സഹാറന്‍പൂര്‍- ഉത്തര്‍പ്രദേശില്‍ സ്പോര്‍ട്സ് കോംപ്ലക്സിന്റെ ടോയ്ലറ്റില് സൂക്ഷിച്ച ഭക്ഷണം കബഡി കളിക്കാര്‍ക്ക് വിളമ്പിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സഹറന്‍പൂരിലെ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു.
കായിക അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാളാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എ.ഡി.എം രജനീഷ് കുമാര്‍ മിശ്രയെ ചുമതലപ്പെടുത്തിയിരുന്നു.
സ്ഥലപരിമിതി കാരണം ടോയ്ലറ്റില് സൂക്ഷിച്ച പാതി വേവിച്ച ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് കബഡി താരങ്ങള്‍ പറയുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ സ്പോര്‍ട്സ് ഡയറക്ടറേറ്റ് ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ദിവസത്തെ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ കബഡി മത്സരത്തിന്റെ ആദ്യ ദിവസമായ സെപ്റ്റംബര്‍ 16 ന് കളിക്കാര്‍ക്ക് ഉച്ചഭക്ഷണത്തിന് പാതി വേവിച്ച ചോറ് വിതരണം ചെയ്തു. കളിക്കാര്‍ വെന്തില്ലെന്ന് പറഞ്ഞപ്പോള്‍ പാചകക്കാരന് പാത്രം ടോയ്ലെറ്റിലേക്ക് എടുത്തു കൊണ്ടുപോയി. ഇതേ തുടര്‍ന്ന് പല കളിക്കാര്‍ക്കും ഉച്ചഭക്ഷണത്തിന് പച്ചക്കറികളും സാലഡുകളും മാത്രം കഴിക്കേണ്ടിവന്നു.