കൊച്ചി- ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്തിന്റെ നിര്‍മ്മാണത്തില്‍ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. സി നൗഫല്‍ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റെര്‍ടൈനെര്‍ 'മൈ നെയിം ഈസ് അഴകന്‍' സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തും.
ചുമരെഴുത്തുകള്‍ സാധാരണയായി കാണാറുള്ളത് രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികളുമായി ബന്ധപ്പെട്ടോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയോ ആണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചുമരെഴുത്ത് നടത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ നാട്ടുകാര്‍ അവരുടെ നാട്ടിലെ നായകന് വേണ്ടി. ബിനു തൃക്കാക്കര നായകനാകുന്ന സിനിമ 'മൈ നെയിം ഈസ് അഴകന്‍' എന്ന ചിത്രം റിലീസിന് മുന്നോടിയായാണ് നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്. ആദ്യമായിട്ടാകും ഒരു സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഇത്തരത്തില്‍ നായകന് ആദരം നല്‍കുന്നത്.
ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി. സി നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരുപിടി കലാകാരന്മാര്‍ അണിനിരക്കുന്നുണ്ട്. ദി പ്രീസ്റ്റ്, ഭീഷ്മപര്‍വ്വം, സി. ബി. ഐ 5, കാവല്‍, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് 'മൈ നെയിം ഈസ് അഴകന്‍'. ഗോള്‍ഡ്, റോര്‍ഷാച്ച്, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങള്‍.
നിരവധി കോമഡി ഷോകളിലും സിനിമകളില്‍ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബി. കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്മാന്‍ എന്നിവരാണ്. പി. ആര്‍. ഒ: വൈശാഖ് സി. വടക്കേവീട്.