ജിദ്ദ - ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ, ഉത്തര ജിദ്ദയിലെ അബ്ഹുർ പാലം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനിനെ കുറിച്ച് പഠിക്കുന്നതിനുള്ള കൺസൾട്ടൻസി കരാറിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും ജിദ്ദ പൊതുഗതാഗത പദ്ധതി സൂപ്പർവൈസിംഗ് കമ്മിറ്റി പ്രസിഡന്റുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഒപ്പുവെച്ചു. ഗൾഫ് ഇന്റർനാഷണൽ ബാങ്ക് കാപ്പിറ്റലുമായാണ് കരാർ ഒപ്പുവെച്ചത്. 1.9 കോടി റിയാലാണ് കരാർ തുക.
മൂന്നു ഘട്ടങ്ങൾ അടങ്ങിയതാണ് കരാറെന്ന് ജിദ്ദ പൊതുഗതാഗത പദ്ധതി പ്രിപ്പറേറ്ററി കമ്മിറ്റി പ്രസിഡന്റും ജിദ്ദ മേയറുമായ ഡോ. ഹാനി അബൂറാസ് പറഞ്ഞു. പദ്ധതിയുടെ സാമ്പത്തിക, ധന സാധ്യതാ പഠനവും സ്വകാര്യ മേഖലയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം നിർദേശിക്കലും ആദ്യ ഘട്ടത്തിൽ പെടുന്നു.
രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന കമ്പനികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും പദ്ധതി നിക്ഷേപകർക്കു മുന്നിൽ വിപണനം നടത്തുന്നതിനുള്ള തന്ത്രവും തയാറാക്കുകയും യോഗ്യത കൽപിച്ച കൺസോർഷ്യങ്ങളെ അംഗീകരിക്കുന്നതിന് ശുപാർശ സമർപ്പിക്കുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ പദ്ധതി കരാർ തയാറാക്കുകയും കമ്പനികളിൽ നിന്നും കൺസോർഷ്യങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുകയും ടെണ്ടറുകൾ സാങ്കേതിക, ധന മൂല്യനിർണയങ്ങൾ നടത്തി ഏറ്റവും മികച്ച ടെണ്ടർ തെരഞ്ഞെടുക്കുകയും ചെയ്യും. കരാറിന്റെ മുഴുവൻ ഘട്ടങ്ങളും 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മേയർ പറഞ്ഞു.






