Sorry, you need to enable JavaScript to visit this website.

കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ ജാഗ്രത കാണിക്കണമെന്ന് കേന്ദ്ര സർക്കാർ

ന്യൂദൽഹി- ഇന്ത്യൻ വിരുദ്ധത വർധിക്കുകയും ഇന്ത്യക്കാർക്ക് എതിരേ ആക്രമണങ്ങൾ വർധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ കാനഡയിലെ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ. വിദ്വേഷ ആക്രമണങ്ങൾ, വിവേചന അതിക്രമങ്ങൾ, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരേ നടപടിയെടുക്കാൻ കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യം മുൻനിർത്തി കാനഡയിൽ കഴിയുന്നവരും പോകാനൊരുങ്ങുന്ന വിദ്യാർഥികൾ അടക്കമുള്ളവരും കർശന ജാഗ്രത പുലർത്തണം. 
    ഇന്ത്യക്കാർക്കെതിരേ അക്രമങ്ങൾ വർധിക്കുന്നത് കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. തുടർന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. കാനഡയിൽ എത്തുന്നവർ ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷനിലോ, ടൊറന്റോയിലേയോ വാൻകോവറിലേയോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യണമെന്നും അടിയന്തര ഘട്ടത്തിൽ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകരമാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
    കാനഡിൽ 1.6 ദശലക്ഷം ഇന്ത്യൻ വംശജരും ഇന്ത്യൻ പ്രവാസികളും ഉള്ള സ്ഥലമാണ്. ഖാലിസ്ഥാൻ അനുകൂലികൾ ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ വർഷം മാത്രം കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളുടെ നേർക്ക് രണ്ട് ആക്രമണങ്ങളാണ് ഉണ്ടായത്. സെപ്റ്റംബർ 15ന് ഒരു  ക്ഷേത്രത്തിൽ ഇന്ത്യ വിരുദ്ധ ഗ്രാഫിറ്റികൾ കൊണ്ടു വികൃതമാക്കിയതും ആശങ്ക ഉയർത്തിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.
 

Latest News