തിരുവനന്തപുരം- ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനിലെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമാണ്. സംസ്ഥാന സര്‍ക്കാരിനോടുള്ള അഭിപ്രായ വ്യത്യാസം അറിയിക്കാന്‍ നിയതമായ രീതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ രാഷ്ട്രീയ സംഘടനകളില്‍നിന്ന് അകലം പാലിക്കണം. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് താന്‍ ആര്‍.എസ്.എസുകാരനാണെന്ന് അദ്ദേഹം ഊറ്റംകൊള്ളുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാധാരണ നിന്ന് പറയുന്നത് ഗവര്‍ണര്‍ ഇരുന്ന് പറയുകയാണുണ്ടായത്. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യനിലപാടെടുക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയേണ്ടി വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഭരണഘടനയാണ് പ്രധാനം. ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാത്തലവന്‍. പക്ഷെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കണം. ഇത് സംബന്ധിച്ച് നിരവധി സുപ്രീംകോടതി വിധികളുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രശംസയും സ്നേഹവും നല്‍കുന്നത് ആര്‍.എസ്.എസിനാണ്. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇങ്ങനെ പറയാന്‍ പറ്റുമോ. ഗവര്‍ണര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നത് ആര്‍.എസ്.എസ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
2019-ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലുണ്ടായ സംഭവമാണ് ഇപ്പോഴും ഗവര്‍ണര്‍ വൈകാരികമായി പറയുന്നത്. സി.എ.എ. വിഷയത്തെ അനുകൂലിച്ച് ഗവര്‍ണര്‍ സംസാരിച്ചപ്പോഴാണ് അക്കാദമിക സമൂഹത്തില്‍നിന്ന് പ്രതികരണമുണ്ടായത്. ലോകം ആദരിക്കുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ചു, കണ്ണൂര്‍ വി.സിയെ ആവര്‍ത്തിച്ച് ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചു. ആര്‍.എസ്.എസിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നവരാണ് രണ്ടുപേരും. ഇതാണ് ഇവര്‍ക്കെതിരേയുള്ള ആവര്‍ത്തിച്ചുള്ള പ്രതിഷേധത്തിന് ഗവര്‍ണറെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.