Sorry, you need to enable JavaScript to visit this website.

ബൈജു കൊട്ടാരക്കരക്ക് സിനിമ സമരവും ജീവിതവും

ബൈജു കൊട്ടാരക്കര
ബൈജു കൊട്ടാരക്കര, സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ജിദ്ദ ബലദിലെ  ഹെറിറ്റേജ് സിറ്റിയിൽ

സിനിമയ്ക്കകത്തും പുറത്തും അനീതി കണ്ടാൽ എതിർശബ്ദമുയർത്തുന്ന, സംവിധാനകലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബൈജു കൊട്ടാരക്കര ജിദ്ദയിലുണ്ട്. മലയാളത്തിലെ വലിയൊരു താരനിരയുമായി അദ്ദേഹം അടുത്ത നവംബറിൽ സൗദിയിലെത്തുന്നു. മലയാളം ന്യൂസുമായി ബൈജു തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു.  

ബൈജു കൊട്ടാരക്കരക്ക് ആമുഖമാവശ്യമില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചാനൽ ഫ്‌ളോറുകളിൽ കത്തിപ്പടരാറുള്ള നെടുങ്കൻ ചർച്ചകൾക്ക് ചൂടും ചൂരും പകരുന്ന ബൈജു. ദിലീപിനു വേണ്ടി വാദിക്കുന്നവരത്രയും പെയിഡ് പാനലിസ്റ്റുകളാണെന്ന് വിളിച്ചുപറയുന്ന ബൈജു. രാഹുൽ ഈശ്വറിനേയും സജി നന്ത്യാട്ടിനെയും പോലുള്ളവരെ നിർദയം പിടിച്ചുകുടയുന്ന ബൈജു. സ്വന്തം കാര്യം നോക്കുന്ന മെഗാ താരങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങളിെല ഇടപെടലുകളിലെ നിലപാടില്ലായ്മയെ വിമർശിക്കുന്ന ബൈജു. പലപ്പോഴും വിവാദങ്ങളുടെ സഹയാത്രികനായി മാറുകയും പലരുടേയും അപ്രീതിക്ക് പാത്രമാവുകയും ചെയ്യുന്ന സിനിമാ സംവിധായകനും സിനിമാ സംഘാടകനുമായ ബൈജു. 
നടിയെ ആക്രമിച്ച കേസിൽ സത്യത്തിന്റെ മുഖം അധികകാലം മൂടിവെക്കാനാവില്ലെന്നും ഒരു നാൾ കുറ്റവാളി കുടുങ്ങുക തന്നെ ചെയ്യുമെന്നും ഉറച്ചു വിശ്വസിക്കുന്നു ബൈജു. നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും മുമ്പിൽ കാണുന്ന അപരാധങ്ങളോട് മുഖം തിരിഞ്ഞിരിക്കാനാവില്ലെന്നും കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ ബൈജു കൊട്ടാരക്കര മലയാളം ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഫഌവേഴ്‌സ് ചാനലിന്റെ മെഗാ പരിപാടിയുമായി ബന്ധപ്പെട്ട് ഇതാദ്യമായി സൗദി അറേബ്യയിൽ പര്യടനം നടത്തുന്ന ബൈജുവിനോടൊപ്പം 24 ചാനലിന്റേയും ഫഌവേഴ്‌സ് ചാനലിന്റേയും ന്യൂസ് ആന്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണനുമുണ്ട്. 
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി മാത്രമല്ല, ജീവിതക്ലേശങ്ങളിൽ കുരുങ്ങി ഭാവി ഇരുൾ മൂടിയ മലയാള സിനിമയിലെ അരികുവൽക്കരിക്കപ്പെട്ട നടീനടന്മാർക്കു വേണ്ടിയും സാങ്കേതിക പ്രവർത്തകർക്കു വേണ്ടിയും ശബ്ദമുയർത്തുന്ന ഒരു ട്രേഡ് യൂനിയൻ നേതാവിനേയും ബൈജുവിൽ കാണാനാവും. ഇടത് വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കൊല്ലം ജില്ലയിൽ നിന്ന് കമ്യൂണിസ്റ്റ് രാഷ്ട്രീയം പയറ്റിയാണ് ബൈജു പൊതുരംഗത്തിറങ്ങിയത്. സി.പി.ഐ സംസ്ഥാന കൗൺസിലംഗമായിരുന്ന ബൈജു പക്ഷേ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പലയിടത്തും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തി, വേദികളിൽ വാചാലമായി പ്രസംഗിച്ചു. 
ചാനൽമുറികളിൽ ഘോരഘോരം വചനപ്രഘോഷണം നടത്തുന്ന അതേ ആവേശത്തോടെ ചലച്ചിത്രരംഗത്തെ അഹന്തയുള്ളവരെ അടിച്ചമർത്താനും ബൈജു മുൻപന്തിയിലുണ്ട്. അതുകൊണ്ടു തന്നെ ഈ രംഗത്ത് നിരവധി ശത്രുക്കളുമുണ്ട്. ഒപ്പം നടന്നവർ പലരും വഴി പിരിഞ്ഞുപോയി. അതിൽ ഖേദമൊന്നുമില്ല.
ജേണലിസത്തിൽ പരിചയസമ്പത്തുള്ള ബൈജു, ശ്രീലങ്കയിലെ രാഷ്ട്രീയ 
അട്ടിമറിയും ഭരണമാറ്റവും നേരിട്ടു റിപ്പോർട്ട് ചെയ്ത് പലരേയും അമ്പരപ്പിച്ചു. ലങ്കൻ കൊട്ടാരമുറ്റത്ത് നിന്നുള്ള ബൈജുവിന്റെ ലൈവ് 24 ചാനലിന്റെ എക്‌സ്‌ക്ലൂസിവായി. ബൈജു, കേവലമൊരു സിനിമാക്കാരനല്ലെന്ന് ആ വാർത്തകൾ ശ്രദ്ധിച്ചവർക്ക് മനസ്സിലായിട്ടുണ്ടാകും. ആറു വർഷം അമേരിക്കയിൽ മാധ്യമപ്രവർത്തനവുമായി കഴിഞ്ഞ സംഭവബഹുലമായ ഭൂതകാലവും ബൈജുവിനുണ്ട്. ബി.ബി.സിയുടെ ചാനൽ ഫോറിൽ റിപ്പോർട്ടറായി ജോലി ചെയ്ത കാലത്താണ് ഫ്‌ളോറിഡയിലെ വിൽമാ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വാർത്ത സംഭവസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്തത്. ബി.ബി.സിയുടെ സാങ്കേതിക വിഭാഗത്തിലാണ് ജോലിക്ക് കയറിയതെങ്കിലും പലപ്പോഴും ദൃശ്യങ്ങൾ കവർന്നെടുക്കാനും അവ തൽസമയം റിപ്പോർട്ട് ചെയ്യാനും സാധിച്ചിട്ടുണ്ട്. 
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ പഠിക്കുമ്പോൾ ചില റേഡിയോ നാടകങ്ങളിലൂടെയാണ് ബൈജു അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ആകാശവാണിയിലുണ്ടായിരുന്ന, പിന്നീട് പ്രമുഖ മാധ്യമസാരഥിയായി മാറിയ, നാട്ടുകാരൻ കൂടിയായ ആർ. ശ്രീകണ്ഠൻ നായരാണ് ബൈജുവിലെ കലാകരനെ കണ്ടെത്തിയതും പ്രോൽസാഹിപ്പിച്ചതും. പ്രഭാതഭേരി, മനോരഞ്ജിനി തുടങ്ങിയ റേഡിയോ പരിപാടികളിൽ കേട്ടുപരിചയിച്ച ബൈജുവിന്റെ മുഴക്കമുള്ള ശബ്ദം ശ്രദ്ധയിൽപെട്ട പി. പദ്മരാജൻ, സീസൺ എന്ന സിനിമയിലേക്ക് ക്ഷണിച്ചു. കലയോടുള്ള അഭിനിവേശം മൂത്ത് പഠനം മുടങ്ങിയിരുന്നു. പത്തൊമ്പതാം വയസ്സിൽ സിനിമയുടെ പിറകെ കൂടി. സീസൺ എന്ന സിനിമയിൽ ഗാവൻ എന്ന വിദേശനടന് ശബ്ദം കൊടുത്തത് ബൈജുവായിരുന്നു. ദൂരദർശനിലെ കാലപുരിയിലേക്കൊരു വി.ഐ.പി എന്ന ടി.വി സിനിമയിലൂടെ ബൈജു പ്രേക്ഷകർക്ക് പരിചിതനായി. തുടർന്ന് കെ.ജി. ജോർജിന്റേതുൾപ്പെടെ
120 സിനിമകൾ ഡബ്ബ് ചെയ്തു. ശ്രീകണ്ഠൻ നായരോടൊപ്പം 'നമ്മൾ തമ്മിൽ' എന്ന പ്രസിദ്ധമായ ടോക്‌ഷോ, ദൂരദർശനിൽ 13 എപ്പിസോഡുകൾ ചെയ്തു. ഏഷ്യാനെറ്റിലാണ് പിന്നീട് ഈ ഷോ സംപ്രേഷണം ചെയ്തത്. എണ്ണൂറോളം എപ്പിസോഡുകൾ ചെയ്തു. കേരളത്തിലെ കറുത്ത രാത്രികൾ എന്ന പേരിൽ ഞെട്ടിക്കുന്ന കുറേ അധോലോക കഥകൾ ഏഷ്യാനെറ്റിലൂടെ ലോകത്തെ അറിയിച്ചതിനു പിന്നിലും ബൈജുവിന്റെ ക്യാമറയും മസ്തിഷ്‌കവുമുണ്ടായിരുന്നു. ജപ്പാൻകിടക്ക എന്ന പേരിൽ വലിയ പരസ്യം നൽകി വന്ന കാന്തശക്തിയുള്ള ബെഡ്ഡുകളുടെ പൊള്ളത്തരം വാർത്തയാക്കിയതിന്റെ പേരിൽ പല ഭീഷണികളും നേരിട്ടു. ഇതിനിടെ അമേരിക്കയിലേക്ക് പോയ ബൈജു ആറുകൊല്ലം ന്യൂയോർക്കിലും ഫ്‌ളോറിഡയിലും കാലിഫോർണിയയിലുമായി വാർത്തകളുടേയും സിനിമയുടേയും ലോകത്ത് തന്നെയാണ് ജീവിച്ചത്. മനോരമ ചാനലിലെ സമദൂരം, സൂര്യാ ടി.വിയിലെ ശ്രീകണ്ഠൻ നായർ ഷോ എന്നിവയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തത് ബൈജുവായിരുന്നു.
ഇതിനിടെ സിനിമാരംഗത്തും സജീവമായിരുന്നു. ജയിംസ് ബോണ്ട്, കമ്പോളം, കുറ്റപത്രം, ബോക്‌സർ, കൂടറിയാതെ, കലാപം, വംശം തുടങ്ങി പതിനെട്ട് സിനിമകൾ സംവിധാനം ചെയ്തു. പലതും ഹിറ്റായി. ഇതിനിടെ സിനിമാ രംഗത്തെ സാങ്കേതിക ജോലിക്കാർക്കായി സംഘടനയും രൂപീകരിച്ചു. അവശതയനുഭവിക്കുന്ന പല സാങ്കേതിക ജോലിക്കാർക്കും നടീനടന്മാർക്കും മാക്ടയുടെ സഹായഹസ്തം തുണയായി. സംവിധായകൻ വിനയനോടൊപ്പം ചേർന്ന് മാക്ട ഫെഡറേഷൻ നിലവിൽ വന്നപ്പോൾ പത്ത് വർഷം സംഘടനയെ നയിച്ചത് ബൈജുവായിരുന്നു. ഐ.വി ശശിക്കും മറ്റും ഒപ്പം പ്രവർത്തിച്ച ഒരു ടെക്‌നീഷ്യൻ ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയിൽ കിടന്നപ്പോൾ ചികിൽസാ സഹായത്തിന് വഴിയില്ലാതെ കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് കൂട്ടായ്മയുടെ ആവശ്യം ആദ്യമായി ബോധ്യമായത്. അന്ന് നടന്മാർ അദ്ദേഹത്തെ നിർദയം കൈയൊഴിയുകയായിരുന്നു. ഈ നിലപാടിനെതിരെ ബൈജു പൊട്ടിത്തെറിച്ചു. 
മലയാളം സിനിമാ ടെക്‌നീഷ്യൻസ് ഫെഡറേഷൻ (മാക്ട), പിൽക്കാലത്ത് സിനിമാ പിന്നണി പ്രവർത്തകരുടെ അവകാശസംരക്ഷണത്തിന്റെ മുൻനിര പ്രസ്ഥാനമായി മാറി. നിരവധി വർഷം മാക്ടയുടെ അമരക്കാരൻ ബൈജുവായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിന്റെ കേരള പ്രതിനിധി കൂടിയാണ് ബൈജുവിപ്പോൾ. പുതിയ സിനിമയുടെ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. 
നവംബറിൽ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ ഫഌവേഴ്‌സ് ചാനലിന്റെ മെഗാപ്രോഗ്രാമുകളിൽ കേരളത്തിലെ പ്രസിദ്ധരായ ഒരു ഡസനോളം നടീനടന്മാർ പങ്കെടുക്കുമെന്നും ബൈജു വ്യക്തമാക്കി. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങളാരംഭിച്ചു. 
പ്രമുഖ സിനിമാ - ടി.വി താരം സോണിയയാണ് ബൈജുവിന്റെ ജീവിതസഖി. മക്കളായ ബോണിയും എയ്ഞ്ചലയും കാനഡയിലെ വാൻകൂവറിലാണ്. 

Latest News