Sorry, you need to enable JavaScript to visit this website.

വായ്പാ ആപ്പുകൾ; ഇന്ത്യയിൽ ഗൂഗിൾ സമ്മർദത്തിൽ 


നിയമവിരുദ്ധ വായ്പാ അപ്ലിക്കേഷനുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഗൂഗിളിൽ സമ്മർദം ചെലുത്തി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യയിലെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റെ പരിധിയിൽ വരില്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരും ആർ.ബി.ഐയും ഗൂഗിളിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. വിവാദ ആപ്പുകൾ രംഗം വിടാൻ കർശനമായ പരിശോധനകളും നടപടികളും ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ കോവിഡ് മഹാമാരി സമയത്താണ് നിയമവിരുദ്ധ വായ്പാ ആപ്പുകൾ വ്യാപകമായത്. റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി അമിത പലിശ ഈടാക്കുന്ന ആപ്പുകൾ വായ്പ തിരിച്ചുപിടിക്കാൻ നിയമവിരുദ്ധ മാർഗങ്ങളാണ് അവലംബിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ അടക്കമുള്ള സർക്കാർ ചട്ടങ്ങളും വ്യവസ്ഥകളും ഇത്തരം ആപ്പുകളുടെ കാര്യത്തിൽ നടപ്പിലാകുന്നുമില്ല. ഇതൊക്കെ പരിശോധിക്കണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നുമാണ് റിസർവ് ബാങ്ക് ആവശ്യപ്പെടുന്നത്. 
ധനകാര്യ സേവനങ്ങൾ നൽകുന്ന പ്രോഗ്രാമുകൾക്കുള്ള ഡെവലപ്പർ പോളിസി പരിഷ്‌കരിച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു. വ്യക്തികൾക്ക് വായ്പ നൽകുന്ന ലോൺ ആപ്പുകൾക്ക് ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥകൾ 2021 സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നിരുന്നുവെന്നും ഗൂഗിൾ വിശദീകരിക്കുന്നു.  പ്ലേ സ്റ്റോർ പോളിസി നിബന്ധനകൾ പാലിക്കാത്തതിന് ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന രണ്ടായിരത്തിലേറെ പേഴ്‌സണൽ ലോൺ ആപ്പുകൾ നീക്കം ചെയ്തതായും ഗൂഗിൾ പറയുന്നു. ഗൂഗിളിന്റെ നയങ്ങൾ ഉൾപ്പെട്ടതിനാലാണ് ഇത്തരം നടപടികളെടുത്തതെന്നും ഗൂഗിൾ വക്താവ് വിശദീകരിക്കുന്നു. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ഏജൻസികളുമായും വ്യവസായ സംഘടനകളുമായും സഹകരിക്കുമെന്നും ഗൂഗിൾ ഉറപ്പു നൽകിയിട്ടുണ്ട്. 
വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാകുന്ന ആപ്പുകൾ മാത്രമേ ആപ്പ് സ്റ്റോറിൽ ഉൾപ്പെടുത്താൻ പാടുള്ളൂ എന്നാണ് റിസർവ് ബാങ്ക് ആവശ്യപ്പെടുന്നത്. ഇത് നടപ്പിലാക്കേണ്ടതും നിരീക്ഷിക്കേണ്ടതും ഗൂഗിളിന്റെ ബാധ്യതയാണ്. ഇത്തരം ആപ്പുകളുടെ വർധന തടയണമെന്ന റിസർവ് ബാങ്ക് നിർദേശത്തിൽ കൂടുതൽ നടപടികളുമായി ഗൂഗിൾ മുന്നോട്ടുവന്നിട്ടില്ലെങ്കിലും ലഭിക്കുന്ന പരാതികളിൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ ആപ്പിനെതിരായ പരാതികളിൽ ഗൂഗിൾ നേരത്തെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പരാതികൾ പരിശോധിക്കുന്നതിൽ ഗൂഗിൾ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ടെന്ന് ചർച്ചകളിൽ നേരിട്ടു പങ്കെടുക്കുന്ന വ്യവസായ പ്രതിനിധികൾ പറയുന്നു. അംഗീകാരമുള്ള വായ്പാ അപ്ലിക്കേഷനുകൾ ഉൾപ്പെടുത്തി പട്ടിക തയാറാക്കാനുള്ള നടപടികളിലാണ് കേന്ദ്ര സർക്കാരും ആർ.ബി.ഐയും. വായ്പ തിരിച്ചുപടിക്കുന്നതിലും ജപ്തി നടപടികളിലും മൂന്നാം കക്ഷിയെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളും ആർ.ബി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. വായ്പ എടുക്കന്നവർ നേരിട്ട് ബാങ്കുമായി ഇടപാട് നടത്തുന്നതിനുള്ള ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ 95 ശതമാനം സ്മാർട്ട് ഫോണുകളും ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലായതിനാൽ  ആപ്പ് വിപണിയിൽ ഗൂഗിളിനു തന്നെയാണ് മേധാവിത്തം. 
2021-22 ൽ 220 കോടി ഡോളർ വായ്പ നൽകി ഇന്ത്യയിൽ ഡിജിറ്റൽ വായ്പാ വിപണി വളരെ വേഗത്തിലാണ് വളർന്നത്. ഇതിൽ നിയമവിരുദ്ധ മാർഗങ്ങൾ പിന്തുടരുന്ന ആപ്പുകളുടെ തോത് എത്രയാണെന്ന് വ്യക്തമല്ല. ഫേസ് ബുക്ക് വഴിയും ഗൂഗിൾ വഴിയും നൽകുന്ന പരസ്യങ്ങൾ വഴിയാണ് വായ്പാ ദാതാക്കൾ ഉപഭോക്താക്കളിലെത്തുന്നത്. ഇന്ത്യയിലെ ധനകാര്യ സേവനങ്ങൾക്കുളള പരസ്യങ്ങൾ സംബന്ധിച്ച് അടുത്ത മാസം ആദ്യം മുതൽ പുതിയ നയം നടപ്പാക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കണമെങ്കിൽ രാജ്യത്തെ അധികൃതർ പരിശോധിച്ച് അംഗീകാരം നൽകിയവ ആയിരിക്കണമെന്ന വ്യവസ്ഥയാണ് നടപ്പിലാക്കുന്നതെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ബന്ധപ്പെട്ട അധികൃതരിൽനിന്ന് ലൈസൻസ് നേടിയിട്ടുണ്ടെന്ന് പരസ്യം നൽകുന്നവർ ബോധ്യപ്പെടുത്തേണ്ടി വരും. 

 

Latest News