Sorry, you need to enable JavaScript to visit this website.

രേഖാരാജിന്റെ നിയമനം സുപ്രീം കോടതി ശരിവെച്ചില്ല, നിയമന രീതി ശുദ്ധ അസംബന്ധമെന്ന് ജഡ്ജിമാര്‍

ന്യൂദല്‍ഹി- മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ആക്ടിവിസ്റ്റ്  രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലക്ക് എതിരെ രൂക്ഷ വിമര്‍ശനവും കോടതി നടത്തി.  എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയും രേഖ രാജുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജികളിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലക്ക് അധികാരം ഉണ്ടെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.

രേഖാ രാജിനും നിഷ വേലപ്പന്‍ നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ട് നിയമനത്തിന് പിഎച്ച്ഡി യുടെ മാര്‍ക്ക് കണക്കാക്കിയെന്ന് കോടതി ആരാഞ്ഞു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന്‍ നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

Latest News