Sorry, you need to enable JavaScript to visit this website.

ചരിത്ര സ്മരണയുണർത്തി  ചെന്നൈ എഗ്മൂറിലെ ട്രെയിൻ 

എഗ്മൂറിൽ നിന്ന് സർവീസ് നടത്തിയ പൈതൃക എൻജിൻ. 

ഇന്ത്യൻ റെയിൽവേ കാത്തുസൂക്ഷിക്കുന്ന 167 വർഷം പഴക്കമുള്ള നീരാവി എൻജിൻ ചെന്നൈ എഗ്മൂറിൽ നിന്ന് സർവീസ് നടത്തി. 
ഇന്ത്യയിലെ തീവണ്ടികളുടെ മുതുമുത്തച്ഛനായ ഈ നീരാവി എൻജിൻ വീണ്ടും പൈതൃക ഓട്ടം നടത്തുകയായിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവ് എൻജിൻ ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് ചെന്നൈ എഗ്‌മോറിൽ നിന്ന് ഓടിയത്. ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം), ചെന്നൈ ഇത് ട്വീറ്റ് ചെയ്തു. നീരാവി എൻജിന്റെ വിസിൽ കണ്ടു നിന്നവരെ പഴയ കാലഘട്ടത്തിന്റെ  ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. 2010 ഓഗസ്റ്റ് 15 നാണ് ആദ്യമായി ഈ എൻജിൻ ഹെറിറ്റേജ് റൺ നടത്തിയത്.  
ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആവഡി വരെ രണ്ട് കോച്ചുകളോടെയായിരുന്നു ആദ്യ ഹെറിറ്റേജ് റൺ. 
ചരിത്ര പ്രാധാന്യമുള്ള എക്‌സ്പ്രസ് 21 ലോക്കോമോട്ടീവ് എൻജിൻ 1855 ലാണ് ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 1909 ലാണ് ഈ എൻജിൻ സർവീസ് അവസാനിപ്പിക്കുന്നത്. ശേഷം 101 വർഷത്തോളം ബിഹാറിലെ ജമാൽപൂർ വർക്ക് ഷോപ്പുകളിൽ ഇത് ഒരു പ്രദർശന വസ്തുവായി സൂക്ഷിച്ചിരുന്നു. 2010 ൽ പെരമ്പൂർ ലോക്കോ വർക്ക്‌സ് എൻജിൻ പുനരുജ്ജീവിപ്പിച്ചു. ഇതിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും മെക്കാനിക്കൽ ഹാൻഡ് ബ്രേക്കും ട്വിൻ എയർ ബ്രേക്കുമുണ്ട്. ബ്രേക്കിംഗ് സിസ്റ്റം, വാട്ടർ പമ്പ്, ട്രെയിൻ ലൈറ്റിംഗ് എന്നിവ കോച്ചിൽ ഘടിപ്പിച്ചിരിക്കുന്ന ഡീസൽ ജനറേറ്റർ ഉപയോഗിച്ചാണ് ഈ എൻജിൻ പ്രവർത്തിക്കുന്നത്.

 

 

Latest News