മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം;  ഹൈക്കോടതി സ്വമേധയാ കേസെടുത്തു 

കൊച്ചി- പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാല്‍ പ്രത്യേകം കേസുകള്‍ എടുക്കണം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.
ഹര്‍ത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് പ്രാഥമിക വാദം പൂര്‍ത്തീകരിച്ചത്. മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹര്‍ത്താല്‍. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹര്‍ത്താല്‍ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
പി.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരെ കടുത്ത നടപടിയിലേക്കാണ് ഹൈക്കോടതി കടക്കുന്നത്. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന വ്യാപക ആക്രമണങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിക്കലും സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കലിനുമെതിരെ പ്രത്യേകം കേസുകളെടുത്ത് അക്രമികള്‍ക്കെതിരെ കടുത്ത നടപടികളെടുക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
 

Latest News