നേടിയ ബജറ്റ് മിച്ചം. എണ്ണ വില ഉയർന്നു നിൽക്കുന്നത് തുടരുകയും വരും പാദങ്ങളിലും മിച്ചം വർധിക്കുകയും ചെയ്യുന്ന പക്ഷം ഈ വർഷം ബജറ്റ് മിച്ചം റെക്കോർഡ് നിലയിൽ ഉയരുമെന്നാണ് കരുതുന്നത്. 
ഈ വർഷം എണ്ണ മേഖലാ വരുമാനം 65,500 കോടിയിലേറെ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിതര വരുമാനം 43,000 കോടി റിയാലായി ഉയരുമെന്നും കണക്കാക്കുന്നു. മൂല്യവർധിത നികുതി മേഖലയിൽ നിന്നുള്ള കൂടിയ വരുമാനവും സ്വകാര്യ മേഖലയുടെ വളർച്ചയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും പെട്രോളിതര വരുമാനം ഉയരാൻ സഹായിക്കും. 
ഈ വർഷം സൗദി അറേബ്യ 7.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ആഭ്യന്തരോൽപാദനം 3,615 ബില്യൺ റിയാലായി ഉയരും. ഈ വർഷം പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 25 ശതമാനമായി മാറ്റമില്ലാതെ തുടരും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഈ വർഷം ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കുക സൗദി അറേബ്യയായിരിക്കുമെന്ന് ഐ.എം.എഫ് റിപ്പോർട്ട് പറയുന്നു. 
വിഷൻ 2030 പദ്ധതി പ്രകാരം ധനസ്ഥിരതയും സുസ്ഥിര സാമ്പത്തിക വളർച്ചയും കൈവരിക്കുക എന്ന ലക്ഷ്യങ്ങൾക്കും സാമ്പത്തിക, സാമൂഹിക പരിവർത്തന ഘട്ടത്തിനുള്ള പിന്തുണക്കുമിടയിൽ സന്തുലനം കൈവരിക്കാൻ ധന നയത്തിലൂടെ ഉന്നമിടുന്നു. കോവിഡ് പ്രതിസന്ധി പ്രത്യാഘാതങ്ങൾ നേരിടുന്നതിന് വ്യവസ്ഥാപിതവും കൂടുതൽ സ്ഥിരതയുമാർന്ന വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിച്ച് 2020 ജൂലൈയിൽ സൗദി അറേബ്യ മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിൽ നിന്ന് പതിനഞ്ചു ശതമാനമായി ഉയർത്തിയിരുന്നു. 2020 ജൂൺ മുതൽ നിരവധി ഉൽപങ്ങളുടെ ഇറക്കുമതി തീരുവയും വർധിപ്പിച്ചിരുന്നു. 
സൗദിവൽക്കരണ പദ്ധതികളിലൂടെയും വൈവിധ്യമാർന്ന പ്രോത്സാഹനങ്ങളിലൂടെയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും രാജ്യത്തിന് സാധിച്ചു. 
ഈ വർഷം ആദ്യ പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനമായി കുറഞ്ഞു. പതിമൂന്നു വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. ഇതിനു മുമ്പ് 2008 ൽ ആണ് തൊഴിലില്ലായ്മ നിരക്ക് ഇതിലും കുറഞ്ഞത്. അന്ന് തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമായിരുന്നു. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2020 ആദ്യ പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമായിരുന്നു. 
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിൽ വിഷൻ 2030 പദ്ധതി ഫലം ചെയ്യാൻ തുടങ്ങിയതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാൻ വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. 2016 ൽ പ്രഖ്യാപിച്ചതു മുതൽ വിഷൻ 2030 പദ്ധതി കൈവരിച്ച നിരവധി പ്രധാന നേട്ടങ്ങളിൽ ഒന്നാണ് തൊഴിലില്ലായ്മ നിരക്കിലെ കുറവ്. കൊറോണ മഹാമാരി വ്യാപനത്തെ തുടർന്ന് 2020 രണ്ടാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി ഉയർന്നിരുന്നു. 2020 മൂന്നാം പാദത്തിൽ ഇത് 14.9 ശതമാനമായും നാലാം പാദത്തിൽ 12.6 ശതമാനമായും കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 11.7 ശതമാനമായും രണ്ടും മൂന്നും പാദങ്ങളിൽ 11.3 ശതമാനമായും അവസാന പാദത്തിൽ 11 ശതമാനമായും കുറഞ്ഞിരുന്നു. 
ആദ്യ പാദത്തിൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 22.5 ശതമാനമായിരുന്നു. കൊറോണ പ്രത്യാഘാതങ്ങൾ സൗദി സമ്പദ്‌വ്യവസ്ഥ തരണം ചെയ്തതും വ്യത്യസ്ത സൗദിവൽക്കരണ പദ്ധതികൾക്കിടെ ആയിരക്കണക്കിന് ഉദ്യോ ഗാർഥികളെ ഉൾക്കൊള്ളാനുള്ള സൗദി സമ്പദ്‌വ്യവസ്ഥയുടെ ശേഷിയും ഇവ വ്യക്തമാക്കുന്നു. 

Tags

Latest News