തിരുവനന്തപുരം- ഗൾഫ് രാജ്യങ്ങളിൽനിന്ന് തുടർപഠനത്തിന് കേരളത്തിലേക്ക് തിരിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് വർഷം മുടങ്ങാതെ സ്‌കൂൾ പ്രവേശനത്തിന് അവസരമൊരുക്കി സി.ബി.എസ്.ഇ പ്രവേശന ചട്ടങ്ങൾ ഇളവ് ചെയ്തു. ഫ്‌ളൈ റ്റു കേരള എന്ന പദ്ധതി പ്രകാരം ഗൾഫിൽ നിന്ന് തിരച്ചെത്തുന്ന വിദ്യാർത്ഥികൾക്് നവംബർ മാസം വരെ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കും. സി.ബി.എസ്.ഇ റീജനണൽ ഓഫീസിന്റെ മുൻകൂർ അനുമതി വാങ്ങിയാൽ നവംബറിനു ശേഷവും പ്രവേശനം അനുവദിക്കും.
സാധാരണ സി.ബി.എസ്.ഇ സകൂളുകളിൽ ഏപ്രിൽ 15നു മുമ്പ് പ്രവേശന നടപടികൾ പൂർത്തീകരിക്കണമെന്നാണ് ചട്ടം. ഇത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ മാറ്റുന്ന രക്ഷിതാക്കൾക്ക് വെല്ലുവിളിയായിരുന്നു. ഗൾഫ് സ്‌കൂളുകളിലെ അക്കാഡമിക് ഷെഡ്യൂൾ വ്യത്യസ്തമായതിനാൽ നാട്ടിലേക്ക് മാറ്റുമ്പോൾ വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാൻ സാധ്യത ഏറെയായിരുന്നു.
ഗൾഫ് സ്‌കൂളുകളിലെ വാർഷിക അവധി ജൂൺ, ജൂലൈ മാസങ്ങളിലാണ്. എന്നാൽ ഏപ്രിൽ 15 ആയിരുന്നു കേരളത്തിലെ സി.ബി.എസ്.ഇ സ്‌കൂൾ പ്രവേശനത്തിന്റെ അവസാന തീയതി. ഇതു ചൂണ്ടിക്കാട്ടി നിരവധി പ്രവാസി രക്ഷിതാക്കൾ സി.ബി.എസ്.ഇയെ സമീച്ചതിനെ തുടർന്നാണ് ഇളവ് നൽകാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സി.ബി.എസ്.ഇ ഇറക്കിയ സർക്കുലറിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ മാത്രമെ പരാമർശിക്കുന്നുള്ളൂവെങ്കിലും വിദേശത്തു നിന്ന് തിരിച്ചെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് സി.ബി.എസ്.ഇ റീജണൽ ഓഫീസ് അറിയിച്ചു.