കുവൈത്ത് സിറ്റി - ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കുവൈത്തും ഫിലിപ്പൈന്‍സും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പുതിയ തലത്തിലേക്ക്. കുവൈത്തിലെ ഫിലിപ്പൈന്‍സ് അംബാസഡറോട് ഒരാഴ്ചക്കകം രാജ്യം വിടുന്നതിന് കുവൈത്ത് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. മനിലയിലെ തങ്ങളുടെ അംബാസഡറെ കുവൈത്ത് തിരിച്ചുവിളിച്ചിട്ടുമുണ്ട്. കുവൈത്തിലെ ഫിലിപ്പൈന്‍സ് അംബാസഡറെ അനഭിമതനായി വിദേശ മന്ത്രാലയം പ്രഖ്യാപിച്ചു. നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമായ ഗുരുതരമായ നിയമ ലംഘനങ്ങള്‍ കുവൈത്തിലെ ഫിലിപ്പൈന്‍സ് എംബസി നടത്തിയതിനെ വിദേശ മന്ത്രാലയം അപലപിച്ചു. കുവൈത്തിലെ നിയമങ്ങളെയും അന്താരാഷ്ട്ര ചാര്‍ട്ടറുകളെയും വെല്ലുവിളിച്ച് കുവൈത്തിലെ ഫിലിപ്പിനോ വേലക്കാരികളെ എംബസി ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേര്‍ന്ന് തൊഴിലുടമകളുടെ വീട്ടില്‍ നിന്ന് കടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം പറഞ്ഞു. ഇത് കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലാണ്. സുരക്ഷാ വകുപ്പുകളുടെ അധികാര പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങളാണ് ഫിലിപ്പൈന്‍സ് എംബസി ഉദ്യോഗസ്ഥരും സഹായികളും നടത്തിയത്. നയതന്ത്ര ബന്ധങ്ങള്‍ ക്രമീകരിക്കുന്ന 1961 ജനീവ കരാറിന്റെ നഗ്നമായ ലംഘനമാണിത്.
ഫിലിപ്പിനോ വേലക്കാരികളെ രക്ഷിക്കുന്നതിന് കുവൈത്തിലെ ഫിലിപ്പൈന്‍സ് എംബസിയിലേക്ക് ഏഴു സംഘങ്ങളെ ഫിലിപ്പൈന്‍സ് വിദേശ മന്ത്രാലയം അയച്ചു എന്ന ഫിലിപ്പൈന്‍സ് അധികൃതരുടെ പ്രസ്താവനകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഈ പശ്ചാത്തലത്തില്‍ കുവൈത്തിലെ ഫിലിപ്പൈന്‍സ് അംബാസഡറെ രണ്ടു തവണ വിളിച്ചുവരുത്തി വിദേശ മന്ത്രാലയം രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു. ഫിലിപ്പിനോ വേലക്കാരികളെ തൊഴിലിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ മൂന്നു ദിവസത്തിനകം കൈമാറണമെന്നും ഇതോടൊപ്പം അംബാസഡറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഫിലിപ്പൈന്‍സ് എംബസി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പരമാധികാരവും നിയമങ്ങളും ദേശീയ സുരക്ഷയും ലംഘിച്ചവരെ കണ്ടെത്തി പിടികൂടി നയതന്ത്ര നിയമങ്ങള്‍ക്ക് അനുസൃതമായി വിചാരണ ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകള്‍ ശ്രമം തുടരും. ഇപ്പോള്‍ രൂപപ്പെട്ട പ്രശ്‌നത്തിന് നിഷേധാത്മകമായ മാധ്യമ കോലാഹങ്ങളില്‍ നിന്ന് അകന്ന് വിവേകത്തോടെ പരിഹാരം കാണുകയാണ് വേണ്ടതെന്നും കുവൈത്ത് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ഫിലിപ്പൈന്‍സിനെ ഉണര്‍ത്തി.






