Sorry, you need to enable JavaScript to visit this website.

നിര്‍ബന്ധിത സൈനിക സേവനം; യുദ്ധം ഭയന്ന് രാജ്യം വിടാന്‍ റഷ്യക്കാര്‍

മോസ്‌കോ- യുദ്ധവും നിര്‍ബന്ധിത സൈനിക സേവനവും ഭയന്ന് രാജ്യം വിടാനൊരുങ്ങി റഷ്യക്കാര്‍. ജനങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് പുടിന്‍ ആവശ്യപ്പെട്ടത്. 

റഷ്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ ടിക്കറ്റ് വിലയും വര്‍ധിച്ചു. പതിനെട്ടിനും 65നും ഇടയില്‍ പ്രായമുളളവര്‍ നിര്‍ബന്ധമായും സൈനിക സേവനത്തില്‍ പങ്കാളികളാകണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇവര്‍ രാജ്യം വിടരുതെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രാജ്യം വിടാനുളള നീക്കത്തിലാണ് ജനങ്ങള്‍. ഇതോടെ 18നും 65നും ഇടയില്‍ പ്രായമുളളവര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ ടിക്കറ്റ് നല്‍കരുതെന്ന് റഷ്യന്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശിക്കുകയായിരുന്നു. 

പുതിയ സൈനിക സംഘങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മുന്‍പരിചയമുള്ളവരെയാണ് തെരഞ്ഞെടുക്കുക. റഷ്യയില്‍ ഇത്തരത്തില്‍ യോഗ്യരായ രണ്ടരക്കോടി ആളുകളുണ്ടെന്നും ഇവരില്‍ മൂന്ന് ലക്ഷം പേരെ മാത്രമാണ് അടിയന്തരമായി സേനയിലേക്ക് എടുക്കുന്നതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു അറിയിച്ചു. 

രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഇത് വെറുംവാക്കല്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിക്കുകയായിരുന്നു പുടിന്‍.

Latest News