Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഈ വർഷം തെരുവുപട്ടികളുടെ കടിയേറ്റത് 1,96,552 പേർക്ക്

ന്യൂദൽഹി- കേരളത്തിൽ തെരുവ് നായകളുടെ ആക്രമണം പ്രതിവർഷം വർധിച്ചു വരികയാണെന്ന് ജസ്റ്റീസ് സിരിജഗൻ സമിതിയുടെ റിപ്പോർട്ട്. ഇക്കാര്യത്തിൽ മാധ്യമ വാർത്തകളിലെ വിവരങ്ങൾ ജനം നേരിടുന്ന ദുരിതത്തിന്റെ നേർക്കാഴ്ചയുമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പട്ടികടിയേറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി എത്തുന്നന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. 2107ൽ പട്ടി കടിയേറ്റ ചികിത്സ തേടിയവരുടെ എണ്ണം 1,35,749 ആയിരുന്നു. 2019ൽ ഇത് 1,48,899 ഉം 2020ൽ 1,61,055ഉം, 2021ൽ 2,21,379 ഉം ആയിട്ടുണ്ട്. ഓഗസ്റ്റ് ഇതുവരെയുള്ള കണക്കനുസരിച്ച് ഈ വർഷം സംസ്ഥാനത്ത് 1,96,552 പേരാണ് പട്ടികടിയേറ്റ് ചികിത്സ തേടിയത്. ഈ വർഷം പട്ടികടിയേറ്റ് ചികിത്സ തേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകളും സമിതി നൽകിയിട്ടുണ്ട്. 
    കഴിഞ്ഞ ഒൻപതു വർഷത്തിനുള്ളിൽ പേ വിഷ ബാധയേറ്റു മരിച്ചവരുടെ കണക്കുകളും സമിതിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ 2022 സെപ്റ്റംബർ 16 വരെയുള്ള കണക്കുകളാണുള്ളത്. ഈ വർഷം മാത്രം പേ വിഷ ബാധയേറ്റ് 21 പേരാണ് മരിച്ചത്. ഇതിൽ പതിനൊന്നു പേർ മുതിർന്ന പുരുഷൻമാരും ഏഴ് പേർ സ്ത്രീകളും മൂന്ന് പേർ കുട്ടികളുമാണ്. മരിച്ചവരിൽ ആറ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നവരാണ്. മറ്റു പതിനഞ്ചു പേർ മുറിവുകൾ അവഗണിക്കുകയോ മരുന്ന് സ്വീകരിക്കുകയോ ചെയ്യാത്തവരാണ്. പേ വിഷ ബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ വിതരണത്തിൽ 57 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 
    തെരുവ് നായ ശല്യം പരിഹരിക്കാൻ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. മാത്രമല്ല, കൃത്യമായ മാലിന്യ നിർമാർജന സംവിധാനങ്ങളും ഏർപ്പെടുത്തണം. മാലിന്യ സംസ്‌കരണം 2001 മുതൽ ഫലപ്രദമായി നടപ്പാക്കിയിരുന്നു എങ്കിൽ കേരളത്തിലെ തെരുവകളിലെ നായ ശല്യം ഇത്രയേറെ രൂക്ഷമാകില്ലായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ തെരുവ് നായ ശല്യം പരിഹരിക്കപ്പെടാവുന്ന തോതിലാണുള്ളത്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചാൽ മാത്രം മതി. ആവശ്യമായ അത്രയും പട്ടി പിടുത്തക്കാരെ കണ്ടെത്തി മതിയായ പരിശീലനം നൽകണം. അതിലൂടെ വന്ധ്യകരണം ഫലപ്രദമായി നടപ്പാക്കണം. എല്ലാ പൊതു ആരോഗ്യ കേന്ദ്രങ്ങളിലും ആന്റി റാബിസ് വാക്‌സിനും ഹ്യൂമൻ റാബീസ് ഇമ്യൂണോഗ്ലോബുലിനും ലഭ്യമാക്കണം. മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവരെ പരിചരിക്കുന്നതിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്കു വിദഗ്ധ പരിശീലനം നൽകണം. ആധൂനീക ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് കൃത്യമായ മാലിന്യ നിർമാർജന സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടപ്പാക്കണം. വാക്‌സിൻ നൽകിയ തെരുവ് നായകൾക്ക് തിരിച്ചറിയൽ ടാഗ് നൽകണം. വളർത്ത് മൃഗങ്ങൾക്ക് ലൈസൻസിംഗ് സമ്പ്രദായം ഏർപ്പെടുത്തണം. എന്നിവയാണ് സമിതിയുടെ പ്രധാന നിർദേശങ്ങൾ. 
    
 

Tags

Latest News