Sorry, you need to enable JavaScript to visit this website.

ഹിജാബ് കേസ് വിധി പറയാന്‍ മാറ്റി

ന്യൂദല്‍ഹി- തുടര്‍ച്ചയായി പത്തു ദിവസം വാദം കേട്ടതിന് ശേഷം കര്‍ണാടകയിലെ ഹിജാബ് കേസ് വിധി പറയാനായി സുപ്രീംകോടതി മാറ്റി വെച്ചു. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സോളിസിറ്റര്‍ ജനറല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പരാമര്‍ശിച്ചതിനെ പരാതിക്കാരുടെ അഭിഭാഷകരായ ദുഷ്യന്ത് ദവേയും ഹുസേഫ അഹമ്മദിയും എതിര്‍ത്തു. ഹിജാബ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന ആരോപണം അടിസ്ഥാനരഹിതവും മുന്‍വിധിയോടെയുള്ളതുമാണ്. ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേര് സോളിസിറ്റര്‍ ജനറല്‍ പരാമര്‍ശിച്ചതോടെ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയും തലക്കെട്ടുകളും വിഷയത്തില്‍ നിന്നകന്ന് അതായി മാറിയെന്നും ദുഷ്യന്ത്് ദവേ ചൂണ്ടിക്കാട്ടി.
മുത്തലാക്കില്‍ നിന്നും കന്നുകാലി ബലിയില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന്് ഖുറാനില്‍ നിര്‍ദേശിക്കുന്നുണ്ടെന്നാണ് പരാതിക്കാരുടെ വാദം. മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുന്നത് അവരുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിനും ഇടയാക്കുമെന്നും പരാതിക്കാര്‍ വാദിക്കുന്നു.
    കേസില്‍ ഇന്നലെ അന്തിമ വാദം നടക്കുന്നതിനിടെ കര്‍ണാടക സര്‍ക്കാരിന്റെ സര്‍ക്കുലറിലോ ഹൈക്കോടതിയിലോ പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം ഉന്നയിച്ചിട്ടില്ലെന്ന് ദുഷ്യന്ത് ദവേയും ഹുസേഫ അമ്മദിയും ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് ബന്ധം ആരോപിക്കുന്നത് വിഷയത്തില്‍ ഒരു മുന്‍വിധി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അഭിഭാഷകര്‍ കുറ്റപ്പെടുത്തി.
    ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക ഹൈക്കോടതിയുടെ നടപടി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിലേക്കാണ് വഴി വെച്ചതെന്ന് അഭിഭാഷകന്‍ ഹുസേഫ അമ്മദി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന മുദ്രാവാക്യങ്ങള്‍ ഇവിടെയുണ്ട്. വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    എന്നാല്‍, നിര്‍ദിഷ്ട യൂണിഫോം വേണമെന്ന് അനുശാസിക്കാനുള്ള അധികാരം ഉണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് മതനിരപേക്ഷമാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനാണെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, മുസ്ലിം വിദ്യാര്‍ഥിനികളുടെ മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാര്യകാരണ സഹിതമുള്ള കാരണങ്ങളൊന്നും തന്നെ ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്‍, ദേവദത്ത് കാമത്ത് എന്നിവര്‍ ചൂണ്ടിക്കാട്ടിയത്. മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസിലെത്തുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ധാര്‍മികതയെ ബാധിക്കുമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാരിനായില്ലെന്നും പരാതിക്കാരുടെ അഭിഭാഷകര്‍ വ്യക്തമാക്കി. മാത്രമല്ല, മറ്റു വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന വാദവും അടിസ്ഥാന രഹിതമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
     കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരേ നല്‍കിയ പരാതികളിലാണ് ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധുലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വാദം കേട്ടത്. കര്‍ണാടക സംസ്ഥാനത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ പ്രഭുലിംഗ് നവദ്ഗി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് എന്നിവര്‍ വാദിച്ചു. കോജള് അധ്യാപകര്‍ക്കായി ആര്‍. വെങ്കട്ടരമണി, ദമ ശേഷാദ്രി നായിഡു, വി. മോഹന എന്നിവര്‍ ഹാജരായി.

 

Latest News