അസമിലെ ആര്‍. എസ്. എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂദല്‍ഹി- അസമില്‍ നടക്കുന്ന ആര്‍. എസ്. എസ് പരിപാടിയില്‍ മുഖ്യാതിഥിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആര്‍. എസ്. എസിന്റെ ദേശീയ ബൗദ്ധിക സംഘടന പ്രജ്ഞാപ്രവാഹ് ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന 'ലോക്മന്ഥന്‍ 2022' എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുക. 

ആര്‍. എസ്. എസ് ദേശീയ നേതൃത്വത്തിലെ രണ്ടാമന്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയ്ക്കൊപ്പമാണ് ഗവര്‍ണര്‍ വേദി പങ്കിടുക. ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍. എസ്. എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണഘടനാ സ്ഥാനത്തിരുന്ന് ആര്‍. എസ്. എസ് നേതാവിനെ സന്ദര്‍ശിച്ചത് സി. പി. എം വിമര്‍ശിച്ചിരുന്നു. ഇതോടെ സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍. എസ്. എസ് പരിപാടിയില്‍ മുഖ്യാതിഥിയായി ഗവര്‍ണര്‍ എത്തുന്നത്. ഈ മാസം 21ന് ആരംഭിച്ച ലോക്മന്ഥന്‍ 2022 പരിപാടിയില്‍ 24ന് വൈകിട്ട് അഞ്ച് മണിക്ക് ഗവര്‍ണര്‍ പങ്കെടുക്കും. 

ദത്താത്രേയ ഹൊസബാളെയാണ് പരിപാടിയിലെ മുഖ്യപ്രഭാഷകന്‍. മലയാളിയായ ആര്‍. എസ്. എസ് നേതാവ് ജെ. നന്ദകുമാറാണ് പ്രജ്ഞാപ്രവാഹ് തലവന്‍. വിവിധ സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ മൂവായിരത്തിലേറെ പേര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags

Latest News